മൂന്നിലൊന്ന് തൊഴിലാളികളുടെ പിരിച്ചുവിടലിന് കാരണമാകും. ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55 ശതമാനം പേർ ശാരീരിക ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുവെന്ന റിപ്പോർട്ടും കെഐടിയു ചൂണ്ടിക്കാട്ടി
ബെംഗളൂരു: ഐടി ഉദ്യോഗസ്ഥർക്ക് 14 മണിക്കൂർ ജോലി നിർദേശം മുന്നോട്ടുവെച്ചതിനെതിരെ ബെംഗളൂരുവിലെ ഐടി എംപ്ലോയിസ് യൂണിയൻ (കെഐടിയു). നിർദേശം അംഗീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിദ്ധരാമയ്യ സർക്കാരിനോട് ആവശ്യപ്പെട്ടു. ഐടി/ ഐടിഇഎസ്/ ബിപിഒ മേഖലയിൽ ജോലി സമയം ഉയർത്താനുള്ള നിർദേശവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി സന്തോഷ് എസ് ലാഡ് തൊഴിൽ, ഐടി - ബിടി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിന് പിന്നാലെയാണ് കെഐടിയു പ്രസ്താവന പുറത്തിറക്കിയത്.
നിലവിൽ ഓവർടൈം ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂറാണ് ജോലിസമയം. ഇത് 14 മണിക്കൂർ വരെയാകുന്നതോടെ ദിവസത്തിൽ മൂന്ന് ഷിഫ്റ്റ് എന്നത് രണ്ട് ഷിഫ്റ്റാവുമെന്ന് ഐടി എംപ്ലോയിസ് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നിലൊന്ന് തൊഴിലാളികളുടെ പിരിച്ചുവിടലിന് കാരണമാകുമെന്നും എംപ്ലോയീസ് യൂണിയൻ വിശദീകരിച്ചു. തൊഴിൽ സമയം വർധിപ്പിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളും മന്ത്രി വിളിച്ച ചർച്ചയിൽ കെഐടിയു ചൂണ്ടിക്കാട്ടി. ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർക്ക് വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55 ശതമാനം പേർക്ക് ശാരീരിക ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പഠനം പറയുന്നു. ജോലി സമയം വർധിപ്പിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന് കെഐടിയു വ്യക്തമാക്കി.
undefined
കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്‌ട് ഭേദഗതി ചെയ്യാനുള്ള ഏതൊരു നീക്കവും കർണാടകയിലെ ഐടി/ ഐടിഇഎസ് മേഖലയിൽ പ്രവർത്തിക്കുന്ന 20 ലക്ഷം ജീവനക്കാരോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് കെഐടിയു മുന്നറിയിപ്പ് നൽകി. അടിമത്തം അടിച്ചേൽപ്പിക്കാനുള്ള ഈ മനുഷ്യത്വരഹിതമായ ശ്രമത്തെ ചെറുക്കണമെന്ന് കെഐടിയു ജീവനക്കാരോട് അഭ്യർത്ഥിച്ചു.
ദിവസം 14 മണിക്കൂർ, ആഴ്ചയിൽ 70 മണിക്കൂർ എന്നിങ്ങനെ ജോലി സമയം ക്രമീകരിക്കാനുള്ള നിർദേശമാണ് കർണാടക സർക്കാരിന്‍റെ മുൻപിലുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ സർക്കാർ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കർണാടകയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 70 ശതമാനം വരെ കന്നഡിഗരെ തന്നെ നിയമിക്കണമെന്ന ബിൽ വൻ വിവാദമായതിന് പിന്നാലെയാണ് ഐടി മേഖലയിലെ വിവാദ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം