രാജസ്ഥാനിൽ പുതിയ മുഖം: ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയാകും, വസുന്ധര രാജെയെ അനുനയിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം

By Web TeamFirst Published Dec 12, 2023, 4:34 PM IST
Highlights

വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു

ജയ്‌പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനിൽ ഭജൻലാൽ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജൻലാലിന്റെ പേര് പ്രഖ്യാപിച്ചത്.

സംഗനേർ മണ്ഡലത്തിലെ എംഎൽഎയായ ഭജൻലാൽ ശർമ്മ ബ്രാഹ്മണ സമുദായാംഗമാണ്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു ഇദ്ദേഹം. ദീർഘകാലം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജകുടുംബാംഗം ദിയാകുമാരി ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രേംചന്ദ് ബൈഡ്‌വയും ഉപമുഖ്യമന്ത്രിയാകും.

Latest Videos

തെരഞ്ഞെടുപ്പിൽ ജയിച്ച മൂന്ന് സംസ്ഥാനത്തും ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിഷ്ണു ദേവ് സായ് ആണ് ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയായത്. മധ്യപ്രദേശിൽ മുൻ മന്ത്രിയും ഉജ്ജെയിൻ എംഎൽഎയുമായ മോഹൻ യാദവിനെയാണ് മുഖ്യമന്ത്രിയാക്കിയത്. മധ്യപ്രദേശിൽ 18 വര്‍ഷത്തിലേറെ മുഖ്യമന്ത്രിയായിരുന്ന, വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ അവസാന നിമിഷം വരെ കരുക്കൾ നീക്കിയിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇവിടെയും നിർണായകമായി. രോഷം മറികടക്കാനാണ്  ഒബിസി വിഭാഗത്തിൽ നിന്ന് പുതുമുഖത്തെ കൊണ്ടുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ്

click me!