സിനിമയ്ക്ക് 'കോട്ടയം' എന്ന് പേരിട്ടതിന് കാരണമുണ്ട്..; സംവിധായകന്‍ പറയുന്നു

By Nirmal Sudhakaran  |  First Published Dec 6, 2018, 10:47 PM IST

"പൊളിറ്റിക്കലായല്ല സിനിമ ഈ വിഷയങ്ങളെയൊക്കെ പരിശോധിക്കുന്നത്. അതേസമയം ഇമേജറികളിലൂടെ ആ വിഷയങ്ങളിലേക്കൊക്കെ നോട്ടമയയ്ക്കുന്നുമുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരോട് വിനിമയം ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയല്ല കോട്ടയം.." കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 'മലയാളസിനിമ ഇന്ന്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'കോട്ടയം' എന്ന സിനിമയുടെ സംവിധായകന്‍ ബിനു ഭാസ്‌കറുമായി അഭിമുഖം


'കോട്ടയം' എന്ന പേരും റെയില്‍വേ സ്റ്റേഷന്‍ ബോര്‍ഡുകളിലെ ടൈപ്പോഗ്രഫി മാതൃകയിലുള്ള ടൈറ്റിലും കൗതുകമുണര്‍ത്തുന്നതായിരുന്നു. എന്താണ് കോട്ടയം എന്ന സിനിമ?

നമ്മുടെ നാട്ടിലെ ലിംഗവ്യത്യാസത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണിത്. അതേസമയം ഇന്‍വെസ്റ്റിഗേറ്റീവ് ഴോണറിലുള്ള ചിത്രവുമാണ് കോട്ടയം. എത്രയെത്ര റേപ്പ് കേസുകളാണ് ദിനംപ്രതിയെന്നോണം നമ്മുടെ നാട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ബലാല്‍സംഗത്തിന് ശേഷം കൊലചെയ്യപ്പെടുന്നതും ആ കേസിന്റെ അന്വേഷണവുമാണ് സിനിമയുടെ പ്ലോട്ട്. കേരളത്തിലെ അവസ്ഥ എന്ന തരത്തില്‍ മാത്രമല്ല സിനിമ ഈ വിഷയത്തെ നോക്കിക്കാണുന്നത്. കേരളത്തില്‍ നിന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്കാണ് കേസിന്റെ അന്വേഷണം നീളുന്നത്. അണിയറയില്‍ ഏറെക്കുറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയാണിത്.

Latest Videos

undefined

എന്തുകൊണ്ട് 'കോട്ടയം' എന്ന പേര്?

കുടിയേറ്റം എന്നത് സിനിമയില്‍ പ്രാധാന്യത്തോടെ കടന്നുവരുന്ന വിഷയമാണ്. കേരളത്തിലെ ക്രിസ്തുമതത്തിന്റെ സ്വാധീനം, മലയോര മേഖലകളിലെ കുടിയേറ്റം ഇവയൊക്കെ നരേഷന്റെ പശ്ചാത്തലമാണ്. അതുകൊണ്ട് കോട്ടയം എന്ന പ്രദേശത്ത് സിനിമ പ്ലേസ് ചെയ്താല്‍ നന്നാവുമെന്ന് തോന്നി. പേരും അങ്ങനെ തീരുമാനിച്ചു.

ക്രിസ്തുമതത്തിന്റെ കേരളത്തിലെ ഇടപെടലൊക്കെ ആഴത്തില്‍ പരിശോധിക്കുന്നുണ്ടോ ചിത്രം? തിരുവത്താഴത്തിന്റെ മാതൃകയില്‍ ചിത്രത്തില്‍ നിന്നുള്ള ഒരു സ്റ്റില്‍ കണ്ടിരുന്നു?

പൊളിറ്റിക്കലായല്ല സിനിമ ഈ വിഷയങ്ങളെയൊക്കെ പരിശോധിക്കുന്നത്. അതേസമയം ഇമേജറികളിലൂടെ ആ വിഷയങ്ങളിലേക്കൊക്കെ നോട്ടമയയ്ക്കുന്നുമുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരോട് വിനിമയം ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയല്ല ഇത്. മറിച്ച് ദൃശ്യങ്ങളില്‍ ഊന്നിയാണ് നരേഷന്‍ പുരോഗമിക്കുന്നത്. കൊളോണിയലിസം വേരാഴ്ത്തിയ സ്ഥലങ്ങളിലെ സംസ്‌കാരത്തില്‍, എന്തിന് അവിടുത്തെ നിര്‍മ്മിതികളില്‍ പോലും അത് സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

സംഗീത് ശിവന്‍ എങ്ങനെ കഥാപാത്രമായെത്തി?

വിഷ്വലി പ്രേക്ഷകര്‍ക്ക് പുതുമ തോന്നണമെന്ന് എനിക്കുണ്ടായിരുന്നു. അണിയറയിലെ മിക്കവരും നവാഗതരാണ്. കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവരില്‍ അനീഷ് ജി മേനോന്‍ ആവും നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ മുന്‍പ് സ്‌ക്രീനില്‍ കണ്ടിട്ടുള്ള ഒരാള്‍. നര്‍ത്തകി കൂടിയായ അഭിനേത്രി നിമ്മി റാഫേല്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിദ്യാസമ്പന്നനും മധ്യവയസ്‌കനുമായ ഒരു അച്ചായന്‍ കഥാപാത്രത്തെയാണ് സംഗീത് ശിവന്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ അദ്ദേഹത്തില്‍ ഞാന്‍ കണ്ടെത്തുകയായിരുന്നു. 

കാനഡയിലെ മോണ്‍ട്രിയല്‍ ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. പിന്നീട് ദില്ലി ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു. ഇവിടങ്ങളിലൊക്കെ എത്തരത്തിലായിരുന്നു സ്വീകരണം?

സാധാരണ ഒരു ഇന്ത്യന്‍ സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ളതല്ല എന്ന പ്രതികരണമാണ് മോണ്‍ട്രിയലില്‍ നിന്നൊക്കെ ലഭിച്ചത്. വിഷ്വലി തന്നെ അത്തരമൊരു വ്യത്യാസം സിനിമയില്‍ അവര്‍ക്ക് തോന്നിയിരിക്കാം. സ്‌ക്രീനില്‍ നിന്ന് 'ജനക്കൂട്ട'ത്തെ ഒഴിവാക്കിയിട്ടുണ്ട്. അത് ബോധപൂര്‍വ്വം ചെയ്തതാണ്. പുറത്തുള്ള പ്രേക്ഷകര്‍ക്കൊക്കെ ഇങ്ങനെയും ഒരിന്ത്യയുണ്ട് എന്ന കാഴ്ച കൊടുക്കുന്നുണ്ട് ചിത്രം എന്നാണ് തോന്നിയത്. ഉള്ളിലേക്കൊക്കെ പോയിക്കഴിഞ്ഞാല്‍ ഒരു sleepy town ആണ് കോട്ടയം. റബ്ബര്‍ തോട്ടങ്ങളൊക്കെ ആയിട്ട്. ചിത്രത്തിന്റെ കാഴ്ചയില്‍ വരുത്തിയിരിക്കുന്ന ഈ വ്യത്യാസത്തിനൊപ്പം സംഗീതത്തിലും ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പാട്ടുകളുടെ രൂപത്തിലല്ല, പശ്ചാത്തലസംഗീതത്തിന്റെ രൂപത്തില്‍. നീളമുള്ള സ്‌കോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 3-4 മിനിറ്റ് ഒക്കെ ദൈര്‍ഘ്യമുള്ളവ. 

ദില്ലി ഫെസ്റ്റിവലില്‍ ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പല പ്രധാന ഫെസ്റ്റിവലുകളിലും അയയ്ക്കാന്‍ പറ്റിയില്ല. കാരണം സിനിമ ഫസ്റ്റ് കോപ്പിയാവാന്‍ പ്രതീക്ഷിച്ചതിലും വൈകി. അടുത്ത റൗണ്ട് ഫെസ്റ്റിവലുകളിലേ ഇനി അയയ്ക്കാന്‍ പറ്റൂ. ഒപ്പം റിലീസ് ചെയ്യുകയും വേണം. 

സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യത്തെ പരിശ്രമമല്ലേ കോട്ടയം?

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന സിനിമയുടെ ചായാഗ്രഹണം ഞാനാണ് ചെയ്തത്. ഒരു സ്പാനിഷ് ചിത്രത്തിനും സിനിമാറ്റോഗ്രഫി ചെയ്തിട്ടുണ്ട്. പക്ഷേ സംവിധാനം ചെയ്യുന്നത് ആദ്യമാണ്. ഫൈന്‍ ആര്‍ട്‌സ് ഫോട്ടാഗ്രഫിയിലാണ് എന്റെ ബിരുദം. മെല്‍ബണിലാണ് പഠിച്ചത്. യുഎസിലും യൂറോപ്പിലുമൊക്കെയുള്ള ഗാലറികളില്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനിടെ നാട്ടിലേക്ക് ഇടയ്‌ക്കൊക്കെയേ വന്നിരുന്നുള്ളൂ. 2013ന് ശേഷമാണ് ഇവിടെ സ്ഥിരതാമസമാക്കിയതും സിനിമയിലേക്ക് ശ്രദ്ധ തിരിച്ചതും. മൂന്ന് വര്‍ഷത്തോളമെടുത്തു കോട്ടയത്തിന്റെ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍. 

click me!