ഗുഗൽധാർ മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് സൈന്യം നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം കണ്ടെത്തി. യുദ്ധസമാനമായ രീതിയിലുള്ള ആയുധ ശേഖരമാണ് കണ്ടെത്തിയതെന്നും മേഖലയിൽ പരിശോധന പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.
കുപ്വാരയിലെ ഗുഗൽധാർ മേഖലയിൽ സംശയാസ്പദമായ രീതിയിലുള്ള ചില പ്രവർത്തനങ്ങൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുപ്വാരയിൽ സൈന്യം പരിശോധന ആരംഭിച്ചത്. ഗുഗൽധാർ മേഖലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമം നടക്കുന്നതായി സൈന്യത്തിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ട് സൈനികരെ വധിച്ചത്.
undefined
അതേസമയം, കഴിഞ്ഞയാഴ്ച കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. വെടിവെയ്പ്പിനിടെ ഹെഡ് കോൺസ്റ്റബിൾ ബാഷിർ അഹമ്മദിന് ജീവൻ നഷ്ടമായിരുന്നു. രണ്ട് സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. 10 വർഷത്തിനിടെ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മു കശ്മീരിൽ അശാന്തി പരത്താൻ ഭീകരരുടെ ഭാഗത്ത് നിന്ന് നിരന്തരമായ ശ്രമങ്ങളുണ്ടായിരുന്നു. 90 അംഗ നിയമസഭയിലേയ്ക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ 1ന് മൂന്നാം ഘട്ടവും പൂർത്തിയായതോടെ ഒക്ടോബർ 8ന് പുറത്തുവരുന്ന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മുന്നണികൾ.