മണിപ്പൂരിലേക്ക് എൻഐഎ; 3 പ്രധാന കേസുകളിൽ കേന്ദ്ര ഇടപെടൽ, അന്വേഷണം പ്രഖ്യാപിച്ചു, ബിരേൻ സിങിനെതിരെ പടയൊരുക്കം

By Web Team  |  First Published Nov 18, 2024, 3:30 PM IST

മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിലും, സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചതിലും ജനപ്രതിനിധികളുടെ വസതി ആക്രമിച്ചതിലുമാണ് അന്വേഷണം.


ദില്ലി:മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിലും, സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചതിലുമടക്കമാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്. അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത്ഷാ വിളിച്ച ഉന്നത തല യോഗം ദില്ലിയില്‍ തുടരുകയാണ്.

മണിപ്പൂരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമ്പോള്‍ സംസ്ഥാനത്തെ മുള്‍മനയില്‍ നിര്‍ത്തിയ മൂന്ന് സംഭവങ്ങളില്‍ കേന്ദ്ര ഇടപെടല്‍. മണിപ്പൂര്‍ പൊലീസില്‍ നിന്ന് 3 പ്രധാന കേസുകളാണ് എന്‍എഐ ഏറ്റെടുത്ത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കം ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമവുമാണ് എന്‍ഐഎയുടെ അന്വേഷണ പരിധിയിലുള്ളത്. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗമാണ് അമിത് ഷാ വിളിച്ചിരിക്കുന്നത്.

Latest Videos

undefined


സാഹചര്യം നിയന്ത്രണാതീതമായതോടെ കൂടുതല്‍ കേന്ദ്രസേനയെ മണിപ്പൂരിലേക്കയക്കാന്‍ തീരുമാനമായി. ഇംഫാല്‍ ഈസ്റ്റ് വെസ്റ്റ് ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് റദ്ദാക്കി. എന്‍പിപി പിന്തുണ പിന്‍വലിച്ചതോടെ രാഷ്ട്രീയ സാഹചര്യവും നിര്‍ണ്ണായകമായി. മുഖ്യമന്ത്രി ബിരേന്‍സിംഗുമായി സംസാരിച്ച അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചു. മറ്റ് ഘടകക്ഷികള്‍ക്കിടയിലും അതൃപ്തി തുടരുന്നതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗ് വൈകിട്ട് ആറിന് എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ബിജെപിയിലും എന്‍ഡിഎയിലും ശക്തമാണ്.

മണിപ്പൂർ സംഘർഷം തുടരുന്നു: അസമിലെ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തി; 2 എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു

 

click me!