വെരിക്കോസ് വെയ്ന്‍ കൊണ്ടുനടക്കേണ്ട, ചികിത്സിച്ചു മാറ്റാം; ഡോക്ടര്‍ എഴുതുന്നു

By Web TeamFirst Published May 29, 2024, 10:04 AM IST
Highlights

വെരിക്കോസ് വെയ്ന്‍ എങ്ങനെ ചികിത്സിച്ചു മാറ്റാം എന്നതിനെ കുറിച്ച് ഡോ. സുനില്‍ രാജേന്ദ്രന്‍ എഴുതുന്നു.
 

വെരിക്കോസ് വെയ്ന്‍ എന്ന രോഗം കൊണ്ട് പ്രയാസപ്പെടുന്നവരുടെ എണ്ണം ആഗോള ജനസംഖ്യയുടെ അഞ്ചു ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് 6.5 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. വെരിക്കോസ് വെയ്ന്‍ രോഗത്തിന് ഓപറേഷന്‍ മാത്രമാണ് പരിഹാരം എന്നൊരു കാലമുണ്ടായിരുന്നു. മാത്രമല്ല, അതു ചെയ്താലും വീണ്ടും രോഗം വരും എന്നൊരു സ്ഥിതി വിശേഷവും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വെരിക്കോസ് വെയ്ന്‍ ചികിത്സ തേടുന്നതില്‍ നിന്ന് പിന്‍മാറുകയും ഇതുകൊണ്ട് വലിയ ഫലമില്ലെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

എന്താണ് വെരിക്കോസ് വെയ്ന്‍?

Latest Videos

സ്ത്രീകളില്‍ പ്രസാവനന്തരം വരുന്നൊരു രോഗം എന്ന നിലയില്‍ മാത്രമാണ് ആളുകള്‍ ഇതിനെ കണ്ടിരുന്നത്. എന്നാല്‍ സ്ത്രീപുരുഷ ഭേദമെന്യെ ഏതു പ്രായക്കാര്‍ക്കും വരാവുന്ന രോഗമാണിത്. അതേസമയം പുരുഷന്‍മാരില്‍ ഈ രോഗബാധയുള്ളവരുടെ എണ്ണം കൂടുതലാണ്. കാലുകളില്‍ ഞരമ്പുകള്‍ തടിച്ചുപൊന്തി നില്‍ക്കുകയും ഫലപ്രദമായ ചികിത്സലഭിക്കാതെ വന്നാല്‍ അണുബാധയുണ്ടാവുകയും ഗുരുതരമായി മാറുകയും ചെയ്യുന്ന രോഗമാണിത്. മനുഷ്യശരീരത്തില്‍ ശുദ്ധരക്തം വഹിക്കുന്ന ധമനികളും അശുദ്ധരക്തം വഹിക്കുന്ന സിരകളുമുണ്ട്. ഇതില്‍ ശരീരത്തിന്റെ ത്വക്കിനോട് ചേര്‍ന്നുള്ള സിരകളിലെ സൂക്ഷ്മഭിത്തികളുടെ തകരാറു മൂലം രക്തപ്രവാഹത്തിന്റെ താളം തെറ്റുകയും ക്രമേണ അത് തൊലികള്‍ക്കിടയിലുള്ള ചെറിയ സിരകളെ ബാധിച്ച് പുറത്തേക്ക് കാണത്തക്കവിധം തടിച്ചു വീര്‍ക്കുന്നു. 

ചികിത്സ

രോഗത്തിന്റെ ആരംഭഘട്ടത്തില്‍ ചില ലഘു വ്യായാമ മുറകളിലൂടെയും തെറാപ്പികളും മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്. ഇതുകൊണ്ട് ഫലം ലഭിക്കാതെ വരുന്ന പക്ഷം കേടുവന്ന ഞരമ്പുകള്‍ ശസ്ത്രക്രിയ വഴി എടുത്തു മാറ്റുകയാണ് ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കേടുവന്ന ഞരമ്പുകള്‍ എടുത്തു മാറ്റാതെ തന്നെ ശരീരത്തോട് അലിയിച്ചു ചേര്‍ക്കുന്ന ചികിത്സ- ലേസര്‍ ചികിത്സ ലഭ്യമാണ്. വെരിക്കോസ് ചികിത്സാ രംഗത്തെ നാഴികക്കല്ലാണ് ഇത്. ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നു എന്നതിലേറെ രോഗം തിരിച്ചുവരുന്നതിനുള്ള സാധ്യത ഏകദേശം 5 ശതമാനത്തിലേക്ക് താഴെ കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. -സ്‌ക്ലീറോതെറാപ്പി, ഹുക്‌സ് ഫ്‌ളെബക്ടമി ട്രീറ്റ്‌മെന്റ് തുടങ്ങിയ ചികിത്സാ രീതികള്‍ ആണ് ഇതിനായി സ്വീകരിക്കുന്നത്. പലപ്പോഴും ഒരു രോഗിയില്‍ തന്നെ പല ചികിത്സാരീതികളും പ്രയോഗിക്കുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്.

കാലിലെ ഞരമ്പുകള്‍ വിവിധ വലിപ്പത്തിലുള്ളവയായതുകൊണ്ട് ലേസര്‍ചികിത്സയ്ക്കു മുമ്പുള്ള പ്രാരംഭ പരിശോധനകള്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് കാലിലെ തടിച്ചുവീര്‍ത്ത ഞരമ്പുകള്‍ക്ക് അവയുടെ വലിപ്പത്തിനും ഘടനയ്ക്കും അനുസരിച്ച ചികിത്സകള്‍ ആവശ്യമായി വരും. വെരിക്കോസ് വെയ്ന്‍ ചികിത്സയില്‍ കാര്യമായ സ്വാധീനം ചെലുത്തിയ മറ്റൊന്ന് സര്‍ജന്‍ തന്നെ ചെയ്യുന്ന അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ആണ്. സ്‌കാന്‍ ചെയ്യുന്നത് സര്‍ജന്‍ തന്നെയായതുകൊണ്ട് ഞരമ്പിന്റെ ഘടന മനസ്സിലാക്കി ഒ  രു മാപ്പിംഗ് നടത്തുന്നു. അസുഖത്തെക്കുറിച്ചുള്ള കൂടുതല്‍ ധാരണ ലഭിക്കുന്നതുകൊണ്ട് ചികിത്സ വളരെ ഫലപ്രദമാകുകയും ചെയ്യുന്നുണ്ട്. 

ചികിത്സാ സാധ്യതകള്‍

വെയ്ന്‍ മാപ്പിംഗ് വഴിയാണ് ഏതെല്ലാം ഞരമ്പുകളെ കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തേണ്ടതെന്ന് നിശ്ചയിക്കുന്നത്. ഏതു ഞരമ്പുകള്‍ക്ക്, ഏതുവിധം ചികിത്സ എന്ന് നിശ്ചയിക്കുന്നത് ഇത് നോക്കിയാണ്. തടിച്ചു പൊന്തിനില്‍ക്കുന്ന ഞരമ്പുകളെ രേഖപ്പെടുത്തി, സ്‌ക്ലീറോ തെറാപ്പി പോലെ നേരത്തെ ഉപയോഗിച്ചിരുന്ന സങ്കേതങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈ പുതിയ ചികിത്സാ രീതി വ്യത്യസ്തമായത്. ലേസര്‍ ചെയ്യാന്‍ കഴിയാത്ത ചെറിയ സിരാഭാഗങ്ങളെ ശരീരത്തില്‍ നിന്ന് എടുത്ത് നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് ഹുക് ഫ്‌ളെബക്ടമി. ചെറിയ ഹുക്ക് ഉപയോഗിച്ച് സിരയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണിത്. ഓരോ രോഗിയുടെയും സിരയുടെ വലിപ്പം, ഘടന, രോഗിയുടെ ലക്ഷണങ്ങള്‍, എല്ലാം അനുസരിച്ച് ഓരോ പ്ലാന്‍ തയ്യാറാക്കും. ആ പ്ലാന്‍ അനുസരിച്ച് ഒരു ഭാഗത്തെ ഞരമ്പുകള്‍ ലേസര്‍ കൊണ്ടും മറ്റൊരു ഭാഗത്തെ സ്‌ക്ലീറോ തെറാപ്പി കൊണ്ട്, വേറൊരു ഭാഗത്തെ ഹുക്ക് ഫ്‌ളെബക്ടമി രീതി ഒക്കെ ഉപയോഗിച്ചാണ് ചികിത്സ നല്‍കുന്നത്. ഈ മൂന്ന് രീതികളും ഉപയോഗിച്ച് രോഗബാധിതമായ എല്ലാ ഞരമ്പുകളും നീക്കം ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ തുടര്‍ന്നുവരുന്നത്.

ആശുപത്രി വാസം വേണ്ട

വെയ്ന്‍ മാപ്പിംഗ് കഴിഞ്ഞാല്‍ അന്നു തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആകാം എന്നതാണ് ലേസര്‍ ചികിത്സയുടെ പ്രത്യേകത. ചികിത്സ കഴിഞ്ഞ് അന്നു തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യാം. ഒരു വലിയ ചികിത്സ നല്‍കുന്നു എന്ന പ്രതീതിയൊന്നുമില്ലാതെ ലളിതമായാണ് ചികിത്സാ നടപടിക്രമങ്ങള്‍. കട്ടിപിടിച്ച ഞരമ്പുകളിലൂടെ ലേസര്‍ താപം അല്‍പാല്‍പമായി കടത്തിവിട്ട് കേടുസംഭവിച്ച ഞരമ്പുകളെ ചുരുക്കുകയാണ് ചികിത്സയുടെ രണ്ടാം ഘട്ടം. ഇങ്ങനെ ശോഷിക്കുന്ന ഞരമ്പുകള്‍ പിന്നീട് ശരീരത്തോട് അലിഞ്ഞു ചേരും. ലേസര്‍ ചികിത്സയ്ക്ക് ഉചിതമല്ലാത്ത ശേഷിച്ച ഞരമ്പുകള്‍ സ്‌ക്ലീറോതെറാപ്പി വഴി നീക്കം ചെയ്യുകയും ചെയ്യുമ്പോള്‍ ചികിത്സ പൂര്‍ണ്ണമാകുന്നു.

എഴുതിയത്: 

ഡോ. സുനില്‍ രാജേന്ദ്രന്‍,
സീനിയര്‍ കണ്‍സല്‍ട്ടന്റ്-വാസ്‌കുലര്‍ സര്‍ജന്‍,
സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, കോഴിക്കോട്.

Also read: ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ട പത്ത് ആന്‍റി- ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

youtubevideo

click me!