'ക്ഷേത്രം പൊളിച്ചാണ് ഔറം​ഗസീബ് പള്ളി നിർമിച്ചത്'; കൃഷ്ണ ജന്മഭൂമി-ഷാദി ഈദ്​ഗാഹ് വിഷയത്തിൽ എഎസ്ഐയുടെ മറുപടി

By Web TeamFirst Published Feb 7, 2024, 12:23 AM IST
Highlights

ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ അജയ് പ്രതാപ് സിംഗ് എന്നയാളാണ് വിവാരാവകാശ പ്രകാരം ചോദ്യങ്ങൾ ചോദിച്ചത്.

ദില്ലി: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക്   മറുപടി നൽകി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). മുഗൾ ഭരണാധികാരി ഔറംഗസീബ് കേശവദേവ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് എഎസ്ഐ മറുപടിയായി വെളിപ്പെടുത്തി. കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിൻ്റെ ഭാഗമായിരുന്നു ക്ഷേത്രമെന്നും മറുപടി നൽകി. മുമ്പ് കേശവദേവിൻ്റെ ക്ഷേത്രം നിലനിന്നിരുന്ന കത്ര കുന്നിൻ്റെ ഭാഗങ്ങൾ നസുൽ കുടിയാന്മാരുടെ കൈവശമായിരുന്നില്ല. ഈ ഭാ​ഗങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലമാണ് ഔറംഗസീബ് പള്ളിക്ക് വേണ്ടി ഉപയോഗിച്ചതെന്നും മറുപടിയിൽ പറയുന്നു. എഎസ്ഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  

ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ അജയ് പ്രതാപ് സിംഗ് എന്നയാളാണ് വിവാരാവകാശ പ്രകാരം ചോദ്യങ്ങൾ ചോദിച്ചത്. എഎസ്ഐയുടെ ആഗ്ര സർക്കിൾ സൂപ്രണ്ടാണ് മറുപടി നൽകിയത്. കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കത്തിൽ ഈ കണ്ടെത്തൽ നിർണായകമാകുമെന്നും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വിവരാവകാശ മറുപടി ഉപയോഗിക്കുമെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡൻ്റ് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

Latest Videos

ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, 1670 ൽ ഔറംഗസേബ് ക്ഷേത്രം പൊളിക്കാൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി ഞങ്ങളുടെ ഹർജിയിൽ പരാമർശിച്ചിരുന്നു. തുടർന്നാണ് അവിടെ ഷാഹി ഈദ്ഗാ മസ്ജിദ് നിർമിച്ചത്. ഇപ്പോൾ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി എഎസ്ഐ വിവരങ്ങൾ സാക്ഷ്യപ്പെടുത്തി. ഫെബ്രുവരി 22 ന് വാദം കേൾക്കുമ്പോൾ എഎസ്ഐ മറുപടി ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

1670-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് നിലവിലുള്ള ക്ഷേത്രം തകർത്ത് പള്ളി പണിതതാണെന്നാണ് ഹിന്ദു ​ഗ്രൂപ്പുകൾ വാദിക്കുന്നത്. മഥുരയിലെ ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലമാണ് ഈ സ്ഥലമെന്ന് അവർ അവകാശപ്പെടുന്നു.

click me!