കെജ്‍രിവാളിനെ 'തീവ്രവാദി'യെന്ന് വിളിച്ച് ബിജെപി എംപി; തെര.കമ്മീഷന്‍റെ നടപടിക്ക് ശേഷവും പര്‍വേശ് വെര്‍മയുടെ വിദ്വേഷപ്രസംഗം

By Web TeamFirst Published Jan 30, 2020, 12:55 PM IST
Highlights

പാക്കിസ്ഥാനിലെ തീവ്രവാദികളുമായി കശ്മീരില്‍ യുദ്ധം ചെയ്യുന്നതുപോലെയാണ് കെജ്‍രിവാളിനെപോലുള്ള തീവ്രവാദികളോടുള്ള യുദ്ധമെന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍

ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കല്ലുകടിയായി നേതാക്കളുടെ വിദ്വേഷപ്രസംഗം തുടരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുകളെ മുഖവിലയ്ക്കെടുക്കാതെ ബിജെപി എംപി പർവേശ് വർമ വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പര്‍വേശ് ഇക്കുറി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെയാണ് പ്രകോപനം നടത്തിയിരിക്കുന്നത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ തീവ്രവാദിയാണെന്നാണ് ബിജെപി എംപി വിളിച്ചുപറയുന്നത്. പടിഞ്ഞാറന്‍ ദില്ലിയിലെ പ്രചാരണ യോഗത്തിലായിരുന്നു പര്‍വേശിന്‍റെ വിദ്വേഷ പ്രസംഗം. പാക്കിസ്ഥാനിലെ തീവ്രവാദികളുമായി കശ്മീരില്‍ യുദ്ധം ചെയ്യുന്നതുപോലെയാണ് കെജ്‍രിവാളിനെപോലുള്ള തീവ്രവാദികളോടുള്ള യുദ്ധമെന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍. കെജ്‍രിവാള്‍ ഷഹീന്‍ ബാഗിലേക്ക് ഒരിക്കല്‍ കൂടി വന്നാല്‍ ജനങ്ങള്‍ തെരുവിലൂടെ നടത്തിക്കുമെന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് 1990 ല്‍ കശ്മീരില്‍ സംഭവിച്ചതിന് സമാനമായ അവസ്ഥയാകുമതെന്നും പര്‍വേശ് പ്രസംഗിച്ചു.

Latest Videos

രാജ്യത്തിന് വേണ്ടി രാവും പകലും പ്രവര്‍ത്തിക്കുന്നവരെ ബിജെപി നേതാക്കള്‍ തീവ്രവാദികളെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും അതില്‍ ദുഃഖമുണ്ടെന്ന് ട്വിറ്ററിലൂടെ കെജ്‍രിവാള്‍പ്രതികരിച്ചു. തീവ്രവാദി പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറയുന്നു.

 

पांच साल दिन रात मेहनत कर के दिल्ली के लिए काम किया। दिल्ली के लोगों के लिए अपना सब कुछ त्याग दिया। राजनीति में आने के बाद बहुत कठिनाइयों का सामना किया ताकि लोगों का जीवन बेहतर कर सकू। बदले में आज मुझे भारतीय जनता पार्टी आतंकवादी कह रही है ... बहुत दुख होता है https://t.co/WEhHtxZd8U

— Arvind Kejriwal (@ArvindKejriwal)

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന്‍റെ പേരില്‍ പര്‍വേശിനെതിരെ കമ്മീഷന്‍ നടപടിയെടുത്തിരുന്നു. ബിജെപിയുടെ താരപ്രചാരകപട്ടികയില്‍ നിന്ന് പര്‍വേശിനെ നീക്കം ചെയ്യ്തിരുന്നു. ഷെഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു അന്ന് പര്‍വേശ് പറഞ്ഞത്.

അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഇറക്കിയ ഒരു പരസ്യം പെരുമാറ്റചട്ടലംഘന വിവാദത്തില്‍ പെട്ടിട്ടുണ്ട്. ബിജെപി പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് നൽകിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ ഉച്ചക്ക് 12 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിനോട് ആണ് പാർട്ടിയുടെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

click me!