ഭൂതകാലത്തെ ഓടിത്തീര്‍ക്കുന്ന യോനാസ്: 'മിഡ്‌നൈറ്റ് റണ്ണര്‍' റിവ്യൂ

By Nirmal Sudhakaran  |  First Published Dec 7, 2018, 6:36 PM IST

അടിമുടി എന്‍ഗേജിംഗ് ആണ് 110 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം. ഒരു സ്‌പോര്‍ട്‌സ് ഫിലിമിന്റെയും അംശങ്ങളുള്ള മിഡ്‌നൈറ്റ് റണ്ണര്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഡ്രാമയാണ്.


ഒരു മാരത്തണ്‍ ഓട്ടക്കാരനെന്ന നിലയില്‍ പ്രാദേശികമായി അറിയപ്പെടുന്ന ആളാണ് യോനാസ് വിറ്റ്മര്‍. പ്രദേശത്ത് വാര്‍ത്താപ്രാധാന്യം നേടാറുള്ള 'ആര്‍മി റണ്‍' മാരത്തണില്‍ 2014ലെ ടൈറ്റില്‍ വിജയി ആയിരുന്നു അയാള്‍. പിറ്റേ വര്‍ഷം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരനും. പൊതുസമൂഹത്തില്‍ ഇതാണ് അയാളുടെ പ്രതിച്ഛായ. അടുത്ത് പരിചയമുള്ള അപൂര്‍വ്വം ചിലര്‍ക്ക് അയാളിലെ ഉള്‍വലിവുള്ള, സ്‌നേഹരാഹിത്യം നേരിടുന്ന, അതിന്റേതായ അപകര്‍ഷതാബോധവുമുള്ള മനുഷ്യനെ അറിയാം. എന്നാല്‍ ഏറെക്കുറെ അയാളെ മനസിലാക്കിയിട്ടുള്ള കൂട്ടുകാരി സിമോണില്‍ നിന്നും വളര്‍ത്തമ്മയില്‍ നിന്നും മറച്ചുവയ്ക്കുന്ന ഒരു വ്യക്തിത്വം അയാളിലുണ്ട്. ഒരു കുറ്റവാളിയുടേതാണ് അത്!

തൊണ്ണൂറുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിടിച്ചുകുലുക്കിയ സീരിയല്‍ കുറ്റകൃത്യങ്ങളെ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഒരര്‍ഥത്തില്‍, ഒരു കുറ്റവാളി രൂപപ്പെടാനുള്ള കാരണങ്ങളും സാഹചര്യങ്ങളും പരിശോധിക്കുകയാണ്, മനശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ.  യോനാസും രണ്ട് വയസ് മൂത്ത സഹോദരന്‍ ഫിലിപ്പും കുഞ്ഞുന്നാളില്‍ മാതാപിതാക്കളില്‍ നിന്ന് നേരിട്ട അവഗണനയെക്കുറിച്ച് സംവിധായകന്‍ സൂചിപ്പിക്കുന്നുണ്ട്, തുടക്കത്തില്‍. നാലാം വയസ്സിലും നടക്കാന്‍ കഴിയില്ലായിരുന്നു യോനാസിന്. ഫിലിപ്പിന് ആറാം വയസ്സിലും സംസാരിക്കാന്‍ കഴിയില്ലായിരുന്നു. രക്ഷിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ആ കാലം മുതല്‍ പരസ്പരം കൈത്താങ്ങായാണ് അവര്‍ ജീവിച്ചതെന്ന് കാണിക്ക് ഊഹിച്ചെടുക്കാം. ചെറുപ്പക്കാരായ ജ്യേഷ്ഠാനുജന്മാരെ മാത്രമാണ് സിനിമയില്‍ നമ്മള്‍ കാണുന്നതെങ്കിലും.

Latest Videos

undefined

പക്ഷേ സിനിമ ആരംഭിക്കുമ്പോള്‍ യോനാസ് മാത്രമേയുള്ളൂ. ജ്യേഷ്ഠന്‍ അയാള്‍ക്ക് താങ്ങാനാവാത്ത വൈകാരിക വിടവ് സൃഷ്ടിച്ച് മരണപ്പെട്ടിട്ടുണ്ട്. യോനാസിന്റെ ഓര്‍മ്മകളിലൂടെയും സ്വപ്‌നങ്ങളിലൂടെയും അയാളുടെ ഭൂതകാലം സ്‌ക്രീനില്‍ എത്തുന്നുണ്ടെങ്കിലും ആ ജീവിതത്തിലെ ഒരു വര്‍ഷമാണ് സിനിമ പിന്തുടരുന്നത്. അയാള്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആര്‍മി റണ്‍ മുതല്‍ അടുത്ത മാരത്തണ്‍ വരെയുള്ള ഒരു വര്‍ഷം. ജ്യേഷ്ഠന്റെ മരണം, ടൈറ്റില്‍ നഷ്ടം എന്നീ രണ്ട് കാര്യങ്ങള്‍ യോനാസിന്റെ വൈകാരിക ലോകത്ത് സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ മേല്‍പ്പറഞ്ഞ, മനുഷ്യനെ കുറ്റവാളിയാക്കുന്ന മാനസിക പരിസരങ്ങളെ നിരീക്ഷിക്കുകയാണ് സംവിധായകന്‍ ഹാനെസ് ബൗംഗാര്‍ട്‌നെര്‍.

അടുപ്പം പുലര്‍ത്തുന്നവരെ, സ്‌നേഹത്തെ തന്നെ എപ്പോഴും സംശയത്തോടെ മാത്രം നിരീക്ഷിക്കുന്ന യോനാസ്, താന്‍ ഉപേക്ഷിക്കപ്പെട്ട ബാല്യകാലത്തിന്റെ വിഷാദത്തില്‍ നിന്നും ഇനിയും മോചിതനായിട്ടില്ലെന്ന് നരേഷന്‍ മുന്നോട്ട് നീങ്ങവെ മനസിലാക്കാനാവും. ഒരര്‍ഥത്തില്‍ അയാളുടെ നിരന്തര ഓട്ടം തന്നെ (മാരത്തണ്‍ പരിശീലനം) മറക്കാന്‍ ആഗ്രഹിക്കുന്ന എന്തില്‍നിന്നൊക്കെയോ കൂടിയാണെന്ന് സിനിമ അനുഭവപ്പെടുത്തുന്നുണ്ട്. താങ്ങാനാവാത്ത വൈകാരിക സമ്മര്‍ദ്ദങ്ങളാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ അയാള്‍ ഒരു കുറ്റവാളിയുടെ അപരജീവിതം കൂടി ആരംഭിക്കുകയാണ്, തികച്ചും രഹസ്യമായി. 

അടിമുടി എന്‍ഗേജിംഗ് ആണ് 110 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം. ഒരു സ്‌പോര്‍ട്‌സ് ഫിലിമിന്റെയും അംശങ്ങളുള്ള മിഡ്‌നൈറ്റ് റണ്ണര്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഡ്രാമയാണ്. കാണിക്ക് മുന്നറിയിപ്പൊന്നും കൊടുക്കാതെ യോനാസ് പൊടുന്നനെ ആരംഭിക്കുന്ന രാത്രിസഞ്ചാരങ്ങള്‍ ത്രില്‍ ഉളവാക്കുന്നുണ്ട്. മാക്‌സ് ഹുബാഷര്‍ എന്ന നടന്റെ ഗംഭീര പ്രകടനം കാണാന്‍ കൂടി കാഴ്ചയ്ക്ക് തിരഞ്ഞെടുക്കേണ്ട ചിത്രമാണ് ഇത്. യോനാസിന്റെ പിരിമുറുക്കങ്ങളും ഒതുക്കിവെക്കലുകളും തീവ്രതയോടെ, അനായാസമായി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട് ഇയാള്‍. ഐഎഫ്എഫ്‌കെ 2018 ലോക സിനിമാവിഭാഗത്തില്‍ ഒഴിവാക്കാനാവാത്ത കാഴ്ചാനുഭവമാണ് മിഡ്‌നൈറ്റ് റണ്ണര്‍.

click me!