അധിർ രഞ്ജൻ ചൗധരിയടക്കം 30 പേർക്കെതിരെ നടപടി, കേരളത്തിലെ 6 എംപിമാ‍ർക്കും സസ്പെൻഷൻ; പാർലമെൻ്റിൽ കൂട്ട നടപടി

By Web TeamFirst Published Dec 18, 2023, 4:53 PM IST
Highlights

മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്.

ദില്ലി: പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ കൂട്ട നടപടി. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിൽ ഉയർത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ലോക്സഭയിൽ ബഹളം ശക്തമായതിന് പിന്നാലെ 30 പ്രതിപക്ഷ എം പിമാർക്ക് കൂടിയാണ് ഇന്ന് സസ്പെൻഷൻ നൽകിയത്. കോൺഗ്രസിന്‍റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരിയടക്കമുള്ളവർക്കാണ് സസ്പെൻഷൻ ലഭിച്ചത്.

കനത്തമഴയിൽ ജലനിരപ്പ് കുതിച്ചുയർന്നു, മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനം; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

Latest Videos

കേരളത്തിൽ നിന്ന് ആറ് എം പിമാർക്കും ഇന്ന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ഇന്ന് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ. സസ്പെൻഷൻ നടപടിക്ക് പിന്നാലെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഡയസിലേക്ക് കയറിയ മൂന്ന് എം പിമാരുടെ നടപടി അവകാശ സമിതിക്ക് വിട്ടതായും അറിയിപ്പുണ്ട്.

അതേസമയം എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാ‍ർട്ടികൾ രംഗത്തെത്തി. കോൺഗ്രസ്, സി പി എം, തൃണമൂൽ കോൺഗ്രസ് പാർട്ടികളെല്ലാം എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാർ നടപടിയാണ് എം പിമാർക്കെതിരായ സംസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമന്‍റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

മോദി സർക്കാരിന്‍റെ ഏകാധിപത്യ നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി നല്‍കണമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. ഇത്തരം നടപടികളോട് ഭയമില്ലെന്നും പോരാട്ടം ശക്തമായി തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ജനാധിപത്യത്തിന്മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് എം പിമാർക്കെതിരായ കൂട്ട സസ്പെൻഷൻ നടപടിയെക്കുറിച്ച് സി പി എം പ്രതികരിച്ചത്. പ്രാതിനിധ്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും എല്ലാ പ്രതിപക്ഷ എം പിമാരുടെയും സസ്പെന്‍ഷൻ ഉടൻ പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. കൂട്ട സസ്പെന്‍ഷൻ നടത്തി ബി ജെ പിയും അമിത് ഷായും പാർലമെന്‍റ് സുരക്ഷിത കേന്ദ്രമാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചത്. അമിത് ഷായുടേത് വിയോജിപ്പുകളെ നിശബ്ദമാക്കുന്ന മാസ്റ്റർ സ്ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്താമെന്നും ടി എം സി പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!