രണ്ട് ദിവസത്തോളം തുടർന്ന ഡിജിറ്റൽ അറസ്റ്റിൽ സ്വത്ത് വിവരം സ്ഥിരീകരിക്കാനെന്ന പേരിലാണ് 40 കാരിയായ സോഫ്റ്റ്വെയർ എൻജിനിയറിൽ നിന്ന് സംഘം 1 കോടി രൂപ തട്ടിയെടുത്തത്
ബെംഗളുരു: പാഴ്സലിൽ വന്നത് മയക്കുമരുന്നെന്ന് വിശദമാക്കി 40കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ ഡിജിറ്റർ അറസ്റ്റ് ചെയ്ത സംഘം തട്ടിയെടുത്തത് ഒരു കോടി രൂപ. ഫെഡ്എക്സ് തട്ടിപ്പിലെ ഒടുവിലെ സംഭവമായാണ് ബെംഗളുരുവിൽ നിന്നുള്ള സംഭവം എത്തുന്നത്. 40 കാരിയുടെ പേരിൽ വന്ന പാഴ്സലിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഇവരെ ബന്ധപ്പെട്ടത്. അനധികൃതമായ പല പണമിടപാടുകളും ഇവർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയതായും സംഘം 40കാരിയോട് വിശദമാക്കി.
ബെംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്വെയർ എൻജിനിയറായ 40കാരിക്ക് മെയ് 16നാണ് ഫെഡ് എക്സ് ലോജിസ്റ്റിക് എക്സിക്യൂട്ടീവിന്റെ പേരിൽ ഫോൺ വിളി എത്തിയത്. തായ്വാനിലേക്ക് യുവതിയുടെ പേരിൽ അയച്ച പാഴ്സലിൽ നിന്ന് 200 ഗ്രാം എംഡിഎംഎയും നിരവധി പാസ്പോർട്ടുകളും വസ്ത്രങ്ങളും കണ്ടെത്തിയെന്നുമാണ് ഇയാൾ യുവതിയെ അറിയിച്ചത്. ഇത് മുംബൈ വിമാനത്താവളത്തിൽ പിടികൂടിയതായും ഇയാൾ 40 കാരിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഓഫീസിൽ നിന്നെന്നപേരിൽ 40 കാരിക്ക് ഫോൺ വിളിയെത്തുകയായിരുന്നു.
undefined
ഇതോടെ ഭയന്നുപോയ 40കാരിയോട് സ്കൈപ് കോളിൽ വരാൻ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് വിളിച്ച തട്ടിപ്പ് സംഘാംഗം ആവശ്യപ്പെടുകയായിരുന്നു. മറ്റാരുമായി ബന്ധപ്പെടരുതെന്നും മുറിയിൽ കയറി വാതിൽ അടയ്ക്കണമെന്നും തട്ടിപ്പ് സംഘം നിർദ്ദേശം നൽകി. യുവതിയുടെ ആധാർ നമ്പർ എടുത്ത് കോൾ മുംബൈ പൊലീസിന് കൈമാറുകയാണെന്നും വിശദമാക്കി. പിന്നീട് പൊലീസ് സ്റ്റേഷന് സമാനമായ പശ്ചാത്തലത്തിൽ ഒരാൾ 40 കാരിയോട് സംസാരിച്ചു. പിന്നാലെ മറുവശത്തെ വീഡിയോ കട്ട് ആക്കിയ തട്ടിപ്പ് സംഘം 40 കാരിയുടെ ക്യാമറ ഓൺ ആക്കി തന്നെ വയ്ക്കണമെന്നും നിർദ്ദേശിച്ചു. ഇതിന് ശേഷം ഉദ്യോഗസ്ഥരെന്ന് പേരിൽ നിരവധി പേരാണ് യുവതിയോട് സംസാരിച്ചത്. ഇതിനിടയിൽ വേരിഫിക്കേഷനെന്ന പേരിൽ യുവതിയുടെ ബാങ്ക് അക്കൌണ്ട് നമ്പറും സംഘം മേടിച്ചു.
കള്ളപ്പണം വെളുപ്പിച്ചതിന് ആർബിഐ 40കാരിയുടെ പേരിൽ കേസ് എടുത്തിട്ടുണ്ടെന്നും സംഘം വിശദമാക്കിയ സംഘം 40 കാരിയുടെ സ്വത്ത് വിവരങ്ങളും ശേഖരിച്ചു. അടുത്ത ദിവസം വാട്ട്സ് ആപ്പ് കോൾ മുഖേന യുവതിയെ ബന്ധപ്പെട്ട സംഘം മൂന്ന് തവണയായി ഒരു കോടിയോളം രൂപം സംഘം നിർദ്ദേശിച്ച അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഈ സമയങ്ങളിലും യുവതി ഡിജിറ്റൽ അറസ്റ്റ് തുടരുകയായിരുന്നു. സ്വത്ത് വേരിഫിക്കേഷനെന്ന പേരിലായിരുന്നു പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടത്. വേരിഫിക്കേഷന് ശേഷം പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം