വിവാഹ വാഗ്ദാനം നൽകിയ യുവതിക്ക് സമ്മാനമായി നൽകിയ സ്വർണവും മറ്റ് സമ്മാനങ്ങളും തിരികെ ആവശ്യപ്പെട്ട 72കാരനെ കൊലപ്പെടുത്തി. യുവതിയും ഭർത്താവും അറസ്റ്റിൽ
റായ്ഗഡ്: വിവാഹ വാഗ്ദാനം നൽകി 72കാരനെ കൊലപ്പെടുത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ റായ്ഗഡിൽ യുവതിയേയും ഭർത്താവിനേയും ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റാംദാസ് ഖൈരേ എന്ന 72കാരനാണ് കൊല ചെയ്യപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകിയ യുവതിക്ക് സമ്മാനമായി നൽകിയ സ്വർണവും മറ്റ് സമ്മാനങ്ങളും തിരികെ ആവശ്യപ്പെട്ടതാണ് കൊലപതകത്തിന് കാരണമായത്.
മുംബൈയിൽ ബാങ്ക് ജീവനക്കാരനായിരുന്ന ഇയാൾ വിരമിച്ച ശേഷമാണ് സ്വദേശമായ റായ്ഗഡിലെ ശ്രീവർദ്ധനിലേക്ക് താമസം മാറ്റിയത്. ഞായറാഴ്ചയാണ് റാംദാസിന്റെ ഫോൺ ഏറെ ദിവസങ്ങളായി സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് വിശദമാക്കി ബന്ധു പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുന്നത്. പൊലീസ് ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ച് പ്രതികരണം ഇല്ലാതെ വന്നതോടെ ഇയാളുടെ വസതിയിലെത്തി പരിശോധിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് റാംദാസിന്റെ മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്. തലയിൽ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
പോസ്റ്റുമോർട്ടത്തിൽ 72കാരനെ കൊല ചെയ്തതാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിനിടയിലാണ് റാംദാസിനൊപ്പ ഒരാൾ ഈ വിട്ടിൽ താമസിച്ചിരുന്നതായും ഇവർ അടുത്തിടെ ഇവിടെ വന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം 32കാരനായ ഒരാൾ കൂടി റാംദാസിനെ കാണാനെത്തിയതായും വ്യക്തമായി. ഇവർ രണ്ട് പേരുടേയും സാന്നിധ്യം റാംദാസ് കൊല്ലപ്പെട്ട ദിവസം ഇവിടെയുണ്ടെന്ന് സ്ഥിരീകരിക്കാനും പൊലീസിന് സാധിച്ചു. ഇതിന് പിന്നാലെയാണ് യുവതിയേയും ഭർത്താവിനേയും പൊലീസ് മുംബൈയിൽ നിന്ന് പിടികൂടിയത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. റാംദാസിന്റെ ഭാര്യ 2012ലാണ് മരിച്ചത്. ഇതിന് ശേഷം മക്കളുടെ സമ്മതത്തോടെ വീണ്ടും റാംദാസ് വിവാഹിതനായി. എന്നാൽ കൊവിഡ് ബാധിതയായി 2021ൽ റാംദാസിന്റെ രണ്ടാം ഭാര്യയും മരിച്ചു. ഇതിന് ശേഷം മക്കളെല്ലാം വിവാഹിതരായി വിദേശത്തേക്ക് പോയതിന് പിന്നാലെ വീണ്ടും വിവാഹിതനാവാൻ റാംദാസ് തീരുമാനിക്കുകയായിരുന്നു. റാംദാസിനെ ഒരു സുഹൃത്ത് വഴിയാണ് യുവതി പരിചയപ്പെട്ടത്.
undefined
യുവതിയുമായി ചങ്ങാത്തത്തിലായതിന് പിന്നാലെ യുവതി 72കാരന് വിവാഹ വാഗ്ദാനം നൽകി. ഇതിന് ശേഷം ഇവർ റായ്ഗഡിലെ വീട്ടിൽ ഒരുമിച്ച താമസിക്കാനും ആരംഭിച്ചു. യുവതിക്ക് 72കാരൻ ജ്വല്ലറിയും മറ്റ് വിലയേറിയ സമ്മാനങ്ങളും നൽകിയിരുന്നു. എന്നാൽ യുവതി സാധനങ്ങളെല്ലാമെടുത്ത് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. ഇതോടെ സമ്മാനങ്ങളും സ്വർണവും തിരികെ നൽകണമെന്ന് യുവതിയോട് 72കാരൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിന് ഒരുക്കമായിരുന്നില്ല. ഇതിനിടെ 2024ൽ യുവതി 32കാരനുമായി വിവാഹിതയുമായി.
ഈ വിവരം യുവതി 72കാരനെ അറിയിച്ചിരുന്നില്ല. 72കാരൻ യുവതിയെ ബ്ലാക്ക്മെയിൽ ചെയ്യുന്നതായി 32കാരനെ യുവതി ധരിപ്പിച്ചത്. ഇതിന് പിന്നാലെ ഇവർ രണ്ട് പേരും ചേർന്ന് 72കാരനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. നവംബർ 11ന് യുവതി 72കാരന്റെ വീട്ടിലേക്ക് എത്തി. ഭർത്താവായ 32കാരൻ റായ്ഗഡിലെ ഒരു ഹോട്ടലിലും താമസിച്ചത്. നവംബർ 29ന് യുവതി മയക്കുമരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകി 72കാരനെ അബോധാവസ്ഥയിലാക്കി. ഇതിന് പിന്നാലെ 32കാരൻ വീട്ടിലേക്കെത്തി. ഇരുവരും ചേർന്ന് 72കാരനെ കൊലപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം