സിനിമയുടെ പ്രധാനഭാഗങ്ങള്‍ക്ക് ഭൂട്ടാനിലെ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചതിനാല്‍ 'ദി റെഡ് ഫാലസ്' ഉടനെയൊന്നും അവിടെ പ്രദര്‍ശനത്തിന് എത്തില്ല. കണ്ടും കേട്ടും പരിചയിക്കാത്ത ഒരു ഭൂട്ടാന്‍ അറിയാനുള്ള ഒരു സുവര്‍ണ്ണാവസരം ആണ് താഷി ഗ്യല്‍ഷന്റെ ദി റെഡ് ഫാലസ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഒന്‍പതിന് രാവിലെ 11.30ന് ടാഗോര്‍ തീയറ്ററില്‍
വീടിന്റെ നാല് കോണുകളില്‍ നിന്ന് തൂങ്ങി കാറ്റിലാടി നില്‍ക്കുന്ന ലിംഗങ്ങള്‍, പ്രധാനവാതിലിന് മുകളില്‍ നിന്ന് പുറത്തേക്ക് നോക്കി പ്രേതപിശാചുക്കളെ കൊഞ്ഞനം കുത്തിയോടിക്കാന്‍ മറ്റൊരു ലിംഗം. ഭിത്തികളില്‍ ആവട്ടെ, പല രൂപത്തിലും ഭാവത്തിലും വരച്ച ലിംഗങ്ങള്‍- നാണമുള്ളവന്‍, ദേഷ്യക്കാരന്‍, തൃക്കണ്ണും ചിറകുകളും ഉള്ളവന്‍. നമ്മുടെ നാറാണത്തു ഭ്രാന്തനെപ്പോലെ ജ്ഞാനിയായ ഡ്രുക്പ ക്യുന്‌ലെ എന്ന 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു കിളിപോയ താന്ത്രിക് ദിവ്യനാണ് ഭൂട്ടാനിലെ ഈ ലിംഗാരാധനയുടെ പിതാവ്. ബുദ്ധിസ്റ്റ് ഉത്സവങ്ങളിലെ ഒരു പ്രധാന ആകര്‍ഷണമാണ് ലിംഗം കൊണ്ടുള്ള അനുഗ്രഹം. കടുത്ത നിറമുളള പൊയ്മുഖങ്ങള്‍ അണിഞ്ഞ സന്യാസ പാരമ്പര്യമുള്ള വിദൂഷകര്‍ കൈയില്‍ കരുതുന്ന തടി ലിംഗങ്ങള്‍ വീശി ഒരു രോഗശാന്തി ശുശ്രൂഷകനെ പോലെ ഭക്തരുടെ ഇടയിലൂടെ ഓടി നടക്കും, അവരുടെ തലകളില്‍ തട്ടി അനുഗ്രഹിക്കും. ആളോഹരി സന്തോഷ സൂചികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്‍ ഒരു മസിലുപിടുത്തം കുറഞ്ഞ, സദാചാരകഴപ്പ് ഇല്ലാത്ത സ്ഥലമായി ലോകം അംഗീകരിക്കുന്നതില്‍ ഈ ലിംഗസംസ്‌കാരത്തിന് വലിയ ഒരു പങ്കുണ്ട്. കൈയ്യില്‍ ഉയര്‍ത്തി പിടിച്ച തടിലിംഗവുമായി കളിയും ചിരിയും ആത്മീയതയും പാടി നടക്കുന്ന പൊയ്മുഖധാരികളായ ഈ വിദൂഷകരുടെ ഒപ്പം നിന്ന് സെല്‍ഫി എടുത്തില്ലെങ്കില്‍ രാജാവ് മുതല്‍ സാധാരണക്കാരന് വരെ വാര്‍ഷിക ഉത്സവങ്ങള്‍ പൂര്‍ണ്ണമാവില്ല.
undefined
ഇതാണ് ഭൂട്ടനീസ് സംവിധായകന്‍ താഷി ഗ്യല്‍ഷന്റെ The Red Phallus (ചുവന്ന ലിംഗം ) എന്ന സിനിമയുടെ സാംസ്‌കാരിക പരിസരം. ഐ എഫ് എഫ് കെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ദി കപ്പ് (2000), ട്രാവലേര്‍സ് ആന്റ് മജീഷ്യന്‍സ് (2004) എന്നീ ചിത്രങ്ങളിലൂടെ ക്യെന്‍സെ നോര്‍ബു എന്ന സംവിധായകനാണ് ഒരു ഭൂട്ടനീസ് ഭാവുകത്വം മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ക്യെന്‍സെ നോര്‍ബു നമുക്ക് കാട്ടിതന്ന ഭൂട്ടാന്‍ ആത്മീയമാണ് - ഹിമാലയത്തിന്റെ നിഗൂഡതയും, കാടും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷ-പാരസ്പര്യങ്ങളും, ആത്യന്തികമായി നാം ഉള്ളില്‍ കണ്ടെത്തേണ്ട ബുദ്ധനൈര്‍മല്യവുമാണ് ഭൂട്ടാനിലെ ഒരു അവതാരപുരുഷന്‍ കൂടിയായ റിംപോചേയുടെ ചിത്രങ്ങള്‍. ഇതേ ചുവടു പിടിച്ചാണ് ഭൂട്ടാന്‍ എന്ന ലോകത്തിലെ അവശേഷിക്കുന്ന ഏക വജ്രയാന താന്ത്രിക് ബുദ്ധിസ്റ്റ് രാജ്യത്തെകുറിച്ചുള്ള പൊതുബോധ നിര്‍മ്മിതിയും. സുന്ദരമായ പ്രകൃതി, സൗമ്യരായ ബുദ്ധമതക്കാര്‍, നന്മമരങ്ങള്‍; ചിരിക്കുന്ന ഭൂട്ടനീസ് മുഖങ്ങള്‍നോക്കി, ''നമ്മളെന്താടാ ഇങ്ങനെ'' എന്ന സ്വയം പുശ്ചത്തോടുള്ള വ്യാകുലത, അതിനെ മറികടക്കാന്‍ ശ്വസനക്രിയ, ധ്യാനം, ചുമരിലെ ബുദ്ധചിത്രം, ബുളറ്റ് ഹാന്‍ഡിലിന് കുറുകെ കെട്ടാന്‍ കുഞ്ഞ് പ്രാര്‍ത്ഥനാപതാകകള്‍. ഈ പൊതുബോധനിര്‍മ്മിതിയുടെ, വ്യാജവാദങ്ങളുടെ തലമണ്ടക്ക് ലിംഗം കൊണ്ടുള്ള കൊട്ടാണ് താഷി ഗ്യല്‍ഷന്റെ, ദി റെഡ് ഫാലസ്.
ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലും ആഗോള കമ്പോളത്തിലും വില്‍പ്പനക്ക് വച്ചിരിക്കുന്ന ഭൂട്ടനീസ് സന്തോഷത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ ആവശ്യപ്പെടുകയാണ് സംവിധായകന്‍. ക്യെന്‍സെ നോര്‍ബു റിംപോചേയുടെ ട്രാവലേര്‍സ് ആന്റ് മജീഷ്യന്‍സില്‍ ഭൂട്ടാന്റെ പ്രകൃതി ഭംഗി ആവോളം പകര്‍ത്തിയിട്ടുണ്ട്. അതേ സാധ്യതകള്‍ ഉള്ള, ഭൂട്ടാനിലെ ഏറ്റവും സുന്ദരമായ ഫൊബ്ജിക്ക എന്ന താഴ്‌വരയിലാണ് ഈ ചിത്രം എടുത്തത്. വന്‍ രുചിയുള്ള ഉരളന്‍കിഴങ്ങ് കീടനാശിനിയോ രാസവളമോ ഇല്ലാതെ കൃഷി ചെയ്യുന്ന സ്ഥലം, വംശനാശഭീതി നേരിടുന്ന തിബറ്റന്‍ കൊക്കുകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി, മഞ്ഞുമലകള്‍ കടന്ന് ശിശിരകാലത്ത് പറന്നിറങ്ങുന്ന സ്ഥലം, വിദേശഫോട്ടോഗ്രാഫര്‍മാരും ടൂറിസ്റ്റുകളും നിര്‍ബന്ധമായി ക്യാമറയിലാക്കുന്ന സ്ഥലം. എന്നാല്‍, പളപളപ്പന്‍ പെയിന്റ് സാന്റ് പേപ്പര്‍ കൊണ്ട് തൂത്തിറക്കി ഭിത്തിയുടെ നഗ്‌നത അനാവൃതമാക്കുന്നതുപോലുള്ള ഒരു കലാഭാഷയാണ് ദി റെഡ് ഫാലസില്‍ താഷി ഗ്യല്‍ഷന്‍ മെനഞ്ഞിരിക്കുന്നത്.
ഉത്സവങ്ങള്‍ക്ക് പൊയ്മുഖം അണിഞ്ഞ് വിദൂഷകനാവുന്ന ഒരു മനുഷ്യന്‍, അയാളുടെ ലിംഗശില്‍പങ്ങള്‍ക്ക് ഗ്രാമത്തില്‍ ഡിമാന്റാണ്. 16വയസ്സുണ്ടങ്കില്‍ ഇപ്പോഴും ആറാം ക്ലാസില്‍ മാത്രം എത്തിനില്‍ക്കുന്ന അയാളുടെ മകള്‍, അമ്മയില്ലാത്ത കുട്ടി. ഒരു ഉത്സവകാലത്ത് അവളെ ഒരു പൊയ്മുഖധാരിയായ വിദൂഷകന്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ട്. ഈ സൂചന നാം അറിയുന്നത് പെണ്‍കുട്ടിയുടെ, ഇറച്ചിവെട്ടുകാരനും കുടുംബസ്ഥനുമായ കാമുകനില്‍ നിന്നാണ്. ഗ്രാമത്തില്‍ നിന്ന് രക്ഷപെട്ട് തന്നോടൊപ്പം തലസ്ഥാനമായ തിംപുവിലേക്ക് ചെല്ലാനുള്ള കാമുകന്റെ ആവശ്യത്തിന് മുന്നില്‍ അവള്‍ പതറിനില്‍ക്കുമ്പോള്‍, നീ വല്യ ശീലാവതി ചമയണ്ട എന്ന് അയാള്‍ പറയുന്നു. ''എന്റെ നിശബ്ദത പൊള്ളയല്ല,'' എന്ന് പറഞ്ഞ് പെണ്‍കുട്ടി അപ്രതീക്ഷിതമായ ഒരു നീക്കം നടത്തുന്നു. ലിംഗശില്പിയായ വിദൂഷകനും മകളും തമ്മിലുള്ള ബന്ധവും നമ്മെ അസ്വസ്ഥമാക്കും. മകളെ ചൊല്ലി ഒരു കുറ്റബോധം അയാളെ അലട്ടുന്നുണ്ട്. ഇവര്‍ മൂന്ന് പേരിലൂടെ ലോക സിനിമയ്ക്ക് പരിചയം ഇല്ലാത്ത ഒരു ഭൂട്ടാന്‍ അവതരിപ്പിക്കുകയാണ് താഷി ഗ്യല്‍ഷന്‍. ഭൂട്ടനീസ് സംഗീതത്തിന്റെ അപാര സാധ്യതകളെ ഏറ്റവും മിനിമലായി ഉപയോഗിച്ച്, പൈന്‍മരങ്ങള്‍ക്കിടയില ഒരു സാന്ദ്രമായ മൂളലാവുന്നു പശ്ചാത്തല സംഗീതം. ലളിത ലാവണ്യ പച്ചപ്പുകളില്‍ നിന്ന് ഫ്രെയിമുകള്‍ രക്ഷിച്ചെടുക്കുന്ന ക്യാമറ. 'Original style and modern film language,' എന്നാണ് ബുസാന്‍ ഫെസ്റ്റിവലില്‍ ഫിപ്രസ്‌കി അവാര്‍ഡ് നല്‍കികൊണ്ട് ജൂറി ഈ ചിത്രത്തെ അടയാളപെടുത്തിയത്.
ദി റെഡ് ഫാലസിന്റെ ആദ്യ പ്രദര്‍ശനം ഞായറാഴ്ച രാവിലെ 11:30ന് ടാഗോര്‍ തീയറ്ററിലാണ്. താഷി ഗ്യല്‍ഷന്റെ റെഡ് ട്രിളജിയിലെ അവസാനത്തെ ചിത്രവും സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയുമാണ്. ഗേള്‍ വിത് ദി റെഡ് സ്‌കൈ, ദി റെഡ് ഡോര്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. സിനിമയുടെ പ്രധാനഭാഗങ്ങള്‍ക്ക് ഭൂട്ടാനിലെ സെന്‍സര്‍ കത്രിക വച്ചതിനാല്‍ ദി റെഡ് ഫാലസ് ഉടനെയൊന്നും അവിടെ പ്രദര്‍ശനത്തിന് എത്തില്ല. അതിനാല്‍ കണ്ടും കേട്ടും പരിചയിക്കാത്ത ഒരു ഭൂട്ടാന്‍ അറിയാനുള്ള ഒരു സുവര്‍ണ്ണാവസരം ആണ് താഷി ഗ്യല്‍ഷന്റെ ദി റെഡ് ഫാലസ്.