കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രൂഡ്രൈവര്‍ എന്ന സിനിമയുടെ റിവ്യു.
ജോമിറ്റ് ജോസ് എഴുതുന്നു
ഇസ്രായേലി തടവില്‍ നിന്ന് നീണ്ട 15 വര്‍ഷത്തിന് ശേഷം പുറത്തുവരുന്ന ഒരു പലസ്തീന്‍ യുവാവിന്‍റെ മാനസികവ്യാപാരങ്ങളാണ് ബസാം ജര്‍ബാവി സംവിധാനം ചെയ്ത 'സ്‌ക്രൂഡ്രൈവര്‍'. തടവറയില്‍ നിന്ന് മോചിതനാക്കപ്പെട്ട ശേഷം സിയാദ് വീട്ടിലേക്കും സമൂഹത്തിലേക്കും തിരിച്ചെത്തുമ്പോള്‍ അനുഭവിക്കുന്ന മാനസിക- ശാരീരിക വെല്ലുവിളികളാണ് സിനിമ സംസാരിക്കുന്നത്. ആധുനിക പലസ്തീനിലെത്തുന്ന സിയാദിനെ ചുറ്റിപ്പറ്റി ഒരു പുതിയ മാനസികലോകം സൃഷ്ടിക്കുകയാണ് സംവിധായകന്‍. സിയാദിന്‍റെ നിഷ്‌കളങ്കതയാണ് ആകെത്തുകയായി സിനിമയില്‍ പ്രകടമാകുന്നത്. ഇതിനിടെയില്‍ പലസ്‌തീന്‍റെ രാഷ്‍ട്രീയ മാനവും ഒരുവശത്ത് ചിത്രം പങ്കുവെക്കുന്നു.
undefined
ജയിലറയിലെ ഇരുട്ടില്‍ സിയാദിന്‍റെ മുഖത്തേക്ക് പതിക്കുന്ന ജാലകവെളിച്ചത്തിലൂടെയാണ് സ്‌ക്രൂഡ്രൈവറിന്‍റെ ആരംഭം. പിന്നീട് അയാളുടെ ബാല്യവും കൗമാരവും ബാസ്‌കറ്റ്ബോള്‍ കളിയും പ്രണയവും കുസൃതികളും ഒക്കെ ഫ്ലാഷ് ബാക്കില്‍ തെളിയുന്നു. സ്‌ക്രൂഡ്രൈവര്‍ കൊണ്ടുള്ള പോരും റംസി എന്ന ഉറ്റസുഹൃത്തിനൊപ്പമുള്ള ബാസ്‌ക്കറ്റ് ബോള്‍ ആരവവുമെല്ലാം ഇതിലുണ്ട്. സിയാദ് ജയിലാകാനുള്ള കാരണം കാഴ്‌ച്ചക്കാരനോട് സംവദിക്കുകയാണ് പിന്നീടുള്ള അരമണിക്കൂര്‍ നേരം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രയില്‍ ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടിലെ തന്‍റെ പ്രിയങ്കരനായ റംസി വെടിയേറ്റ് കൊല്ലപ്പെടുന്നു. ഇതിന് പ്രതികാരം ചെയ്യവേ ബാക്കിയുള്ളവര്‍ രക്ഷപെടുകയും സിയാദ് മാത്രം ഇസ്രായേലി പൊലീസിന്‍റെ പിടിയിലാവുകയും ചെയ്യുന്നു.
പിന്നീട് നമ്മള്‍ സിയാദിനെ കാണുന്നത് ഇസ്രായേല്‍ സുരക്ഷാസേന അയാളെ മോചിപ്പിക്കുമ്പോളാണ്. പലസ്തീന്‍കാരനായ ഇസ്രായേലി തടവുകാരന് ലഭിക്കുന്ന വിരോചിത വരവേല്‍പ് അയാള്‍ക്കും ലഭിച്ചു. പലസ്തീനില്‍ കുഞ്ഞ് കുട്ടികള്‍ക്ക് പോലും സുപരിചിതനാകുന്നു. എന്നാല്‍ ജയിലിന് പുറത്തിറങ്ങിയപ്പോള്‍ കാണുന്ന ലോകം അയാള്‍ക്ക് അപരിചിതമായിരുന്നു. പതിനഞ്ച് വര്‍ഷം സൃഷ്ടിച്ച സാമൂഹിക- സാങ്കേതികമറ്റങ്ങള്‍ അയാള്‍ക്ക് അരോചകമാണ്. ഒരര്‍ത്ഥത്തിലും അയാളുടെ മാനസികവ്യാപാരങ്ങളോട് ചേര്‍ന്നുപോകുന്നില്ല.
സിയാദിന് സമൂഹത്തോട് മാത്രമല്ല, കുടുംബത്തോടും സുഹൃത്തുക്കളോടും പോലും പൊരുത്തപ്പെടാനാകുന്നില്ല. ഇടയ്ക്കുവെച്ച് മൊട്ടിടുന്ന പ്രണയവും അയാളില്‍ സ്വാധീനം ചൊലുത്തുന്നില്ല. ജയിലറയോട് സാമ്യമുള്ള മുറിയില്‍ വെളിച്ചം പോലും മറച്ച് അയാള്‍ കഴിയുന്നു. സംസാരിക്കുന്നത് വല്ലപ്പോഴും ആളുകളെ പ്രതിരോധിക്കാന്‍ മാത്രമാണ്. ഉമ്മയും സഹോദരിയും അടക്കമുള്ളവര്‍ക്ക് ആസാദിന്‍റെ പെരുമാറ്റത്തില്‍ വിഷമം തോന്നുന്നുണ്ട്. എന്നാല്‍ അതൊന്നും അയാളില്‍ ഒരുതരത്തിലുമുള്ള വൈകാരികതയും സൃഷ്‍ടിക്കുന്നില്ല. ഏറെ ഇഷ്‍ടപ്പെട്ടിരുന്ന ബാസ്‌ക്കറ്റ്ബോള്‍ പോലും അയാള്‍ക്ക് ചിലപ്പോള്‍ അരോചകമാകുന്നു. സിയാദിന്‍റെ മാനസിക- ശാരീരിക പ്രയാസങ്ങൾ മുറുകുന്നതോടെ സിനിമ വികസിക്കുകയാണ്.
ജയില്‍ മോചിതനായശേഷം ഇത്രകാലവും കലഹിച്ച ഉമ്മയുടെ നൈറ്റിത്തടത്തില്‍ ചുംബനം നല്‍കി അയാളിലെ മറ്റൊരു മനുഷ്യനെ ഒടുവിലായി കാട്ടുന്നുണ്ട്. എന്നാല്‍ വീണ്ടും അവിടെനിന്ന് വീണ്ടുമയാള്‍ മാനസികപിരിമുറക്കത്തിലേക്കുതന്നെ ചായുന്നു. സ്വപ്‌നാടനത്തിനിടയിലുള്ള ഓട്ടത്തിനിടയില്‍ ഒരു കാറിനു മുന്നില്‍ ചാടുന്നു. ഡ്രൈവര്‍ അയാളെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി പോകുന്നു. എന്നാല്‍ വൈകാരികത നിയന്ത്രിക്കാനാകാതെ കോപം ആളുമ്പോള്‍ കാറിന്‍റെ ഡോറിനുസമീപമുള്ള സ്‌ക്രൂഡ്രൈവറിലേക്ക് നോക്കുന്ന സിയാദിനെ കാട്ടി ചിത്രം സംഘര്‍ഷഭരിമായി സിനിമ അവസാനിക്കുകയാണ്.
പലസ്തീന്‍ രാഷ്‍ട്രീയ ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ച്ചയും ബഹളങ്ങളൊന്നുമില്ലാതെ പോകുന്ന സംഘര്‍ഷങ്ങളുടെയും ആഖ്യാനമാണ് സ്‌ക്രൂഡ്രൈവര്‍. സാങ്കേതികമായി മികച്ചുനില്‍ക്കുന്ന പരിചരണം ചിത്രം സാധ്യമാക്കുന്നുണ്ട്. കണ്ടു പരിചരിച്ച പലസ്തീന്‍ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുമ്പോഴും രക്തരൂക്ഷിതമായ ഫ്രെയ്മുകള്‍ ചിത്രത്തില്‍ നിറയുന്നില്ല. സിയാദിന്‍റെയും അയാള്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെയും നിഷ്‌കളങ്കതയാണ് സംവിധായകന് പ്രധാനം. കൃത്യമായ അളവുകോലുകളില്‍ നിര്‍മ്മിച്ച തിരക്കഥയും ദൃശ്യവല്‍ക്കരണവും പ്രകടമാണ്.
ഏറെ നേരം രാത്രിയുടെ ഇരുട്ടില്‍ സിനിമ സഞ്ചരിക്കുമ്പോള്‍ മനോഹരമാകുന്നുണ്ട് ദൃശ്യങ്ങള്‍. എന്നാല്‍ വൈകാരികത മൂര്‍ച്ഛിപ്പിക്കാന്‍ ക്ലോസ് അപ് ഷോട്ടുകള്‍ നിറയ്‌ക്കാതെ പശ്‌ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കുകയാണ് സംവിധായകന്‍. അതിരുകടന്ന ശബ്‍ദകോലാഹലങ്ങളുമില്ല. എന്നാല്‍ ബാല്യത്തിന്‍റെയും കൗമാരത്തിന്‍റെയും താളം അതിനൊത്ത വേഗത്തില്‍ പശ്ചാത്തലത്തിലും ശബ്ദത്തിലും എഡിറ്റിംഗിലും സാധ്യമാക്കാന്‍ ചിത്രത്തിനായി. ഓരോ ഷോട്ടുകളും കാഴ്‌ചയുടെ വിശാലതയ്ക്ക് തുറന്നിട്ടിരിക്കുന്നു.
അഭിനയത്തിന്‍റെ വൈകാരിക താളം സിനിമയില്‍ സംവേദനമാകുന്നുണ്ട്. സിയാദിന്‍റെ ചുരുക്കം വാക്കുകളിലൂടെയും പലസ്തീന്‍ വിമോചന പോരാളി യാസിര്‍ അറാഫത്തിന്‍റെ ചുമര്‍ ചിത്രങ്ങളും കാട്ടി സയണിസ്റ്റ് ഇസ്രായേലിനെതിരെ ശബ്‌ദിക്കുക കൂടിയാണ് സ്‌ക്രൂഡ്രൈവര്‍.