ഓര്‍മ്മകളുടെ ഉച്ചാടനം : 'റോമ' റിവ്യൂ

By Nirmal Sudhakaran  |  First Published Dec 11, 2018, 11:36 PM IST

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'റോമ' എന്ന ചിത്രത്തിന്റെ റിവ്യൂ, നിര്‍മല്‍ സുധാകരന്‍ എഴുതുന്നു


'ഗ്രാവിറ്റി'യും 'ചില്‍ഡ്രന്‍ ഓഫ് മെന്നു'മൊക്കെ ഒരുക്കിയ അല്‍ഫോന്‍സോ ക്വാറോണിന്‍റെ സംവിധാനം. നിര്‍മ്മിച്ചിരിക്കുന്നത് പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ്. പ്രീമിയര്‍ നടന്ന വെനീസില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍. അടുത്ത ഓസ്കറിലേക്കുള്ള മെക്സിക്കോയുടെ ഒഫിഷ്യല്‍ എന്‍ട്രി, ഒപ്പം മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനുകളും ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അടക്കം ലഭിച്ച മറ്റ് പുരസ്കാരങ്ങളും. ലോകസിനിമയില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നായ 'റോമ' നാല്‍പതിലേറെ രാജ്യങ്ങളില്‍ റിലീസ് ചെയ്യാനും ഒരുങ്ങുകയാണ് നെറ്റ്ഫ്ളിക്സ്. 

Latest Videos

undefined

മെക്സിക്കന്‍ തലസ്ഥാനത്തിന് സമീപമുള്ള, താന്‍ ബാല്യം ചിലവഴിച്ച ചെറുപട്ടണത്തിന്‍റെ പേരാണ് ക്വാറോണ്‍ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്, 'റോമ' എന്ന്. ഒരുപാട് സംവിധായകര്‍ നേരത്തേ നിര്‍വ്വഹിച്ചിട്ടുണ്ട് തിരശ്ശീലയിലെ ആത്മകഥനം. പക്ഷേ ക്വാറോണ്‍ പകരുന്നത് അതില്‍നിന്നൊക്കെ വ്യത്യസ്തവും വൈയക്തികവുമായ അനുഭവമാണെന്ന് പറയേണ്ടിവരും. അന്തര്‍ദേശീയ എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റുകളില്‍ ഈ ചിത്രത്തെക്കുറിച്ച് പോയ വാരങ്ങളില്‍ കണ്ടതൊന്നും 'തള്ളുകളാ'യിരുന്നില്ലെന്ന് ബോധ്യപ്പെടുത്തും ആദ്യകാഴ്ച.

ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ചിത്രമെങ്കില്‍ 135 മിനിറ്റില്‍, ഒരു ഫ്രെയ്മില്‍ നിന്ന് മറ്റൊന്നിലേക്ക് അത്തരം ചിത്രങ്ങളുടെ ഇടതടവില്ലാത്ത ഒറ്റയൊഴുക്കിലൂടെ കണ്ടിരിക്കുന്നവരെ  തന്റെ  ഓര്‍മ്മകളുടെ ലോകത്തേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം. അതിശയോക്തി പറഞ്ഞതല്ല. സംഭാഷണപ്രധാനമല്ല റോമ. ഏതെങ്കിലും കഥാപാത്രത്തിന്‍റെ വീക്ഷണകോണിലല്ല അദ്ദേഹം ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. (ക്വാറോണ്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്, സഹ എഡിറ്റിംഗും). മറിച്ച് എഴുപതുകളിലെ മെക്സിക്കോയിലെ ഒരു സമ്പന്ന കുടുംബത്തിലേക്ക് സ്വച്ഛന്ദം കടന്നുചെല്ലുകയാണ് ക്യാമറ. ഒരു കഥാപാത്രത്തോടും അത് വൈകാരികമായി സവിശേഷ അടുപ്പമൊന്നും കാണിക്കുന്നില്ല. ഒരുതരം നിസ്സംഗതയില്‍ തന്റെ  ബാല്യകാല ലോകത്തിന്റെ  യാഥാര്‍ഥ്യങ്ങള്‍ എന്തായിരുന്നുവെന്ന് പിന്‍തിരിഞ്ഞ് നോക്കുകയാണ് സംവിധായകന്‍. അന്നത്തെ സംഭവങ്ങളെയോ അനുഭവങ്ങളെയോ ന്യായീകരിക്കാനോ തള്ളിക്കളയാനോ ഉള്ള ശ്രമം അനുഭവപ്പെടുന്നില്ല.

ക്യാമറ, ക്വാറോണിന്‍റെ ഓണ്‍സ്ക്രീന്‍ ഇമേജ് ആയ കുട്ടിക്കഥാപാത്രമടക്കം ഒരാളോടും സവിശേഷ അടുപ്പം പ്രകടിപ്പിക്കുന്നില്ലെന്ന് പറഞ്ഞു. പക്ഷേ ചിത്രം വികസിക്കവെ ഒരു കഥാപാത്രം സ്വാഭാവികമായി കൂടുതല്‍ മിഴിവ് ആര്‍ജ്ജിക്കുന്നുണ്ട്. ക്ലിയോ എന്ന് പേരായ ആയയുടെ കഥാപാത്രമാണ് അത്. എന്‍ഡ് ടൈറ്റില്‍സ് വരുന്നതിന് മുന്‍പ് ക്വാറോണ്‍ അത് വ്യക്തമാക്കുന്നുണ്ട്, അവര്‍ക്കാണ് ചിത്രം സമര്‍പ്പിക്കുന്നതെന്ന്. ജീവിതത്തിലെ 'ക്ലിയോ' ആയ ലിബോറിയ റോഡ്രിഗസ് എന്ന 'ലിബോ'യ്ക്ക്..

ജീവനുള്ളതും ഇല്ലാത്തതുമായ 'ഒബ്ജക്ടുകളെ' അവധാനതയോടെ പിന്തുടരുകയാണ് ക്വാറോണ്‍ രണ്ടേകാല്‍ മണിക്കൂര്‍ സമയവും. ഡോക്ടറായ അച്ഛന്റെ  ഫോര്‍ഡ് കാര്‍, വീട്ടിലെ നായ ഇവയൊക്കെ പ്രാധാന്യത്തോടെ മിക്കപ്പോഴും ഫ്രെയ്മിന്‍റെ ചുറ്റുവട്ടങ്ങളിലുണ്ട്. അച്ഛന്റെ  എന്‍ട്രി തന്നെ കാര്‍, ഇടുങ്ങിനീണ്ട പോര്‍ച്ചിലേക്ക് ശ്രമപ്പെട്ട് കയറ്റുന്നതിന്റെ  ദൈര്‍ഘ്യമേറിയ സീക്വന്‍സോടെയാണ്. ഇന്‍ഡോറിനെ അപേക്ഷിച്ച് ഔട്ട്ഡോറിലുള്ള വൈഡ് ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നവയാണ്. കുട്ടികള്‍ ഒഴിഞ്ഞ പാടത്ത് കളിക്കുന്നതിന്റെ  , ഒരു ചെമ്മരിയാട്ടിന്‍ പറ്റം അപ്പോള്‍ പൊടിപറത്തി ഒച്ചയുണ്ടാക്കി കൂട്ടത്തോടെ ഓടിപ്പോകുന്നതിന്റെ, ക്ലിയോയുടെ കാമുകനായ കരാട്ടേ വിദഗ്ധന്‍ വലിയൊരു മൈതാനത്ത് മറ്റുള്ളവര്‍ക്കൊപ്പം പ്രാക്ടീസ് നടത്തുന്നതിന്റെ, തെരുവിലൂടെ ഒരു കുഴലൂത്തുകാരന്‍ പോകുമ്പോള്‍ വീട്ടിലെ നായ ആള്‍പ്പൊക്കത്തില്‍ കുരച്ച് ചാടുന്നതിന്റെ, അതിന്‍റെ നിഴലിന്റെ.. ഇങ്ങനെ വാക്കുകളില്‍ ഒരിക്കലും ഒതുക്കാനാവാത്ത ഒത്തിരിയൊത്തിരി ബാല്യകാലോര്‍മ്മകളെ, അനുഭവങ്ങളെ അത്ഭുതപ്പെടുത്തുന്ന ആഴത്തിലും തെളിമയിലും പകര്‍ത്തിവെക്കുകയാണ് അല്‍ഫോന്‍സോ ക്വാറോണ്‍. മനസ്സില്‍ അത്രയും രൂഢമൂലമായിരുന്ന കുറേയേറെ ഓര്‍മ്മകളെ ഉച്ചാടനം ചെയ്യുന്നതുപോലെ. ഒരേസമയം ധ്യാനാത്മകവും ഇടയ്ക്കൊക്കെ മാജിക്കല്‍ റിയലിസത്തിനടുത്തെത്തുന്ന, അന്ത്യത്തോടടുക്കവെ വൈകാരികമായും പിടികൂടുന്ന അനുഭവമാണ് റോമയുടെ കാഴ്ച.

'ഗ്രാവിറ്റി' ഉള്‍പ്പെടെ ഫിലിമോഗ്രഫിയില്‍ ആകെയുള്ള എട്ടില്‍ ആറ് ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ച ഇമ്മാനുവല്‍ ലുബെസ്കിയെയാണ് റോമ പകര്‍ത്താനും ക്വാറോണ്‍ നിശ്ചയിച്ചിരുന്നത്. അതിനായി ഇരുവരും ഒരുമിച്ച് തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷേ ക്വാറോണിന്‍റെ തയ്യാറെടുപ്പുകള്‍ പ്രതീക്ഷിച്ചതിലും നീണ്ടുപോയതോടെ ലുബെസ്കി പിന്മാറുകയായിരുന്നു. പക്ഷേ ആ ചര്‍ച്ച വര്‍ക്കില്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. ഛായാഗ്രഹണത്തിന്‍റെ കാര്യത്തിലും കഴിഞ്ഞ പത്ത് വര്‍ഷത്തെ മികച്ച വര്‍ക്കുകളില്‍ ഇടംപിടിക്കേണ്ടതാണ് റോമ. 

തീയേറ്റര്‍ റിലീസ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ സ്ട്രീമിംഗും ആരംഭിക്കുന്നുണ്ട് ചിത്രം. ഈ മാസം പതിനാലിനാണ് നെറ്റ്ഫ്ളിക്സ് റിലീസ്. പക്ഷേ ബിഗ് സ്ക്രീന്‍ അനുഭവത്തിനൊപ്പം വരുമോ ചെറിയ സ്ക്രീനുകളിലെ കാഴ്ച എന്ന് ഗൗരവമായും സംശയമുണ്ട്. കാരണം അത്രത്തോളം ഡീറ്റെയ്‍ലിംഗിലാണ് അല്‍ഫോന്‍സോ ക്വാറോണ്‍ ഓര്‍മ്മകളെ അടരുകളാക്കി വച്ചിരിക്കുന്നത്. വാക്കുകളാല്‍ പറയാനാവാത്ത, കണ്ടുമാത്രം അറിഞ്ഞ് അനുഭവിക്കാനുള്ളതാണ് റോമ.

click me!