മുകളിൽ നിന്ന് മഴപോലെ വെള്ളം; എയർ ഇന്ത്യ വിമാനത്തിലെ വീഡിയോ പങ്കുവെച്ച് യാത്രക്കാരൻ, കമ്പനിയുടെ ക്ഷമാപണവും

By Web TeamFirst Published Nov 30, 2023, 10:21 PM IST
Highlights

അപ്രതീക്ഷിതമായി ഉണ്ടായ തകരാറാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീളുന്ന വിമാന യാത്രയില്‍ സീറ്റിന് മുകളില്‍ നിന്ന് മഴ പോലെ വെള്ളം വീഴുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരന്‍. ലണ്ടനില്‍ നിന്ന് അമൃത്‍സറിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നേരിടേണ്ടിവന്ന അപ്രതീക്ഷിത അനുഭവം അല്‍പം പരിഹാസം കൂടി കലര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ വിമാന കമ്പനി ഖേദം അറിയിക്കുകയും ചെയ്തു.

സീറ്റിന് തൊട്ടു മുകലളില്‍ ലഗേജ് സ്റ്റോറിജിന് താഴെയായി സജ്ജീകരിച്ചിട്ടുള്ള എ.സി വെന്റുകള്‍ക്കിടയില്‍ നിന്നാണ് വെള്ളം ധാരധാരയായി സീറ്റുകളിലേക്ക് വീഴുന്നത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് യാത്രക്കാരന്‍ എക്സില്‍ പോസ്റ്റ് ചെയ്തു. മറുഭാഗത്ത് മറ്റ് സീറ്റുകളില്‍ യാത്രക്കാര്‍ സുഖമായി ഉറങ്ങുന്നതും കാണാം. കേവലം ഒരു യാത്രയ്ക്ക് ഉപരിയായി അതില്‍ മുങ്ങിപ്പോകുന്ന അനുഭവമാണ് എയര്‍ ഇന്ത്യ സമ്മാനിക്കുന്നതെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ജയേഷ് എന്നയാള് അടിക്കുറിപ്പും നല്‍കി. 

Latest Videos

നവംബര്‍ 24ന് ഗാറ്റ്വിക്കില്‍ നിന്ന് അമൃത്‍സറിലേക്ക് പറന്ന എ.ഐ 169 വിമാനത്തിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ച എയര്‍ ഇന്ത്യ അധികൃതര്‍, ക്യാബിനിലെ കണ്ടന്‍സേഷന്‍ ക്രമീകരണത്തില്‍ വളരെ അസാധാരണമായി ഉണ്ടായ തകരാറാണ് ഇതിന് കാരണമെന്നും അറിയിച്ചു. സംഭവം ബാധിച്ച നിരകളിലെ സീറ്റുകളില്‍ ഇരുന്ന യാത്രക്കാരെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റിയെന്നും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ ആ സാഹചര്യത്തില്‍ സാധ്യമായതെല്ലാം ജീവനക്കാര്‍ ചെയ്തുവെന്നും കമ്പനി വിശദീകരിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗഖ്യത്തിനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അപ്രതീക്ഷിത സംഭവത്തില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിഡിയോ കാണാം...
 

Air India ….

fly with us – it's not a trip …
it's an immersive experience pic.twitter.com/cEVEoX0mmQ

— JΛYΣƧΉ  (@baldwhiner)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!