ഹര്‍ത്താല്‍ ചലച്ചിത്രമേളയെ ബാധിച്ചത് ഭാഗികമായി

By Web Team  |  First Published Dec 11, 2018, 3:07 PM IST

ഒന്‍പത് മത്സരവിഭാഗം ചിത്രങ്ങളടക്കം ഒട്ടേറെ പ്രധാന പ്രദര്‍ശനങ്ങളുള്ള ദിനമായിരുന്നു ഇന്ന്. മേളയില്‍ ഇതിനകം ആളെക്കൂട്ടിയ മത്സരവിഭാഗം ചിത്രം എല്‍ ഏയ്ഞ്ചല്‍, ലോകസിനിമാ വിഭാഗത്തിലുള്ള ക്രിസ്റ്റല്‍ സ്വാന്‍, ഇന്ത്യന്‍ സിനിമാ വിഭാഗത്തിലുള്ള പാര്‍വ്വതിയുടെ തമിഴ് ചിത്രം ശിവരഞ്ജിനി ആന്റ് റ്റു അദര്‍ വിമെന്‍ തുടങ്ങിയവയുടെയൊക്കെ പ്രദര്‍ശനങ്ങള്‍ ഇന്നുണ്ട്.
 


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയെ ബാധിച്ചത് ഭാഗികമായി. മേളയുടെ അഞ്ചാംദിനമായ ഇന്ന് ചില തീയേറ്ററുകളില്‍ ഡെലിഗേറ്റുകള്‍ ധാരാളമായി എത്തിയപ്പോള്‍ മറ്റ് ചില വേദികളിലെ സീറ്റുകള്‍ ഏറെക്കുറെ ഒഴിഞ്ഞുകിടന്നു.

ഒന്‍പത് മത്സരവിഭാഗം ചിത്രങ്ങളടക്കം ഒട്ടേറെ പ്രധാന പ്രദര്‍ശനങ്ങളുള്ള ദിനമായിരുന്നു ഇന്ന്. മേളയില്‍ ഇതിനകം ആളെക്കൂട്ടിയ മത്സരവിഭാഗം ചിത്രം എല്‍ ഏയ്ഞ്ചല്‍, ലോകസിനിമാ വിഭാഗത്തിലുള്ള ക്രിസ്റ്റല്‍ സ്വാന്‍, ഇന്ത്യന്‍ സിനിമാ വിഭാഗത്തിലുള്ള പാര്‍വ്വതിയുടെ തമിഴ് ചിത്രം ശിവരഞ്ജിനി ആന്റ് റ്റു അദര്‍ വിമെന്‍ തുടങ്ങിയവയുടെയൊക്കെ പ്രദര്‍ശനങ്ങള്‍ ഇന്നുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്ന, സ്വന്തം വാഹനങ്ങള്‍ ഉള്ള ഡെലിഗേറ്റുകളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. എന്നാല്‍ കേരളത്തിന്റെ പല ഭാഗത്തുനിന്ന് മേളയ്ക്കായി എത്തിയവരെ ഹര്‍ത്താല്‍ അക്ഷരാര്‍ഥത്തില്‍ വലച്ചു. 

Latest Videos

undefined

ഡെലിഗേറ്റുകള്‍ക്കായി മുന്‍വര്‍ഷങ്ങളില്‍ അക്കാദമി ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ ഓട്ടോറിക്ഷാ സര്‍വ്വീസ് ഇത്തവണ ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്കെത്താന്‍ നടപ്പ് തന്നെയായിരുന്നു മിക്കവര്‍ക്കും ശരണം. അപൂര്‍വ്വമായി നഗരത്തിലിറങ്ങിയ ഓട്ടോറിക്ഷക്കാര്‍ അന്‍പതും അറുപതുമൊക്കെയാണ് മിനിമം ചാര്‍ജ്ജായി ചോദിച്ചത്. എന്നാല്‍ പ്രധാന വേദികളിലൊക്കെ ജയില്‍ ഭക്ഷണസ്റ്റാളുകള്‍ ഏര്‍പ്പെടുത്തിയിരുന്നത് ഡെലിഗേറ്റുകള്‍ക്ക് വലിയ ആശ്വാസമായി.

മേളയുടെ ഇപ്പോഴത്തെ പ്രധാന വേദിയായ ടാഗോറില്‍ പതിവ് തിരക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഒരുപാട് സീറ്റുകളൊന്നും ഒഴിഞ്ഞ് കിടന്നിരുന്നില്ല. ന്യൂ തീയേറ്ററിലും അത്യാവശ്യം തിരക്കുണ്ടായിരുന്നു. എന്നാല്‍ കൈരളി, ശ്രീ, നിള തീയേറ്ററുകള്‍ ഏറെക്കുറെ ഒഴിഞ്ഞുകിടന്നു. പതിവിന് വിപരീതമായി ഏഴ് ദിവസങ്ങളില്‍ അവസാനിക്കുന്ന മേളയാണ് ഇത്തവണത്തേത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ദൂരെനിന്നെത്തിയവരില്‍ ഒരുവിഭാഗം ഇന്നലെത്തന്നെ തിരികെ പോയിട്ടുണ്ട്. 

click me!