'ലാവണ്യയുടെ മരണത്തിന് പിന്നിൽ നിർബന്ധിത മതപരിവർത്തന ശ്രമമല്ല'; സിബിഐ റിപ്പോർട്ട് കോടതിയിൽ, ബിജെപി വാദം തള്ളി

By Web Team  |  First Published Sep 21, 2024, 2:53 AM IST

മതപരിവർത്തന ശ്രമവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമായ തെളിവുകൾ കിട്ടിയില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി.


ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കമുണ്ടാക്കിയ ലാവണ്യ ആത്മഹത്യക്കേസിൽ ബിജെപി വാദങ്ങൾ തള്ളി സിബിഐ. നിർബന്ധിത മതപരിവർത്തന ശ്രമം കാരണമല്ല കുട്ടിയുടെ മരണമെന്ന് മദ്രാസ് ഹൈക്കോടതിയെ സിബിഐ അറിയിച്ചു. തഞ്ചാവൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ പഠിച്ചിരുന്ന പതിനേഴുകാരിയായ ലാവണ്യ 2022ലാണ് ജീവനൊടുക്കിയത്. ബോർഡിംഗിൽ താമസിച്ച് പഠിച്ചിരുന്ന ലാവണ്യ അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതിനിടെയായരുന്നു മരണം.

സ്കൂൾ അധികൃതർ മറ്റ് ജോലികളും ഏൽപ്പിച്ചതിനാൽ പഠനം തടസ്സപ്പെട്ടിരുന്നു എന്ന് ആദ്യം പറഞ്ഞ കുടുംബം, നിബന്ധിത മത പരിവർത്തന ശ്രമം കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് പിന്നീട് നിലപാടെടുത്തു. ലാവണ്യ ചികിത്സയിലായിരുന്ന സമയത്ത് ചിത്രീകരിച്ച 4 വീഡിയോകൾ ഇതിനിടയിൽ വിഎച്ചപി പുറത്തുവിട്ടു. ഇതിലൊന്നിൽ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി ലാവണ്യ പറയുന്നതും ഉൾപ്പെട്ടതോടെ പതിനേഴുകാരിയുടെ മരണം ബിജെപി രാഷ്ട്രീയവിഷയമാക്കി.

Latest Videos

undefined

ജസറ്റിസ് ഫോർ ലാവണ്യ ഹാഷ്ടാഗ് ദേശീയ തലത്തിലും ചർച്ചയായിരുന്നു. ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ സജീവമായി ഉയത്തിയ വാദമാണ് ഇപ്പോൾ സിബിഐ തളളുന്നത്. സ്കൂളിലെ കണക്കുകൾ തയ്യാറാക്കുന്നതടക്കം പല ജോലികൾക്കും ലാവണ്യയെ ഉപയോഗിച്ചിരുന്നുവെന്നും ഇത് കാരണം പഠനം മുടങ്ങുന്നതിലെ മനോവിഷമം കാരണമാണ് ആത്മഹത്യ എന്നുമാണ് പ്രധാന കണ്ടെത്തൽ.

മതപരിവർത്തന ശ്രമവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമായ തെളിവുകൾ കിട്ടിയില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി. ബിജെപിയുടെ മറ്റൊരു നുണ കൂടി പൊളിഞ്ഞതായി ഡിഎംകെ ഐടി വിങ് പ്രതികരിച്ചു. 

click me!