ഇസ്രായേലിന്റെ പ്രശസ്തമായ അയൺ ഡോമിന് സമാനമായ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയ്ക്കുമുണ്ടെന്ന് വ്യോമസേനാ മേധാവി വെളിപ്പെടുത്തി.
ദില്ലി: ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ അടുത്തിടെ ചെയ്തത് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നേരത്തെ ചെയ്തിട്ടുണ്ടെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്. 2019 ഫെബ്രുവരി 26-ന് പാകിസ്ഥാൻ അതിർത്തി കടന്ന് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിനെതിരെ നടത്തിയ ബാലാകോട്ട് ആക്രമണം അദ്ദേഹം ഉദാഹരിച്ചു. നസ്‌റല്ലയ്ക്ക് തുല്യനായ ഒരാളെ ഇല്ലാതാക്കാനുള്ള കഴിവ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ബാലാക്കോട്ട് ഓർമ്മിപ്പിച്ചത്.
ഇസ്രായേലിന്റെ ഏറെ പ്രശസ്തമായ മിസൈൽ വിരുദ്ധ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ഇറാൻ വിക്ഷേപിച്ച 180 ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടഞ്ഞത് അയൺ ഡോമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്ത്യയ്ക്ക് സമാനമായ സംവിധാനങ്ങളുണ്ടെന്ന് വ്യോമസേന മേധാവി പറഞ്ഞു. ഇന്ത്യ ഇസ്രായേലിനേക്കാൾ വലിയ രാജ്യമായതിനാൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേന ദിനത്തിന് മുന്നോടിയായി, വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് ഒരു തദ്ദേശീയ ആയുധ സംവിധാനം വേണമെന്ന് വ്യോമസേനാ മേധാവി വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ ആയുധങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കും. പുറത്തു നിന്നുള്ള ആയുധങ്ങളെ ആശ്രയിക്കുകയാണെങ്കിൽ, ഏറ്റുമുട്ടൽ പോലെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ അവിടെ വ്യത്യസ്ത താൽപ്പര്യങ്ങൾ എപ്പോഴും ഉണ്ടാകും. അത് ഒരു ശ്വാസംമുട്ടൽ സൃഷ്ടിക്കും. പോരാടുകയെന്നതാണ് പ്രധാനം. അതിന് ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടണമെന്നും പരമാവധി അവ വാങ്ങാനോ അത്തരം വിതരണ ശൃംഖലയെ ആശ്രയിക്കാനോ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.