ഓർത്തോയെ ബുക്ക് ചെയ്തു, നഷ്ടപ്പെട്ടത് വൻതുക, ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായി നടനും, പരാതി നൽകി

By Web Team  |  First Published Jun 12, 2024, 8:41 AM IST

ദാദർ കേന്ദ്രീകരിച്ച് ഓർത്തോപീഡിക് ഡോക്ടർമാരുടെ ഫോൺ നമ്പറുകൾക്കായി ​ഗൂ​ഗിളിൽ തിരഞ്ഞപ്പോഴാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു.


മുംബൈ: ഓൺലൈനായി ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിച്ച നടന്റെ 77000 രൂപ തട്ടിയെടുത്തതായി പരാതി. ദാദറിൽ ഡോക്ടറുമായി ഫോണിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഇഖ്ബാലിന്  (ഇഖ്ബാൽ ആസാദ്-56) 77000 രൂപ നഷ്ടപ്പെട്ടത്. തട്ടിപ്പ് ലിങ്കുകൾ കണ്ടെത്തി ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തതിന് നാല് ദിവസത്തിന് ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്. ദാദർ കേന്ദ്രീകരിച്ച് ഓർത്തോപീഡിക് ഡോക്ടർമാരുടെ ഫോൺ നമ്പറുകൾക്കായി ​ഗൂ​ഗിളിൽ തിരഞ്ഞപ്പോഴാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു.

ആസാദ് ഗൂഗിളിൽ ഒരു ഫോൺ നമ്പർ കണ്ടെത്തി ജൂൺ 6 ന് കോൾ ചെയ്തു. കോളിന് മറുപടി നൽകിയയാൾ ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ അടച്ച് രജിസ്റ്റർ ചെയ്യാൻ ആസാദിനോട് ആവശ്യപ്പെട്ടു. വിളിച്ചയാൾ രണ്ട് തവണ അദ്ദേഹത്തിന് ലിങ്ക് അയച്ചു, പക്ഷേ ലിങ്ക് തുറക്കാനാകാത്തതിനാൽ ആസാദിന് പണം അയയ്‌ക്കാനായില്ല. തട്ടിപ്പാണെന്ന് സംശയമുണ്ടായതിനെ തുടർന്ന്  ഉടൻ തന്നെ തൻ്റെ ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തു.

Latest Videos

എന്നാൽ തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിൻ്റെ മൊബൈൽ ഫോണിൽ അക്കൗണ്ടിൽ നിന്ന് 77000 രൂപ പിൻവലിച്ചതായി നാല് എസ്എംഎസുകൾ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ താൻ ഉടൻ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഇദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 420 (വഞ്ചന), ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നിവയുൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരം അജ്ഞാതനായ ഒരാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

click me!