കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനിലുള്ള ഒരു ലബോറട്ടറിയില്‍ നിന്നാണ് രോഗകാരി പുറത്തുകടന്നിരിക്കുന്നത് എന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ട് നേരത്തേ തന്നെ ചൈന രംഗത്തെത്തിയിരുന്നു. അതേസമയം, ജര്‍മ്മനിയുള്‍പ്പെടെ പല രാജ്യങ്ങളും ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചൈനയ്ക്ക് നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുവാനും തുടങ്ങി
ലോകരാജ്യങ്ങളെയൊട്ടാകെ പിടിച്ചുകുലുക്കിയ മാരക രോഗകാരിയായ കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന തരത്തിലുള്ള വാദങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യക്ഷമായി ഇത്തരമൊരു ആരോപണം ചൈനയ്‌ക്കെതിരെ ഉന്നയിച്ചത് ആദ്യം അമേരിക്കയായിരുന്നു. അറിഞ്ഞുകൊണ്ടാണ് ചൈന ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തത് എങ്കില്‍ അതിന് തക്കതായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് രൂക്ഷമായ ഭാഷയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതോടെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും പ്രചാരണങ്ങള്‍ക്കുമെല്ലാം ചൂട് പിടിക്കാന്‍ തുടങ്ങിയത്.
കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനിലുള്ള ഒരു ലബോറട്ടറിയില്‍ നിന്നാണ് രോഗകാരി പുറത്തുകടന്നിരിക്കുന്നത് എന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ട് നേരത്തേ തന്നെ ചൈന രംഗത്തെത്തിയിരുന്നു. അതേസമയം, ജര്‍മ്മനിയുള്‍പ്പെടെ പല രാജ്യങ്ങളും ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചൈനയ്ക്ക് നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുവാനും തുടങ്ങി.
undefined
Also Read:- ചൈനയ്ക്കെതിരെ തക്കതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ്...
ഇതിനിടെ, കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് നൊബേല്‍ ജേതാവായ പ്രമുഖ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലുക് മൊണ്ടേനിയര്‍ രംഗത്തെത്തി. ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങളും വൈകാതെ വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടി. ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് തന്നെയാണ് കൊറോണ വൈറസ് പുറത്തെത്തിയിരിക്കുന്നതെന്നും എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. എച്ച്‌ഐവി, മലേരിയ വൈറസുകളുടെ ജനിതകഘടനകള്‍ കൊറോണ വൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ ഇത് പ്രകൃത്യാ ഉണ്ടായതാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്തായാലും രാജ്യങ്ങള്‍ തമ്മിലുള്ള വലിയ വാക്കേറ്റങ്ങള്‍ക്കും പഴിചാരലുകള്‍ക്കും കൊവിഡ് 19 കാരണമാകുന്ന പശ്ചാത്തലത്തില്‍ നയപരമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ഏതോ മൃഗത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് ലഭ്യമായ തെളിവുകളിലൂടെ സ്ഥിരീകരിക്കാന്‍ കഴിയുന്നതെന്നും മനുഷ്യനിര്‍മ്മിതമല്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
Also Read:- 'കൊറോണവൈറസ് മനുഷ്യ സൃഷ്ടിയല്ല'; ആരോപണങ്ങള്‍ തള്ളി വുഹാന്‍ വൈറോളജി ലാബ് തലവന്‍...
'നമുക്ക് ഇന്ന് കിട്ടാവുന്നതില്‍ വച്ചേറ്റവും കൂടുതല്‍ തെളിവുകള്‍ ഒത്തുനോക്കുമ്പോള്‍ ഈ വൈറസ് ഏതോ മൃഗത്തില്‍ നിന്ന് തന്നെ ഉണ്ടായതാണെന്നാണ് അനുമാനിക്കാന്‍ കഴിയുന്നത്. അല്ലാതെ ഇത് ആരെങ്കിലും ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തതോ, ഏതെങ്കിലും ലാബുകളില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്നതോ ഒന്നും അല്ല. പിന്നെ ഏത് മൃഗത്തില്‍ നിന്നാണെങ്കിലും അതെങ്ങനെ മനുഷ്യനിലെത്തി എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. അക്കാര്യങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്...'- ലോകാരോഗ്യ സംഘടനാപ്രതിനിധി ഫദേല ചൈബ് ജനീവയില്‍ പറഞ്ഞു.
വവ്വാലില്‍ നിന്നാണ് വൈറസ് വന്നതെങ്കില്‍പ്പോലും അത് നേരിട്ട് മനുഷ്യനിലേക്കെത്തില്ലെന്നും വൈറസിന്റെ ഉത്ഭവകേന്ദ്രമായ മൃഗത്തിനും മനുഷ്യനുമിടയ്ക്ക് മറ്റേതോ ജീവിയിലൂടെയും വൈറസ് കടന്നുവന്നിട്ടുണ്ടെന്നും ചൈബ് വ്യക്തമാക്കുന്നു. ഇതിന്മേല്‍ കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Also Read:- കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതം; ആരോപണവുമായി എച്ച്‌ഐവി കണ്ടെത്തിയ നൊബേല്‍ ജേതാവ്...
സമയോചിതമായ ഇടപെടലാണ് ലോകാരോഗ്യ സംഘടന നടത്തിയിരിക്കുന്നത്. എന്നാല്‍ കത്തിപ്പടരുന്ന വിവാദങ്ങള്‍ക്ക് താല്‍ക്കാലികമായി തണുപ്പ് പകരാനെങ്കിലും ഈ വിശദീകരണം ഉപകരിക്കുമോയെന്ന് കണ്ടറിയുക തന്നെ ചെയ്യണം.