കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പാതിരാപ്പടമായി പ്രദര്‍ശിപ്പിക്കുന്ന തുംബഡ് എന്ന ചിത്രത്തിന്റെ റിവ്യു. വിപിൻ പാണപ്പുഴ എഴുതുന്നു.
ജീവിതത്തിനെ എന്നും മുന്നോട്ട് നയിക്കുന്ന തത്വങ്ങളുണ്ട്. കയ്യിലുള്ള പണം തിന്ന് വിശപ്പ് ശമിപ്പിക്കാന്‍ പറ്റില്ല എന്നത് അത്തരത്തില്‍ ഒന്നാണ്. ഇത്തരത്തിലുള്ള ചില തത്വങ്ങളെ അസാധാരണമായ ആഖ്യാന വഴികളിലൂടെ പറയുകയാണ് തുമ്പാട് എന്ന ചിത്രം. 2018 ല്‍ ഇന്ത്യന്‍ സിനിമാ പ്രേക്ഷകരും, നിരൂപകരും കയ്യടിച്ച ചിത്രമാണ് തുമ്പാട്. വെറും അഞ്ചുകോടിയില്‍ അണിയിച്ചൊരുക്കിയ തുമ്പാട് അതിന്‍റെ കെട്ടിലും മട്ടിലും ഹോളിവുഡ് ചിത്രങ്ങളെ കിടപിടിക്കുന്നു എന്നതാണ് ചിത്രം കാണുന്നതിന് മുന്‍പേ സോഷ്യല്‍ മീഡിയയില്‍ നിന്നും ഉള്‍ക്കൊണ്ട കേള്‍വി. അതേ മൂഡില്‍ തന്നെയാണ് ഈ ചിത്രം കാണാനും ഇരുന്നത്. പക്ഷെ മേല്‍പ്പറഞ്ഞ കമന്‍റ് അല്ല ശരി, ഇത് ഇന്ത്യന്‍ ചിത്രമാണ്..അതിനെ എന്തിന് ഹോളിവുഡിനോട് ചേര്‍ത്ത് കെട്ടണം.
ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച്, ഇന്ത്യയുടെ സ്വതന്ത്ര്യ പ്രാപ്തിവരെ പറഞ്ഞുവയ്ക്കുന്ന മൂന്ന് ഏടുകളിലാണ് ചിത്രം. തുമ്പാട് എന്നത് മഹാരാഷ്‍ട്രയിലെ ഒരു ഗ്രാമം ആണ്. അവിടെ ദേവശാപം എന്ന് ആ നാട്ടുകാര്‍ വിശ്വസിക്കുന്നത് പോലെ എന്നും പേമാരി പെയ്തുകൊണ്ടേ ഇരിക്കും. മഴയില്‍ കുതിര്‍ന്ന് അല്ലാതെ ആ നാട് നമ്മുടെ മുന്നില്‍ തെളിയില്ല. അവിടത്തെ പഴയ ഒരു കോട്ടപൊലുള്ള വീട്ടിലെ നിധിയാണ് വിഷയം. അത് എടുക്കാന്‍ വേണ്ടി ഒരു കുടുംബം തലമുറകളായി ശ്രമിക്കുന്നു. അത്തരം ഒരു ശ്രമത്തിന്‍റെ അവസാനം ആ നാട്ടില്‍ നിന്ന് അമ്മയോടൊപ്പം വിനായക് റാവുവിന് പാലയാനം ചെയ്യേണ്ടി വരുന്നു. എന്നാല്‍ അമ്മയ്ക്ക് നല്‍കിയ വാക്കുകള്‍ പാലിക്കാതെ, വിനായക് റാവുവും അയാളുടെ തലമുറയും നിധി കരസ്ഥമാക്കുമോ എന്നതാണ് കഥയുടെ കാതല്‍.
undefined
ഇന്നുവരെ കേട്ടിട്ടില്ലാത്ത കഥ പാശ്ചാത്തലമല്ല നിധിവേട്ട. എന്നാല്‍ ഇന്ത്യന്‍ നാടോടി മിത്തുകളുടെ ഫ്ലേവറില്‍ ഇന്നുവരെ കണ്ടില്ലാത്ത ആഖ്യാന ശൈലിയിലും കഥാപരിസരത്തിലുമാണ് ചിത്രം അണിയിച്ചൊരുക്കിയത്. ഷിപ്പ് ഓഫ് തേസൂസ് എന്ന ദേശീയ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ സംവിധായകന്‍ ആനന്ദ് ഗാന്ധിയാണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടര്‍. സംവിധായകരായി രാഹി അനില്‍ ബാര്‍വെ, ആദേഷ് പ്രസാദ് എന്നിവരും ഉണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാതാവായി എത്തുന്നത് ചിത്രത്തിലെ നായക കഥാപാത്രം വിനായക് റാവുവിനെ അവതരിപ്പിക്കുന്ന സോഹും ഷാ തന്നെയാണ്.
മറാത്തി എഴുത്തുകാരന്‍ നാരായണ്‍ ദര്‍പ്പിന്‍റെ സൃഷ്‍ടിയെ ഉപജീവിച്ചാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന് ഒരു ഹൊറര്‍ മൂഡാണ് നല്‍കിയിട്ടുള്ളതെങ്കിലും കാഴ്ച പുരോഗമിക്കുമ്പോള്‍ അത്തരത്തില്‍ ഒരു സിനിമയെ അല്ല നാം സാക്ഷ്യപ്പെടുത്താന്‍ പോകുന്നത് എന്ന് പ്രേക്ഷകന് വ്യക്തമാകും. തുടക്കത്തില്‍ പറഞ്ഞ ജീവിത തത്വം പോലെ ഗാന്ധിയുടെതായി കാണിക്കുന്ന 'ഈ ഭൂമിയില്‍ ആവശ്യത്തിനുള്ളത് എല്ലാം ഉണ്ട്, എന്നാല്‍ അത്യാഗ്രഹത്തിന് വേണ്ടത് ഇല്ല' എന്നത് ചിത്രത്തിന്‍റെ ആകെ സന്ദേശമായി സ്വീകരിക്കുന്നുണ്ട്.
ചിത്രത്തിന്‍റെ സാങ്കേതിക മേഖലകള്‍ കൈകാര്യം ചെയ്തവരാണ് ചിത്രത്തെ മാസ്റ്റര്‍ പീസ് ആക്കുന്നത് . പങ്കജ് കുമാറിന്‍റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളും, നിധിന്‍ സിദ്ധാനിയുടെ പ്രോഡക്ഷന്‍ ഡിസൈനും ചിത്രത്തിന് മാറ്റുകൂട്ടുന്നു മഴ തോരാത്ത തുമ്പാടില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയും തിരിച്ചും ഒരു അനുഭവമായി തോന്നുന്നത് ഇവരുടെ കയ്യൊപ്പിലാണ്. ജെസ്പര്‍ കെയ്തിന്‍റെ സംഗീതം ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്.