5 പേർ ഉടൻ മരിക്കുമെന്ന് നിഗൂഢ സന്ദേശം, ആസൂത്രണം ഒരു മാസത്തോളം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

By Web TeamFirst Published Oct 4, 2024, 3:28 PM IST
Highlights

അധ്യാപകനായ സുനിൽ കുമാർ, ഭാര്യ, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

അമേഠി: അധ്യാപകനെയും ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളം പ്രതി ആസൂത്രണം നടത്തിയെന്ന് പൊലീസ്. നിഗൂഢമായ രീതിയിൽ പ്രതി ചന്ദൻ വെർമ്മ  തന്‍റെ ഉദ്ദേശ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ 12ന് ചന്ദൻ വെർമയുടെ വാട്സ്അപ്പ് സ്റ്റാറ്റസ് ഇങ്ങനെ-  "അഞ്ച് പേർ മരിക്കാൻ പോകുന്നു. ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാം". നാല് പേരെ കൊലപ്പെടുത്തി ജീവനൊടുക്കാനാണ് പ്രതി പദ്ധതിയിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഉത്തര്‍പ്രദേശിലെ അമേഠിയിൽ ദലിത് കുടുംബത്തിലെ നാല് പേരെയാണ് ചന്ദൻ വെർമ്മ വെടിവെച്ചുകൊന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Latest Videos

ഇന്നലെ വൈകീട്ടാണ് ഒരു സംഘം ആളുകള്‍ സുനില്‍ കുമാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനു നേരേയടക്കം വെടിയുതിര്‍ത്തു. സുനില്‍ കുമാറിന്‍റെയും ഭാര്യയുടെയും മൃതദേഹം വീടിനടുത്തെ വാട്ടര്‍ ടാപ്പിന് സമീപത്തുനിന്നും കുട്ടികളുടേത് മറ്റൊരു മുറിക്കുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

റായ്ബറേലിയിലെ ഉച്ചാഹറിൽ താമസിച്ചിരുന്ന സുനിൽ കുമാറും കുടുംബവും അടുത്തിടെയാണ് അമേഠിയിലെ സിംഗ്പൂർ ബ്ലോക്കിലേക്ക് മാറിയത്. കേസിലെ മുഖ്യപ്രതി ചന്ദന്‍ വെര്‍മ്മയ്ക്കെതിരെ സുനില്‍ കുമാറിന്‍റെ ഭാര്യ പൂനം നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇയാള്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് ആഗസ്തിൽ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദന്‍ വെര്‍മ്മയ്ക്കെതിരെ എസ് സി, എസ് ടി ആക്റ്റിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ചന്ദൻ വെർമയെയും കൂട്ടുപ്രതികളെയും പിടികൂടാന്‍ ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് യുപി പൊലീസ് അറിയിച്ചു.

യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര, പുഴു, പാറ്റ; 'പരാതിപ്പെട്ടാൽ ഇന്‍റേണൽ മാർക്ക് കുറയ്ക്കും'  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!