ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ആറ് ക്യാന്‍സറുകള്‍; അറിയാം ഈ പ്രാരംഭ ലക്ഷണങ്ങൾ...

By Web TeamFirst Published Feb 5, 2024, 3:59 PM IST
Highlights

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വെച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തതാണ്. 

ഒരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയാണ് അർബുദം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വെച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തതാണ്. അത്തരത്തില്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത,  ഒളിഞ്ഞിരിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്ന ചില ക്യാന്‍സറുകളെയും അവയുടെ പ്രാരംഭ ലക്ഷണങ്ങളെയും പരിചയപ്പെടാം... 

1. പാൻക്രിയാറ്റിക് ക്യാൻസർ

Latest Videos

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പാൻക്രിയാസില്‍ ഉണ്ടാകുന്ന അര്‍ബുദമാണ് പാൻക്രിയാറ്റിക് ക്യാൻസർ. പലപ്പോഴും ഇവയുടെ ലക്ഷണങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് കൊണ്ടു തന്നെ ഇവയെ നിശബ്ദ കൊലയാളി ആണ് എന്നാണ് വിശേഷിപ്പിക്കുന്നത്. വയറിന്‍റെ മുകള്‍ ഭാഗത്തെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍, ശരീരഭാരം കുറയുക തുടങ്ങിയവയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍.  

2. ബ്രെയിന്‍ ക്യാന്‍സര്‍ 

ബ്രെയിന്‍ ക്യാന്‍സര്‍ അഥവാ മസ്തിഷ്ക ക്യാന്‍സറും പലപ്പോഴും ലക്ഷണങ്ങള്‍ വെച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.  തലവേദന, ക്ഷീണം, വൈജ്ഞാനിക പ്രവർത്തനത്തിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇവയുടെ ലക്ഷണങ്ങളും പലപ്പോഴും ആദ്യം തിരിച്ചറിയാതെ പോകാം.  

3. അണ്ഡാശയ ക്യാന്‍സര്‍

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. ഇവയുടെ ലക്ഷണങ്ങളും ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാതെ പോകാം. അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നതും എപ്പോഴും വയറു വീര്‍ത്തിരിക്കുന്നതുമാണ് അണ്ഡാശയ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ വയറുവേദന, ഇടുപ്പു വേദന, ദഹനപ്രശ്നങ്ങൾ, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, വയറിന്‍റെ വലുപ്പം കൂടുക, കടുത്ത മലബന്ധം,  ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.

4. അന്നനാള ക്യാന്‍സര്‍

അസിഡിറ്റി, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, ശരീരഭാരം പെട്ടെന്ന് കുറയുക പോലെയുള്ള സാധാരണ ലക്ഷണങ്ങളാണ് അന്നനാളത്തിലെ ക്യാൻസറിന്‍റെ ആദ്യ സൂചനകള്‍. 

5. ലങ് ക്യാന്‍സര്‍ 

ശ്വാസകോശത്തിൽ ആരംഭിക്കുന്ന ക്യാൻസറാണ്  ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം.  വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യം ലക്ഷണം. അതുപോലെ നെഞ്ചിലെ അസ്വസ്ഥത, ശ്വസിക്കാനുളള ബുദ്ധിമുട്ട് ഇതൊക്കെ പലപ്പോഴും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളുടെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാം. 

6. കിഡ്നി ക്യാന്‍സര്‍

വൃക്കയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് കിഡ്നി ക്യാന്‍സര്‍. മൂത്രത്തില്‍ രക്തം കാണപ്പെടുന്നതാണ് കിഡ്നി ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണം. ഇത് പലരും ശ്രദ്ധിക്കാതെ പോകാം. അതുപോലെ  കിഡ്നി കാൻസറിന്റെ വളരെ സാധാരണമായ ലക്ഷണമാണ്  മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, നടുവേദന അതായത് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, എന്നിവയൊക്കെ.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട...

youtubevideo

click me!