കേദാർനാഥിന്‍റെ പേരിൽ മറ്റൊരു ക്ഷേത്രം ശരിയല്ല ,ദില്ലിയിലെ ക്ഷേത്രത്തിന് മറ്റൊരു പേരിടണമെന്ന് സത്യേന്ദ്ര ദാസ്

By Web Team  |  First Published Jul 16, 2024, 11:44 AM IST

 കേദാർനാഥ് ക്ഷേത്രത്തിന്റെ മാതൃക ദില്ലിയിൽ നിർമ്മിക്കുന്നതിനെ എതിർത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്


ദില്ലി:  കേദാർനാഥ് ക്ഷേത്രത്തിന്‍റെ  മാതൃക ദില്ലിയിൽ നിർമ്മിക്കുന്നതിനെ എതിർത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്.കേദാർനാഥ് ക്ഷേത്രത്തിന്‍റെ  പേരിൽ മറ്റൊരു ക്ഷേത്രം നിർമ്മിക്കുന്നത് ശരിയല്ല.ഒരു ക്ഷേത്രത്തിന്‍റെ  പതിപ്പ്കൊണ്ട് ജനങ്ങൾക്ക് ​ഗുണം കിട്ടില്ല.ദില്ലിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് മറ്റൊരു പേരിടണം എന്നും സത്യേന്ദ്ര ദാസ്
പറഞ്ഞു. ദില്ലിയിൽ കേദാർനാഥ് മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനെ ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും ഇന്നലെ എതിർത്തിരുന്നു.

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായി എന്ന  ഗുരുതര ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഇത് അഴിമതിയാണെന്നും , ഇത് വരെ ഒരു അന്വേഷണവും നടപടിയും സര്ക്കാർ എടുത്തില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി മഹാരാഷ്ട്രയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്നും ശങ്കരാചാര്യർ ചോദിച്ചു. ദില്ലിയിൽ കേദാർനാഥ്ൻ്റെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാർനാഥ് ക്ഷേത്രത്തിൻ്റെ പ്രാധാന്യവും മഹത്വവും ഇടിയ്ക്കാൻ  ഇത് കാരണമാകും എന്നും ശങ്കരാചാര്യർ പറഞ്ഞു. നേരത്തെ അയോധ്യയിൽ നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠ നടത്തിയതിന് എതിരെയും  ഈ ശങ്കരാചാര്യർ വിമർശനം ഉന്നയിച്ചിരുന്നു. മുകേഷ് അംബാനിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയെ നരേന്ദ്ര മോദി നമസ്‌കരിച്ചിരുന്നു. 

Latest Videos

click me!