കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് ആവേ മരിയ. വിപിൻ രാധാകൃഷ്‍ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. വേളാങ്കണ്ണിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ആവേ മരിയയെന്ന് വിപിൻ രാധാകൃഷ്‍ണൻ പറഞ്ഞു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വിപിൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോടു പങ്കുവയ്ക്കുന്നു.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് ആവേ മരിയ. വിപിൻ രാധാകൃഷ്‍ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. വേളാങ്കണ്ണിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ആവേ മരിയയെന്ന് വിപിൻ രാധാകൃഷ്‍ണൻ പറഞ്ഞു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വിപിൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോടു പങ്കുവയ്ക്കുന്നു.
undefined
ഐഎഫ്എഫ്കെയിലെ സന്തോഷം
സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ആലോചന സിനിമയായി മാറിയതാണ് ആവേ മരിയ. രണ്ടു വര്‍ഷമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയത്. സ്വതന്ത്ര സിനിമ സാധാരണ നേരിടുന്നതു പോലത്തെ സാമ്പത്തിക ബുദ്ധിമുട്ട് ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷേ ചിത്രം ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍.
ആവേ മരിയയിലേക്ക് എത്തിയ വഴികള്‍
വേളാങ്കണ്ണി പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. 2016ല്‍ ഞാനും സുഹൃത്ത് അശാന്ത് രാജും വേളാങ്കണ്ണിയിലേക്ക് ഒരു യാത്ര പോയിരുന്നു. പള്ളിയുടെ കാഴ്‍ചകള്‍ക്കപ്പുറമുള്ള ലോകത്തെ കുറിച്ച് അന്ന് ആലോചിക്കാനിടയായി. യൂറോപ്യൻ ആര്‍കിടെക്റ്റിന്റെ സൌന്ദര്യമൊക്കെയാണല്ലോ നമ്മള്‍ ആദ്യം കാണുക. പക്ഷേ അതിനപ്പുറത്ത് ദാരിദ്യത്തിന്റെയൊക്കെ ഒരു ലോകമുണ്ടല്ലോ? ഭിക്ഷക്കാരും വേശ്യകളുമൊക്കെയുണ്ട് ചുറ്റുപാടും. അങ്ങനെയുള്ള ലോകത്തിന്റെ കഥയാണ് ഞങ്ങള്‍ സിനിമയാക്കിയത്.
കഥ പറഞ്ഞുപോകുന്ന ആവേ മരിയ
വാണിജ്യസ്വഭാവമല്ല ആവേ മരിയയ്‍ക്ക്. പരീക്ഷണചിത്രമാണോ എന്നു ചോദിച്ചാല്‍ മുഴുവനായും അങ്ങനെ അല്ല. കൃത്യമായി കഥ പറഞ്ഞു പോകുന്ന സിനിമ തന്നെയാണ് ആവേ മരിയ. തീര്‍ത്തും ഫിക്ഷനായ സിനിമ.
കേള്‍വിയില്‍ ഒരു പരീക്ഷണം!
സിങ്ക് സൌണ്ടില്‍ ഞങ്ങള്‍ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ് നടത്താൻ ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചോ എന്ന് സിനിമ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞാലാണ് പറയാനാകുക. ചില ഭാഗങ്ങളില്‍ വിഷ്വലിനു ഉപരിയായ ശബ്‍ദത്തിന് പ്രധാന്യം നല്‍കിയാണ് ചെയ്‍തത്. സിങ്ക് സൌണ്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ സാമ്പത്തികപരിമിതി കാരണം അത് ചെയ്യാൻ കഴിഞ്ഞില്ല. ഷൂട്ട് കഴിഞ്ഞ് വീണ്ടും അതാത് ലൊക്കേഷനുകളില്‍ പോയി അതേ ആംബിയൻസ് പകര്‍ത്താൻ ശ്രമിക്കുകയാണ് ചെയ്‍തത്. അത് സിനിമയിലേക്ക് ചേര്‍ക്കുകയാണ് ചെയ്‍തത്.
കഥാപാത്രങ്ങള്‍
വേളാങ്കണ്ണിയിലേക്ക് എനിക്കൊപ്പം വന്ന അശാന്ത് രാജു തന്നെയാണ് ചിത്രത്തിലെ നായകനും. രേഷ്‍മ മലയത്ത് എന്ന പുതുമുഖമാണ് നായിക.
ആവേ മരിയയ്ക്ക് മുമ്പ്..
മോസയിലെ കുതിരമീനുകള്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു ഞാൻ. ക്വീനിന്റെ മലയാളം റീമേക്കായ സം സംന്റെ സംഭാഷണങ്ങളും എഴുതിയിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്‍തത് ആവേ മരിയ ആണ്.
ഐഎഫ്എഫ്കെയിലെ കാത്തിരിപ്പ്
ഐഎഫ്എഫ്കെയില്‍ സിനിമ പ്രദര്‍ശിപ്പിക്കാൻ തെരഞ്ഞെടുത്തതിലെ സന്തോഷമാണ് ഇപ്പോള്‍. വലിയ ഒരു പ്രേക്ഷകസമൂഹത്തിലേക്ക് സിനിമ എത്തിക്കാനാകുന്ന ഒരു അവസരം തന്നെയാണ് ഐഎഫ്എഫ്കെ തുറന്നിടുന്നത്. സിനിമ എങ്ങനെയുണ്ടെന്ന കൃത്യമായ വിലയിരുത്തലും ഉണ്ടാകും. അതിന്റെ ഒരു ആകാംക്ഷയുമുണ്ട്..