കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്.
എല്ലാ വര്‍ഷവും ഓഗസ്റ്റ് 20ന് ലോക കൊതുക് ദിനമായി ആചരിക്കുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. ഈ കൊതുക് ദിനത്തില്‍ കൊതുകുകള്‍ പരത്തുന്ന ചില രോഗങ്ങളെ തിരിച്ചറിയാം.
1. ഡെങ്കിപ്പനി
ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് 'ഡെങ്കിപ്പനി'. വൈറസ് ബാധ ഉണ്ടായാല്‍ ആറ് മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ശരീരവേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍.
2. മലേറിയ
അനോഫെലീസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ് 'മലേറിയ'. ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. വിറച്ചു പനിക്കുന്ന രോഗി കുറച്ചു കഴിയുമ്പോള്‍ നന്നായി വിയര്‍ക്കും. അതേത്തുടര്‍ന്ന് പനി കുറയുമെങ്കിലും വീണ്ടും പനി ഉണ്ടാകും. ചില കേസുകളിൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ മലേറിയ മാരകമായേക്കാം.
3. ചിക്കുൻ ഗുനിയ
ഡെങ്കിപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ ഉണ്ടാവുന്ന ഒരു രോഗമാണ് 'ചിക്കുൻ ഗുനിയ'. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ. രോഗാണുക്കളുള്ള കൊതുക് കടിച്ച് 2 മുതല്‍ 12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. വിറയലോടു കഠിനമായ പനി, സന്ധി വേദന, പേശിവേദന, തലവേദന, കണ്ണിന് ചുമപ്പു നിറം വരിക, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ആണ് പ്രധാനമായും കാണുന്നത്. ചിക്കുൻഗുനിയ മഴക്കാലത്ത് പടർന്ന് പിടിക്കാൻ സാധ്യത കൂടുതലാണ്.
4. സിക്ക വൈറസ്
ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിീവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
5. വെസ്റ്റ് നൈൽ വൈറസ്
രോഗബാധിതരായ ക്യൂലക്‌സ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ വൈറസ് അഥവാ വെസ്റ്റ് നൈല്‍ പനി. തീവ്രത കൂടിയ പനി, കഠിനമായ തലവേദന, ശരീര വേദന, സന്ധി വേദന, ഛർദ്ദി, വയറിളക്കം, കഴുത്ത് അനക്കാന്‍ സാധിക്കാതെ മുറുകിയിരിക്കുന്ന അവസ്ഥ, ചിന്തകളില്‍ അവ്യക്തത, ആശയക്കുഴപ്പം, പേശീവേദന, പേശികളില്‍ വിറയല്‍, അപസ്മാരം/ചുഴലി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങളായി വരാറുണ്ട്.
വീട്ടിൽ കൊതുക് വരാതിരിക്കാൻ ചെയ്യേണ്ടത്:
1. വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീടും പരിസരവും വ്യത്തിയാക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
2. വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.
3. വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
4. സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും.
5. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.
6. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഹാപ്പി ഹോർമോണായ 'സെറോടോണിൻ' കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍