ജ്യൂസ് കടക്കാരന് ഇത്ര വരുമാനമോ? 7.79 കോടിയുടെ വിറ്റുവരവെന്ന് ആദായ നികുതി വകുപ്പ്, നോട്ടീസ് കണ്ട് ഞെട്ടി കടയുടമ

ഉത്തർപ്രദേശിലെ ജ്യൂസ് കടക്കാരനായ റഈസിന് 7.79 കോടിയുടെ ആദായ നികുതി നോട്ടീസ്. പാൻ കാർഡ് ഉപയോഗിച്ച് നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് സൂചന.

7 core turn over for a juice shop notice from income tax department made the owner and family stunned

ലക്നൗ: ആദായ നികുതി വകുപ്പിൽ നിന്ന് കിട്ടിയ നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ അലിഗഡ് ജില്ലക്കാരനായ ഒരു ജ്യൂസ് കടക്കാരനും കുടുംബവും. ദിവാനി കച്ചേഹ്രിയിലുള്ള ജ്യൂസ് കടയുടെ ഉടമയായ തനിക്ക് 7.79 കോടിയുടെ വിറ്റുവരുവുണ്ടെന്നും ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചായിരുന്നു നോട്ടീസ്. കോടികൾ സ്വപ്നം പോലു കണ്ടിട്ടില്ലാത്ത തനിക്ക് ഇതെങ്ങനെ വന്നുവെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് അദ്ദേഹം.

അലിഗഡിലെ താർ വാലി ഗലി സ്വദേശിയായ മുഹമ്മദ് റഈസിനാണ് ആദായ നികുതി ഓഫീസറുടെ നോട്ടീസ് കിട്ടിയത്. ഇതനുസരിച്ച് റഈസിന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഒരു സാമ്പത്തിക വർഷം ഏകദേശം 7.79 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. എന്നാൽ ഈ ഇടപാടുകളുടെ കണക്കുകളോ ആദായ നികുതി റിട്ടേണുകളോ സമർപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇൻകം ടാക്സ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം നോട്ടീസ് അയച്ചതാണ് ഉദ്യോഗസ്ഥർ. ആദായ നികുതി വകുപ്പിന്റെ സെർവറിൽ ക്രോഡികരിക്കപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Latest Videos

പറയപ്പെടുന്ന 7.79 കോടിയുടെ അനധികൃത സാമ്പത്തിക ഇടപാടുകളെല്ലാം നടന്നിരിക്കുന്നത് 2021-22 സാമ്പത്തിക വർഷത്തിലാണ്. ദീപക് ശർമ എന്നൊരാളുടെ ചില ദൂരുഹ ഇടപാടുകളും ഈ കേസിന്റെ ഭാഗമായി ഉയ‍ർന്നുവരുന്നുണ്ട്. മാസം 15,000 മുതൽ 20,000 രൂപ വരെ നൽകി ഇയാൾ ചില വ്യക്തികളെക്കൊണ്ട് ദുരൂഹമായ ഇടപാടുകൾ നടത്തിച്ചിരുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് റഇസിന്റെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നതാണ് ഉദ്യോഗസ്ഥരുടെ നിഗമനം. 

നോട്ടീസ് ലഭിച്ചതിന് പിന്നാലെ റഈസ് ഒരു ചാർട്ടേ‍ഡ് അക്കൗണ്ടന്റ് മുഖേന ആദായ നികുതി വകുപ്പിനെ ബന്ധപ്പെട്ടു. പാൻ കാർഡ് മുഖേന നടന്ന ഇടപാടുകളുടെ പേരിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ നോട്ടീസിന് മറുപടി നൽകാൻ റഈസ് ബാധ്യസ്ഥനാണെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അതേസമയം വഞ്ചനാ കുറ്റത്തിന് റഈസിന് പരാതി നൽകാമെന്നും അങ്ങനെയെങ്കിൽ ഇടപാടുകൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന് അത് സഹായകമാവുമെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. നിലവിൽ ആദായ നികുതി ഉദ്യോഗസ്ഥർ ഈ സംഭവത്തിലെ നിയമപരമായ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!