ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്കയില്ല; ലോകാരോഗ്യ സംഘടന

By Web Team  |  First Published Jul 1, 2021, 7:48 PM IST

ഇന്ത്യന്‍ വകഭേദമായ 'ഡെല്‍റ്റ പ്ലസ്' ഇതുവരെ 12 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തപ്പെട്ടിട്ടുണ്ട്. രാജ്യത്തിനകത്ത് 'ഡെല്‍റ്റ പ്ലസ്' ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നത് വസ്തുത തന്നെയാണ്


കൊവിഡ് 19 മഹാമാരിയുടെ അതിശക്തമായ രണ്ടാം തരംഗം കെട്ടടങ്ങുകയാണ് രാജ്യത്ത്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. ആദ്യതരംഗത്തില്‍ നിന്ന് വ്യത്യസ്തമായി വൈറസില്‍ ജനിതകവ്യതിയാനം സംഭവിക്കുകയും അത് പരിവര്‍ത്തനപ്പെടുകയും ചെയ്തതോടെയാണ് രോഗവ്യാപനവും മരണനിരക്കുമെല്ലാം ഉയര്‍ന്നത്. 

മൂന്നാം തരംഗത്തിലും വൈറസിന് പരിവര്‍ത്തനം സംഭവിക്കുകയാണെങ്കില്‍ ഒരുപക്ഷേ വീണ്ടും രൂക്ഷമായ സാഹചര്യങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ കണക്കുകൂട്ടലുകള്‍ക്കിടെയാണ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായ 'ഡെല്‍റ്റ' വകഭേദത്തില്‍ നിന്ന് പരിവര്‍ത്തനം സംഭവിച്ച 'ഡെല്‍റ്റ പ്ലസ്' വകഭേദം സ്ഥിരീകരിക്കപ്പെട്ടത്.

Latest Videos

undefined

ഇതോടെ ആശങ്കകള്‍ കനത്തു. 'ഡെല്‍റ്റ'യെക്കാള്‍ വേഗതയില്‍ രോഗവ്യാപനം നടത്താന്‍ 'ഡെല്‍റ്റ പ്ലസ്'ന് കഴിയുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിരുന്നത്. വാക്‌സിനേഷന്‍ പരമാവധി പേരില്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഇതിനെതിരെ ചെയ്യാവുന്നൊരു പ്രതിരോധം.

ഏതായാലും നിലവില്‍ ആഗോളതലത്തില്‍ ആശങ്കപ്പെടുത്തുന്ന വകഭേദമായ 'ഡെല്‍റ്റ പ്ലസ്' മാറിയിട്ടില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥനാണ് മാധ്യമങ്ങളോട് സംസാരിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനകത്ത് 'ഡെല്‍റ്റ പ്ലസ്' ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ ചിത്രം അതല്ല എന്നാണ് ഡോ. സൗമ്യ സ്വാമിനാഥന്‍ സൂചിപ്പിച്ചത്. 

ഇന്ത്യന്‍ വകഭേദമായ 'ഡെല്‍റ്റ പ്ലസ്' ഇതുവരെ 12 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തപ്പെട്ടിട്ടുണ്ട്. രാജ്യത്തിനകത്ത് 'ഡെല്‍റ്റ പ്ലസ്' ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നത് വസ്തുത തന്നെയാണ്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ അത്രമാത്രം ആശങ്കകള്‍ക്ക് ഇത് ഇടയാക്കിയിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. 

ചില രാജ്യങ്ങള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കാതിരിക്കുന്നതിന് എതിരെയും ഡോ. സൗമ്യ സ്വാമിനാഥന്‍ പ്രതികരിച്ചു. യൂറോപ്യന്‍ മെഡിക്കല്‍ റെഗുലേറ്ററുമായി ലോകാരോഗ്യസംഘടന ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും അവര്‍ വ്യക്തമാക്കി.

Also Read:- കൊവിഡ് മൂന്നാം തരംഗഭീഷണിക്കിടെ 'ഡെല്‍റ്റ പ്ലസ്' വകഭേദം ആശങ്കയാകുന്നു

click me!