കൈയടിക്കാം, ഈ പരീക്ഷണത്തിന്: 'സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ്' റിവ്യൂ

By Nirmal Sudhakaran  |  First Published Dec 9, 2018, 11:31 PM IST

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മലയാളസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സി'ന്റെ റിവ്യൂ, നിര്‍മല്‍ സുധാകരന്‍ എഴുതുന്നു


സിനിമ എന്ന മാധ്യമം ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് ചുവടുമാറ്റിയപ്പോള്‍ ലോകമാകമാനമുള്ള എക്‌സ്‌പെരിമെന്റല്‍ ഫിലിം മേക്കേഴ്‌സിന് സാധ്യതകളുടെ പുതിയ ആകാശമാണ് തുറന്നുകിട്ടിയത്. മുഖ്യധാരയ്ക്ക് പുറത്ത് പലയിടങ്ങളിലായി അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള നവതരംഗങ്ങളില്‍ ഡിജിറ്റലിന്റെ ഈ 'അദൃശ്യ ഇടപെടലു'ണ്ട്. എന്നാല്‍ മലയാളത്തിലെ പരീക്ഷണാത്മക സിനിമയുടെ സാമ്പ്രദായിക അതിരുകളെ ഡിജിറ്റലിന്റെ കടന്നുവരവ് ഇനിയും അതിലംഘിച്ചിട്ടില്ല. നമ്മുടെ പ്രാദേശിക സിനിമയോട് ഉന്നയിക്കാവുന്ന ഈ വിമര്‍ശനത്തിന്, നവാഗതരായ രണ്ട് സംവിധായകര്‍ ചേര്‍ന്ന് നല്‍കുന്ന സൗമ്യവും ദീപ്തവുമായ മറുപടിയാണ് ഐഎഫ്എഫ്‌കെ മലയാളസിനിമാ വിഭാഗത്തില്‍ പ്രീമിയര്‍ പ്രദര്‍ശനം നടന്ന സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് എന്ന സിനിമ.

വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്നവരാണ് ജെസിയും (സുദേവ് നായര്‍) മാനു എന്ന് വിളിക്കുന്ന മാനസയും (ദേവകി രാജേന്ദ്രന്‍). അപരന്റെ സ്വകാര്യതയിലേക്ക് എപ്പോഴും കണ്ണുനട്ടിരിക്കുന്ന, 'സദാചാര' ശാഠ്യങ്ങളുള്ള ഒരു സമൂഹത്തില്‍, ലിവിംഗ് ടുഗെതര്‍ ജീവിതം തുടരുന്നതിന്റെ അരക്ഷിതാവസ്ഥയും ഒപ്പമുള്ള ആനന്ദവുമൊക്കെ അനുഭവിച്ചാണ് അവര്‍ മുന്നോട്ടുപോകുന്നത്. സ്വന്തം ബന്ധത്തെക്കുറിച്ചുതന്നെയുള്ള ആത്മവിശ്വാസക്കുറവിനിടയിലും അവര്‍ ഒപ്പമുള്ള ജീവിതത്തിന്റെ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബന്ധത്തെ മടുപ്പില്ലാതെ നിലനിര്‍ത്താനുള്ള നേരമ്പോക്കുകളില്‍ ഒന്ന് ഇരുവരുടെയും ജീവിതത്തില്‍ തീര്‍ക്കുന്ന ചില അപ്രതീക്ഷിത സാഹചര്യങ്ങളാണ് സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ ഗൗതം സൂര്യ, സുദീപ് ഇളമണ്‍ എന്ന നവാഗത സംവിധായകര്‍ ചേര്‍ന്ന് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ഗൗതം രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഇളമണ്‍ ആണ്.

Latest Videos

undefined

ഇരുവരുമൊന്നിച്ച്, ചില ദിവസങ്ങള്‍ തുടര്‍ച്ചയായി ഉറങ്ങാതെയിരുന്ന് നോക്കാമെന്നാണ് ജെസി മുന്നോട്ടുവെക്കുന്ന പ്ലാന്‍. കൗതുകകരമായ ഈ 'നേരമ്പോക്ക്' നടപ്പാക്കി നോക്കുന്ന ജെസിയുടെയും മാനുവിന്റെയും നാല് ദിവസങ്ങളാണ് സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സിന്റെ പ്ലോട്ട്. എന്നാല്‍ ആദ്യമധ്യാന്തം ഈ നാല് ദിനങ്ങളെ പിന്തുടരുകയല്ല ചിത്രം. മറിച്ച് ഉണര്‍ന്നെണീയ്ക്കുന്ന ജെസിയുടെ മുറിഞ്ഞുപോകുന്ന ഓര്‍മ്മകളിലൂടെ ആ നാല് ദിനങ്ങളെയും അവര്‍ക്കിടയിലുള്ള ബന്ധത്തെത്തന്നെയും നോണ്‍ ലീനിയറായി പിന്തുടരുകയാണ് സിനിമ.

72 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ചിത്രം, ആരംഭിച്ച് ഏറെ വൈകാതെതന്നെ ജെസിയെയും മാനുവിനെയും സ്വാഭാവികമായി എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. അതിനെ സഹായിക്കുന്നത് ആ കഥാപാത്രങ്ങളുടെ താരനിര്‍ണയമാണ്. ജെസിയായി സുദേവ് നായരും മാനുവായി നര്‍ത്തകി കൂടിയായ ദേവകി രാജേന്ദ്രനും സ്വാഭാവികതയോടെ പെരുമാറുന്നുണ്ട്. എന്നാല്‍ ആദ്യമേതന്നെ ആ കഥാപാത്രങ്ങളെ വ്യക്തിത്വത്തിന്റെ ചതുരക്കള്ളികളില്‍ തളച്ചിടുന്നില്ല സംവിധായകര്‍. ജെസിയുടെ ഓര്‍മ്മകളിലൂടെ മാത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുന്ന മാനുവിനെ ചുറ്റിപ്പറ്റി സിനിമയിലുടനീളം ഒരു നിഗൂഢതയുണ്ട്. ഇരുവരും ഉറക്കമിളച്ച നാല് ദിനങ്ങളെ പിന്തുടരുന്ന നരേഷനൊപ്പം പതിയെ രൂപപ്പെടുന്ന, വൈകാരികത ഒത്തുചേര്‍ന്ന പിരിമുറുക്കമുണ്ട്. 

പങ്കാളികള്‍ കൂടിയായ പ്രധാന കഥാപാത്രങ്ങളുടെ ഉറക്കമിളയ്ക്കല്‍ എന്ന ക്രിയയാണ് നരേഷന്റെ കേന്ദ്രബിന്ദുവെങ്കിലും അതില്‍ കേവല കൗതുകങ്ങള്‍ക്കപ്പുറത്തേക്കുള്ള അടരുകള്‍ തീര്‍ത്തിട്ടുണ്ട് സംവിധായകര്‍. തുടര്‍ച്ചയായി ഉറക്കമിളയ്ക്കുമ്പോള്‍ സംഭവിക്കുന്ന സ്വഭാവ വ്യതിയാനങ്ങളിലൂടെയും ഇന്‍ഹിബിഷനുകളുടെ പിന്‍വാങ്ങലുകളിലൂടെയും ജെസിയുടെയും മാനുവിന്റെയും ബന്ധത്തിന്റെ സങ്കീര്‍ണതയെ ഉരുക്കഴിക്കാന്‍ ശ്രമിക്കുന്നുണ്ട് സിനിമ. ലിവിംഗ് ടുഗെതറിന് തയ്യാറായെങ്കിലും അതിന്റേതായ വൈകാരിക അരക്ഷിതാവസ്ഥകള്‍ താങ്ങാനാവാത്ത കഥാപാത്രമാണ് ജെസിയുടേത്. എന്നാല്‍ മാനുവാകട്ടെ അവര്‍ തന്നെ പറയുന്നത് പ്രകാരം വൈകാരിക ആശ്രിതത്വം കുറഞ്ഞ കഥാപാത്രവും. ഏറെക്കുറെ നഗരകേന്ദ്രീകൃതമായി കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളിയുവത്വത്തിന്റെ 'ലിബറല്‍' ബന്ധങ്ങളിലേക്ക്, ഈ കഥാപാത്രങ്ങളിലൂടെ ചിത്രം നോട്ടമയയ്ക്കുന്നുണ്ട്. പേരിലെ ലിബറലിസവും ലിംഗപരമായ അധികാരത്വരയുമൊക്കെ അവയില്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടിരിക്കുമ്പോഴുള്ള 'രസച്ചരടി'നെ മുറിക്കാതെ ചിത്രം പരിശോധിക്കുന്നുണ്ട്. യുവാക്കളുടെ കഥ പറയുമ്പോള്‍, പതിവ് സാമാന്യവല്‍ക്കരണങ്ങള്‍ക്കപ്പുറത്ത് ഒരു മലയാളസിനിമ അത്തരം മേഖലകളിലേക്കൊക്കെ അന്വേഷണം നടത്തുന്നത് അപൂര്‍വ്വമാണ്.

സംവിധായകരിലൊരാള്‍ രചനയും മറ്റൊരാള്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചതിന്റെ ഗുണം സിനിമയില്‍ സാങ്കേതികമായും അല്ലാതെയും ഉടനീളം കാണാനുണ്ട്. ചിത്രത്തിന്റെ മിനിമല്‍ പ്രൊഡക്ഷന്‍, കാഴ്ചയുടെ പൊലിമയെ ബാധിക്കാത്തവിധമാണ് സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണം. മലയാളത്തിന്റെ സമീപഭാവിയില്‍, ടൈറ്റില്‍ കാര്‍ഡുകളില്‍ ഒട്ടേറെ തവണ പതിയാനുള്ള പേരാണെന്ന് തോന്നുന്നു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സുദീപിന്റേത്. അരുണ്‍ വര്‍ഗീസിന്റെ സംഗീതം ചിത്രത്തിന്റെ മൂഡും പിരിമുറുക്കവുമൊക്കെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും നോണ്‍ ലീനിയര്‍ നരേറ്റീവില്‍ വ്യത്യസ്തമായ ഒരു തീമിനെ വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതില്‍ സംവിധായകരെ ഏറെ സഹായിച്ചിട്ടുണ്ട്. ദൈര്‍ഘ്യത്തിന്റേതായ പരിമിതി ഇല്ലായിരുന്നുവെങ്കില്‍ (ഫീച്ചര്‍ ഫിലിമായി പരിഗണിക്കപ്പെടാന്‍ 90 മിനിറ്റ് വേണം) ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമായിരുന്ന ചിത്രമെന്നാണ് സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സിനെക്കുറിച്ച് തോന്നുന്നത്. ഒരുകൂട്ടം നവാഗതരില്‍ നിന്നുള്ള, കലര്‍പ്പുകളില്ലാത്ത ഈ പരീക്ഷണത്തെ ഒരു സിനിമാപ്രേമി പിന്തുണയ്‌ക്കേണ്ടതുണ്ട്.

click me!