കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പോയ്സണസ് റോസസ് എന്ന ചിത്രത്തിന്റെ റിവ്യു. ജോമിറ്റ് ജോസ് എഴുതുന്നു.
ലളിതമായ കഥപറച്ചില്‍ അവലംബിക്കുന്ന പശ്ചിമേഷ്യന്‍ സിനിമകളുടെ കൂട്ടത്തിലേക്കാണ് അഹമ്മദ് ഫവ്‌സി സലെ സംവിധാനം ചെയ്ത 'പോയ്‌സണസ് റോസസ്'ന്‍റെ സ്ഥാനം. തുകല്‍ വ്യവസായത്തിന് പേരുകേട്ട കെയ്റോയിലെ ഒരു തെരുവിലാണ് കഥ നടക്കുന്നത്. തുകല്‍ ഫാക്ടറികള്‍ പുറംതള്ളുന്ന മാലിന്യം നിറഞ്ഞ് കാഴ്‌ചയില്‍ അറപ്പുതോന്നുന്നയിടം. എന്നാല്‍ മാലിന്യക്കൂമ്പാരമായ ഇവിടെ ജീവിക്കുന്ന ഒരു കുടുംബത്തിലെ സഹോദര- സഹോദരി ബന്ധത്തിന്‍റെ നന്‍മ പങ്കുവെക്കുകയാണ് പുതുമുഖ സംവിധായകനായ അഹമ്മദ് ഫവ്‌സി സലെ.
undefined
കെയ്റോയുടെ നഗരപ്രാന്തപ്രദേശത്തുള്ള ഒരു തുകല്‍ ഫാക്ടറിയിലാണ് സാഖ്വര്‍ ജോലി ചെയ്യുന്നത്. അവന്‍റെ വീട്ടില്‍ ഉമ്മയും ഒരു സഹോദരിയും മാത്രം. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകാനായി ഇറ്റലിയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സാഖ്വര്‍. അതിനായി സുഹൃത്തുക്കളുടെ സാമ്പത്തിക സഹായം തേടുന്നു. എന്നാല്‍ സാഖ്വറിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന സഹോദരി താഹെയ അയാളെ നാടുവിടാന്‍ അനുവദിക്കാതിരിക്കാന്‍ പലവഴികള്‍ ആരായുന്നിടത്താണ് കഥ വികസിക്കുന്നത്.
സാഖ്വറിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന താഹെയയുടെ നിഷ്കളങ്കതയാണ് ഏറെ ശ്രദ്ധേയം. എന്നുമവള്‍ സാഖ്വറിന് ഉച്ചഭക്ഷണവുമായി ജോലി സ്ഥലത്തെത്തും. സാഖ്വര്‍ നാടുവിടാന്‍ പദ്ധതിയിടുമ്പോഴൊക്കെ മനംമാറ്റന്‍ താഹെയ ഇടപെടുന്നു. ഇതിനായി ഒരു മജീഷ്യന്‍റെ സഹായം വരെ അവള്‍ തേടുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ തന്‍റെ തീരുമാനവുമായി മുന്നോട്ടുപോകുകയാണ് സാഖ്വര്‍. ഒടുവില്‍ അവളുടെ കണ്ണുവെട്ടിച്ച് നാടുവിടാന്‍ ശ്രമിച്ചെങ്കിലും തിരിച്ചു വീട്ടിലേക്ക് തന്നെ സാഖ്വറിന് മടങ്ങിയെത്തേണ്ടിവരുന്നു.
കാഴ്‌ചയില്‍ അറപ്പുതോന്നുന്ന യഥാര്‍ത്ഥ തെരുവിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചീഞ്ഞളിഞ്ഞ മൃഗാവശിഷ്‍ടങ്ങളും ചത്ത പശുവുമൊക്കെ കണ്ണില്‍ ഇടര്‍ച്ചയുണ്ടാക്കും. സാഖ്വറും താഹെയും തമ്മിലുള്ള ആത്മബന്ധം കലഹങ്ങളിലൂടെ വികസിക്കുന്നത്. എന്നാല്‍ സമാന്തരമായി ഇതിനിടയില്‍ തുകല്‍വ്യവസായ ഫാക്ടറിക്കാഴ്‌ച്ചകളും അവിടുത്തെ ജീവിതങ്ങളും മനോഹരമായി സിനിമ അടുക്കിവെച്ചിട്ടുണ്ട്. കാഴ്‌ചയുടെ ഈ നഗ്നസത്യങ്ങള്‍ക്കിടയിലും നന്‍മയുടെ ഔന്നത്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നിടത്താണ് തിരക്കഥ വൈകാരികമാകുന്നത്.
പല സിനിമകളിലും നാം കണ്ടുപരിചരിച്ച നിഷ്‌കളങ്കരും നിസഹായരുമായ പശ്‌ചിമേഷന്‍ ജീവിതങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഈ സിനിമയിലും. എന്നാല്‍ യുദ്ധവും യുദ്ധാനന്തര ജീവിതങ്ങളുമായിരുന്നു അത്തരം സിനിമകളില്‍ അധികം കണ്ടത്. ഇവിടെയാവട്ടെ ഇറാനിയന്‍ മാസ്റ്റര്‍ മജീദ് മജീദിയുടെ ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ച് പൂര്‍ണമായും വയലന്‍സ് ഒഴിവാക്കിയാണ് ജീവിത കേന്ദ്രീകൃതമാണ് സിനിമ. എന്നാല്‍ പുറത്തേയ്‍ക്ക് അധികം പ്രവഹിക്കാതെ കണ്ണീര് ഉള്‍ക്കാമ്പില്‍ ഒളിപ്പിച്ചുവെച്ചാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്.
ആദ്യ ചിത്രമെങ്കിലും താഹെയെ അവതരിപ്പിച്ച മറിയം മാഗ്ദിയുടെ അഭിനയം ശ്രദ്ധേയം. സാഖ്വറായെത്തിയ അബ്രാഹിം എല്‍ നഗാരിയും പ്രതിഭയറിയിച്ചു. മജീദ് നദീറിന്‍റെ ക്യാമറ തുകല്‍ഫാക്ടറിയുടെ അന്തര്‍ലീനതയും ജീവിതത്തുടിപ്പുകളും മനോഹരമായി പകര്‍ത്തിയിട്ടുണ്ട്. പ്രത്യേക കളര്‍ ടോണിലുള്ള ലൈറ്റിംഗും രാത്രി ദൃശ്യങ്ങളുമെല്ലാം അത് ഉറപ്പാക്കുന്നുണ്ട്. ഫാക്ടറിയുടെ ശബ്‍ദതരംഗങ്ങളും എഡിറ്റിംഗും എപ്പോഴും ഒരു സസ്‌പെന്‍സ് തോന്നിപ്പിക്കുന്ന വിധമാണ്.
കേരള രാജ്യാന്തര ചലച്ചിത്രേമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 72 മിനുറ്റ് മാത്രമുള്ള ഈ ചിത്രം മത്സരവിഭാഗത്തില്‍ കണ്ടിരിക്കേണ്ട സിനിമയാണ്. ആദ്യ ചിത്രം തന്നെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാകത്തില്‍ ഒരുക്കുന്നതില്‍ സംവിധായകന്‍റെ വൈഭവം പതിഞ്ഞിട്ടുണ്ട്.