ചരിത്രത്തിലെ എക്കാലത്തെയും വലിയ ലഹരിവേട്ടയിൽ ഞെട്ടി ദില്ലി; വിശദ വിവരങ്ങൾ പുറത്ത്

By Web TeamFirst Published Oct 2, 2024, 7:55 PM IST
Highlights

വിപണിയിൽ 2000 കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഇന്ന് നടന്ന വൻ മയക്കുമരുന്ന് വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ ദില്ലി പൊലീസ് കണ്ടെടുത്തിരുന്നു. തെക്കൻ ദില്ലിയിൽ പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേ‍ർ അറസ്റ്റിലായിരുന്നു. 

ദില്ലിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് വൻ കൊക്കെയ്ൻ കയറ്റുമതിക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു. ഇത് ഉന്നത‍ർ പങ്കെടുക്കുന്ന പാ‍ർട്ടികളിൽ വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ലഹരി സംഘത്തിന്റെ പ്രവ‍ർത്തനം, ഇവരുമായി ബന്ധമുള്ള മറ്റ് സംഘങ്ങൾ തുടങ്ങി കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. 

Latest Videos

അതേസമയം, ഞായറാഴ്ച ദില്ലിയിലെ തിലക് നഗറിൽ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നുമായി രണ്ട് അഫ്ഗാൻ സ്വദേശികൾ പിടിയിലായിരുന്നു. ഇതേ ദിവസം തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 കോടി രൂപയിലധികം വിലമതിക്കുന്ന 1,660 ഗ്രാം കൊക്കെയ്നും പിടികൂടിയിരുന്നു. ദുബായിൽ നിന്ന് ദില്ലിയിലെത്തിയ ലൈബീരിയൻ സ്വദേശിയിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. 

READ MORE: ഇസ്രായേൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ മറുപടി കനക്കും; മുന്നറിയിപ്പുമായി ഇറാൻ

click me!