ഫര്‍ഹാദിയുടെ മികവുറ്റ സിനിമാറ്റിക് എക്‌സ്പ്രഷനും ക്രൂസിന്റെ ഗംഭീര അഭിനയവും ചേര്‍ന്നുവരുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. രാത്രിയിലെ വിവാഹാഘോഷങ്ങള്‍ക്കിടെ വൈദ്യുതി പോകുന്നു. ഇരുട്ടത്ത് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മകളെ തിരക്കി നടക്കുന്ന ലോറ. പൊടുന്നനെ അതേ മൊബൈലില്‍ വരുന്ന എസ്എംഎസിന്റെ ശബ്ദത്തില്‍ ഞെട്ടുന്ന അവരുടെ മുഖം. പിന്നാലെ അതേ വെളിച്ചത്തില്‍ ആ എസ്എംഎസ് വായിക്കുമ്പോഴുള്ള ഭാവപ്രകടനം. ക്ലാസിക് സിനിമാറ്റിക് അനുഭവത്തില്‍ പെടുത്താവുന്ന ഒരു നിമിഷം.
മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 2016ലെ ഓസ്‌കര്‍ ലഭിച്ച 'ദി സെയില്‍സ്മാന്' ശേഷം (പുരസ്‌കാരം ഫര്‍ഹാദി സ്വീകരിച്ചില്ല) അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ചിത്രമാണ് എവരിബഡി നോസ് (everybody knows). സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ കമ്പനികള്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിന്റെ ഉദ്ഘാടന ചിത്രവുമായിരുന്നു. സിനിമയുടെ താരനിര്‍ണയം ഫര്‍ഹാദി ആരാധകരെ കൂടാതെയുള്ള സിനിമാപ്രേമികള്‍ക്കും കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു. ആര്‍ട്ട്ഹൗസ്, മുഖ്യധാരാ ഭേദമില്ലാതെ എല്ലാത്തരം സംവിധായകരും വിശ്വസിച്ച് തങ്ങളുടെ കഥാപാത്രങ്ങളെ ഏല്‍പ്പിക്കുന്ന നടന്‍ ഹവിയെര്‍ ബാര്‍ഡെം, ഒപ്പം സാക്ഷാല്‍ പെനിലോപ് ക്രൂസും. ചിത്രത്തിന്റെ അന്താരാഷ്ട്ര വിപണിയെ തീര്‍ച്ഛയായും ഈ താരനിര്‍ണയം സ്വാധീനിച്ചിരിക്കണം. എന്നാല്‍ 'എ സെപ്പറേഷനും' 'ദി സെയില്‍സ്മാനു'മൊക്കെ കണ്ട് ഫര്‍ഹാദി ആരാധകരായ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പമെത്തുമോ എവരിബഡി നോസ് എന്നത് സംശയമാണ്.
ഭര്‍ത്താവും മകളുമൊത്ത് അര്‍ജന്റീനയില്‍ ജീവിക്കുന്ന ലോറ (പെനിലോപ് ക്രൂസ്) ഒരു വിവാഹത്തില്‍ പങ്കുകൊള്ളാനായി സ്വന്തം നാടായ സ്‌പെയിനില്‍ എത്തുകയാണ്. നഷ്ടപ്രണയത്തിന്റെ കഥ പറയാന്‍ പാകോ (ഹവിയര്‍ ബാര്‍ഡെം) എന്ന ബാല്യകാലസുഹൃത്തുണ്ട് അവര്‍ക്ക് അവിടെ. ഏറെക്കാലത്തിന് ശേഷം അച്ഛനെയും മറ്റ് കുടുംബാംഗങ്ങളെയും കളിക്കൂട്ടുകാരനെയുമൊക്കെ കണ്ടതിന്റെ സന്തോഷത്തിലേക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ലോറ. മാഡ്രിഡിന് പുറത്തുള്ള, തിരക്കില്ലാത്ത ചെറുപട്ടണത്തിലെ തന്റെ വസതിയില്‍ ഉറ്റവരുമൊത്തുള്ള ഒരു ഒഴിവുകാലം കൂടിയാണ് ലോറയ്ക്ക് ഈ വരവ്. പക്ഷേ ആ സന്തോഷം അല്‍പായുസായിരുന്നു. വിവാഹദിവസം രാത്രി ആഘോഷങ്ങള്‍ക്കിടെ അപ്രതീക്ഷിതമായി അവരുടെ പതിനാറുകാരിയായ മകളെ കാണാതാവുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറിപ്പ് കിടപ്പുമുറിയില്‍ നിന്ന് ലഭിക്കുന്നു. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെടുന്ന തുക കണ്ടെത്താനുള്ള ലോറയുടെ ശ്രമം മുന്‍നിര്‍ത്തി ബന്ധങ്ങള്‍ക്കിടയിലുള്ള ആഴം പരിശോധിക്കുകയാണ് ഫര്‍ഹാദി. എന്നാല്‍ ഫര്‍ഹാദിയുടെ മുന്‍ ചിത്രങ്ങളിലെ വൈകാരിക തീവ്രത അനുഭവപ്പെടുത്തുന്നില്ല ചിത്രം.
undefined
മകളെ തട്ടിക്കൊണ്ടുപോയതില്‍ ഏറ്റവും ദു:ഖമനുഭവിക്കുന്നത് ലോറയാണ്. എന്നാല്‍ ലോറയുടെ ദു:ഖത്തിലേക്കല്ല ഫര്‍ഹാദിയുടെ ഫോക്കസ്. മറ്റാരൊക്കെ പ്രകടിപ്പിക്കുന്ന സ്‌നേഹം (പ്രധാനമായും ഭര്‍ത്താവും പഴയ കാമുകന്‍ പാകോയും) യഥാര്‍ഥത്തിലുള്ളതാണെന്ന സംശയം പിന്നീടുള്ള ഫ്രെയ്മുകളിലൊക്കെയുണ്ട്. ഒരു ശരാശരി സിനിമാപ്രേമിയെ സംബന്ധിച്ച് അപ്രതീക്ഷിതത്വങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ല കഥ പറഞ്ഞ് മുന്നോട്ടുപോകവെ ചിത്രം. അതേസമയം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലും സാങ്കേതികമായി ഉടനീളം പുലര്‍ത്തിയിരിക്കുന്ന മികവിലും ചിത്രം മോശമല്ലാത്ത ചലച്ചിത്രാനുഭവം പകരുന്നുമുണ്ട്.
എന്തുകൊണ്ട് പെനിലോപ് ക്രൂസിനെയും ഹവിയെര്‍ ബാര്‍ഡെത്തയും കാസ്റ്റ് ചെയ്തു എന്നതിനുള്ള മറുപടിയാണ് ഇരുവരുടെയും കഥാപാത്രങ്ങളും പ്രകടനങ്ങളും. മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയുള്ള ജോടിയാണ് യഥാര്‍ഥ ജീവിതത്തില്‍ ദമ്പതികളായ ഇരുവരും (വൂഡി അലന്റെ 'വിക്കി ക്രിസ്റ്റീന ബാഴ്‌സിലോണ' ഓര്‍ക്കാം). അത് ഫര്‍ഹാദി ചിത്രത്തിലും ഗംഭീരമാക്കിയിട്ടുണ്ട് അവര്‍. ബാര്‍ഡത്തേക്കാള്‍ ക്രൂസിനാണ് പെര്‍ഫോം ചെയ്യാന്‍ കൂടുതല്‍. ഫര്‍ഹാദിയുടെ മികവുറ്റ സിനിമാറ്റിക് എക്‌സ്പ്രഷനും ക്രൂസിന്റെ ഗംഭീര അഭിനയവും ചേര്‍ന്നുവരുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. രാത്രിയിലെ വിവാഹാഘോഷങ്ങള്‍ക്കിടെ വൈദ്യുതി പോകുന്നു. ഇരുട്ടത്ത് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മകളെ തിരക്കി നടക്കുന്ന ലോറ. പൊടുന്നനെ അതേ മൊബൈലില്‍ വരുന്ന എസ്എംഎസിന്റെ ശബ്ദത്തില്‍ അവരുടെ ഞെട്ടുന്ന മുഖം. പിന്നാലെ അതേ വെളിച്ചത്തില്‍ ആ എസ്എംഎസ് വായിക്കുമ്പോഴുള്ള ഭാവപ്രകടനം. ക്ലാസിക് സിനിമാറ്റിക് അനുഭവത്തില്‍ പെടുത്താവുന്ന ഒരു നിമിഷം.
ഫര്‍ഹാദിയുടെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ കാന്‍വാസിലാണ് എവരിബഡി നോസ് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രഫി എടുത്തുപറയാനുള്ളതുണ്ട്. അല്‍മദോവറിന്റെ 'വോള്‍വറും' 'ദി സ്‌കിന്‍ ഐ ലിവ്ഡ് ഇന്നു'മൊക്കെ ക്യാമറയില്‍ പകര്‍ത്തിയ സ്പാനിഷ് സിനിമാറ്റോഗ്രഫര്‍ ഹോസെ ലൂയിസ് അല്‍കെയിനാണ് എവരിബഡി നോസിന്റെ ഡിഒപി. തുടക്കത്തില്‍ ആള്‍ത്തിരക്ക് കുറഞ്ഞ സ്പാനിഷ് പട്ടണത്തിലെ വിവാഹവീട്ടിലേക്ക് ആഹ്ലാദത്തോടെ കാണിയെ ക്ഷണിക്കുന്ന അല്‍കെയിനിന്റെ ക്യാമറ പിന്നീട് വൈകാരികതാ വികാസത്തിനനുസരിച്ച് ഇന്‍ഡോറിലേക്കും മാറുന്നുണ്ട്. ഔട്ട്‌ഡോറിലെ രാത്രി രംഗങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്.
തുടക്കത്തില്‍ പറഞ്ഞതുപോലെ ഫര്‍ഹാദി ആരാധകര്‍ക്ക് ആവേശപ്പെടാനുള്ളത്ര എവരിബഡി നോസില്‍ ഉണ്ടാവില്ല. അതേസമയം ഹവിയെര്‍ ബാര്‍ഡത്തിന്റെയും പെനിലോപ് ക്രൂസിന്റെയും ഉഗ്രന്‍ പ്രകടനങ്ങളും സ്‌ക്രീന്‍ കെമിസ്ട്രിയും കാണാന്‍ ചിത്രത്തിന് ക്യൂ നില്‍ക്കാം.