ഉത്കണ്ഠ നമ്മുടെ ഉറക്കത്തെയും, ശ്രദ്ധയെയും, ഓർമ്മശക്തിയെയും വരെ ബാധിക്കുന്ന ഒരവസ്ഥയാണ്. ഉത്കണ്ഠ നിറഞ്ഞ ചിന്തകളെ മാറ്റിയെടുക്കാനും സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കുന്ന നിലയിലേക്ക് മാറാനും മനഃശാസ്ത്ര ചികിത്സ സഹായകരമാകും.
പലപ്പോഴും ഉത്കണ്ഠ ബുദ്ധിമുട്ടുള്ള ആളുകൾക്ക് അവർ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി വീട്ടിലുള്ളവരോടോ സുഹൃത്തുക്കളോടോ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ വരാറുണ്ട്. എല്ലാം നിന്റെ തോന്നൽ മാത്രമാണ് എന്ന മറുപടി കേൾക്കേണ്ടിവരുന്നതും അവരെ വിഷമിപ്പിക്കും. വലിയ തെറ്റുകൾ ഒന്നും ചെയ്യാതെ തന്നെ താനൊരു തെറ്റുകാരനാണോ എന്ന് ഉത്കണ്ഠപ്പെടുന്ന വ്യക്തി ചിലപ്പോൾ ഒസിഡി (OCD) എന്ന മാനസിക ബുദ്ധിമുട്ടിലൂടെയായിരിക്കും കടന്നുപോകുന്നത്.
ടെൻഷൻ അമിതമാകുമ്പോൾ നെഞ്ചിനു ഭാരവും ശ്വാസതടസ്സവും അനുഭവപ്പെടുന്ന വ്യക്തി തനിക്ക് ഹാർട്ട് അറ്റാക്ക് ആണോ എന്ന് ഭയപ്പെട്ടുപോകും. അവർ പാനിക് അറ്റാക്ക് എന്ന മാനസിക അവസ്ഥയാകും അനുഭവിക്കുന്നത്. താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശരീരത്തിന്റെ ബുദ്ധിമുട്ടാണോ അതോ മനസ്സിന്റെ ടെൻഷനാണോ എന്നു വേർതിരിച്ചറിയാൻ അവർക്ക് ബുദ്ധിമുട്ടു നേരിട്ടേക്കാം. ഉത്കണ്ഠ ഉണ്ടോ എന്ന് സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്ന ലേഖനം.
● എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന നിരന്തരമായ ചിന്തയും അതുണ്ടാക്കുന്ന ഭയവും
● സമാധാനമായി ഇരിക്കാൻ കഴിയാത്തതിനാൽ ജോലിയും, വ്യക്തിജീവിതവും നെഗറ്റീവ് ആയി ബാധിക്കുന്ന അവസ്ഥ
● നല്ല ഉറക്കം കിട്ടാതെ വരിക, ഉറങ്ങാൻ കിടക്കുമ്പോൾ ഭാവിയെപ്പറ്റിയുള്ള ആധി മനസ്സിൽ നിറയുക
● ശ്രദ്ധയും, ഓർമ്മശക്തിയും കുറയുക- എന്തു കാര്യം ചെയ്യുമ്പോഴും, ഉദാ: സിനിമ കാണുകയോ, സുഹൃത്തുക്കളോടു സംസാരിക്കുകയോ ചെയ്യുമ്പോൾപോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ ഉത്കണ്ഠ ഉണ്ടാക്കുന്ന ചിന്തകൾ മനസ്സിൽ നിറയുക
● എപ്പോഴും നെഞ്ചിനൊരു ഭാരവും, ശ്വാസതടസ്സം പോലെയും തോന്നുക
● മനസ്സു കൈവിട്ടു പോകുകയാണ് എന്ന ഭയം തോന്നുക
● പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുകയും അതു പിന്നീട് വലിയ ഭയമുണ്ടാക്കുകയും ചെയ്യുക- ഈ ഭയംകാരണം ജോലിയിലും മറ്റും ശ്രദ്ധിക്കാൻ കഴിയാതെ വരിക
● ചില ഭയപ്പെടുത്തുന്ന ചിന്തകൾ/ ചില സംശയങ്ങൾ മനസ്സിലേക്ക് വന്നുകഴിയുമ്പോൾ നെഞ്ചിടിപ്പ് കൂടുക, വിറയൽ അനുഭപ്പെടുക എന്നിവ
● ഉത്കണ്ഠ തോന്നുന്ന സാഹചര്യങ്ങളെ മനഃപൂർവം ഒഴിവാക്കുക, ഉദാ: ലിഫ്റ്റിൽ കയറുന്നത്, ആൾകൂട്ടം എന്നിവ
● ആരോഗ്യത്തെക്കുറിച്ചുള്ള അമിത ഉത്കണ്ഠ
● അമിതമായ വൃത്തി, ചില കാര്യങ്ങൾ ആവർത്തിച്ചു പരിശോധിക്കുക, പല തവണ എണ്ണിനോക്കുക (ഈ ലക്ഷണങ്ങൾ OCD യുടേതാവാം).
ഉത്കണ്ഠയുള്ളവരിൽ പൊതുവെ കാണുന്ന ലക്ഷണങ്ങളാണ് മുകളിൽ പറഞ്ഞത്. ഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുന്നുണ്ട് എങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ച് രോഗനിർണ്ണയം നടത്തുക. ഉത്കണ്ഠ നമ്മുടെ ഉറക്കത്തെയും, ശ്രദ്ധയെയും, ഓർമ്മശക്തിയെയും വരെ ബാധിക്കുന്ന ഒരവസ്ഥയാണ്.
ഉത്കണ്ഠ നിറഞ്ഞ ചിന്തകളെ മാറ്റിയെടുക്കാനും സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കുന്ന നിലയിലേക്ക് മാറാനും മനഃശാസ്ത്ര ചികിത്സ സഹായകരമാകും. ഈ നിമിഷത്തേക്ക് കൂടുതൽ ശ്രദ്ധവെച്ചുകൊണ്ട് ഭാവിയെപ്പറ്റി ആശങ്ക ഒഴിവാക്കണം. Mindfulness ട്രെയിനിങ് എന്ന മനഃശാസ്ത്ര ചികിത്സ ഇതിന് സഹായിക്കും.
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
ആത്മവിശ്വാസത്തോടെ 'നോ' പറയാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ?