200 ഓളം 'ഗംഗാ പ്രഹാരികൾ', നദികൾ വൃത്തിയാക്കാൻ സുസജ്ജം; മഹാകുംഭ മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

By Web Team  |  First Published Nov 18, 2024, 3:06 PM IST

ഓരോ ഘട്ടത്തിലും 15 മുതൽ 20 വരെ ഗംഗാ പ്രഹാരികൾ രാവും പകലും ഗംഗ, യമുന നദികളുടെ പരിപാലനത്തിന് സജ്ജമായിരിക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വരാതിരിക്കാൻ ഇരുനൂറോളം പേരെയാണ് നദികളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്.


പ്രയാഗ്‍രാജ്: മഹാകുംഭ മേളയുടെ ഭാഗമായി ഗംഗ, യമുന നദികൾ വൃത്തിയാക്കാനൊരുങ്ങി യുപി സർക്കാർ. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ സ്നാനമാണ് കുംഭമേളയുടെ പ്രധാന ആകർഷണം. ഗംഗാ പ്രഹാരികൾ എന്നറിയപ്പെടുന്ന 200 ഓളം പേരെയാണ് നദികള്‍ വൃത്തിയാക്കാനായി നിയോഗിച്ചിട്ടുള്ളത്. മഹാ കുംഭമേളയിൽ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാനായി പതിനായിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

കൃത്യമായി പരിശീലനം നൽകിയവരാണ് ഗംഗാ പ്രഹാരികൾ. കുംഭമേള കഴിഞ്ഞും നദികളുടെ പരിപാലനം ലക്ഷ്യമിട്ടാണ് 500 ഓളം പേരെ യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്. 25 ഓളം ടീമുകളായി തിരിഞ്ഞാണ് ഇവരുടെ പ്രവർത്തനം. ഓരോ ഘട്ടത്തിലും 15 മുതൽ 20 വരെ ഗംഗാ പ്രഹാരികൾ രാവും പകലും ഗംഗ, യമുന നദികളുടെ പരിപാലനത്തിന് സജ്ജമായിരിക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വരാതിരിക്കാൻ ഇരുനൂറോളം പേരെയാണ് നദികളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്. യുപി സർക്കാർ നേരത്തെ നമാമി ഗംഗേ എന്ന പദ്ദതിയിലൂടെ  നദികളുടെ സുരക്ഷയുടെയും ശുചീകരണത്തിന്‍റേയും ഉത്തരവാദിത്തം പ്രദേശവാസികൾക്ക് നൽകിയിരുന്നു.  
 
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയിലേക്ക് ലോകത്തിന്‍റെ നാനാഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013ലാണ് ഏറ്റവും ഒടുവിൽ മഹാ കുംഭമേള നടന്നത്.  2025 ജനുവരി 13ന് നടക്കുന്ന പൗഷ് പൗർണിമ സ്നാനത്തോടെയാണ് മഹാ കുംഭമേളയ്ക്ക് തുടക്കമാകുക. 45 ദിവസം നീണ്ടുനിൽക്കുന്ന മഹാ കുംഭമേളയ്ക്ക് മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് തിരശീല വീഴും.

Latest Videos

ജനുവരി 13നും ഫെബ്രുവരി 26നും പുറമേ, മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്നാനം), മാകി പൂ‍ർണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളിലാണ് പ്രധാന സ്നാനങ്ങൾ നടക്കുക.

click me!