ബിഹാറിൽ എന്ത് സംഭവിക്കും, എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ച് നിതീഷ് കുമാർ; അമിത് ഷായും കളത്തിൽ

By Web TeamFirst Published Jan 26, 2024, 8:29 PM IST
Highlights

ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ബി എൽ സന്തോഷ് എന്നീ നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തിയിട്ടുണ്ട്

ദില്ലി: ബിഹാർ രാഷ്ട്രീയത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. മുഖ്യമന്ത്രി നിതീഷ് കുമാറും ജെ ഡി യുവും 'ഇന്ത്യ' സഖ്യം വിട്ട് എൻ ഡി എയിലേക്ക് മടങ്ങിപോകുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് രാജ്യശ്രദ്ധ ബിഹാറിലേക്ക് നീങ്ങിയത്. അതിനിടെ 'ഇന്ത്യ' സഖ്യം ജെ ഡി യു ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയതോടെ ഫൈനൽ ലാപ്പിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഏവരും. അതിനിടെ ബിഹാറിലെ സ്ഥിതികഗതികൾ നിരീക്ഷിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാമെന്ന നിലയിലാണ് കാര്യങ്ങൾ. ബിഹാറിലെ നിലവിലെ സാഹചര്യം അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ബി എൽ സന്തോഷ് എന്നീ നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തിയിട്ടുണ്ട്.

ബിജെപിക്കൊപ്പമില്ലെന്ന് ജെഡിയു, വാതിൽ അടക്കില്ലെന്ന് സുശീൽ മോദി; 2 ദിവസം ബിജെപി ദേശീയ നിർവാഹക സമിതി ബിഹാറിൽ

Latest Videos

അതിനിടെ നിതീഷ് കുമാറും സസ്പെൻസ് തുടരുകയാണ്. മുന്നണി മാറിയേക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിരിക്കെ നിതീഷ് കുമാർ ജെ ഡി യു പാർട്ടിയുടെ നിർണായക യോഗം വളിക്കുകയും ചെയ്തു. പാ‍ർട്ടി എം എൽ എ മാരുടെയും എം പിമാരുടെയും യോഗമാണ് നിതീഷ് കുമാർ വിളിച്ചിരിക്കുന്നത്. മറ്റന്നാൾ എം എൽ എ മാരുടെയും എം പിമാരുടെയും യോഗം ചേരുമെന്ന് ജെ ഡി യു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റന്നാൾ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാ‍ർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹസഖ്യം വിട്ട് എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

click me!