പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന മൂന്ന് കാര്യങ്ങള്‍; ഇപ്പോഴേ ശ്രദ്ധിച്ചുതുടങ്ങൂ...

By Web TeamFirst Published Dec 26, 2023, 8:24 PM IST
Highlights

പാരമ്പര്യമായി പ്രമേഹം പിടിപെടാം. ഇതൊരു വശത്ത് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ നമ്മുടെ മോശം ജീവിതരീതികളും പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകാറുണ്ട്.

പ്രമേഹം, നമുക്കറിയാം, ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം എത്രമാത്രം പ്രശ്നഭരിതമായ അവസ്ഥയാണെന്നത് മിക്കവരും ഇന്ന് മനസിലാക്കുന്നുണ്ട്. ഹൃദയം അടക്കം പല അവയവങ്ങളെയും പ്രമേഹം ക്രമേണ ബാധിക്കാമെന്നും, ജീവൻ തന്നെ കവരുന്ന നിലയിലേക്ക് പ്രമേഹം വില്ലനായി മാറാമെന്നുമെല്ലാം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. 

നമ്മുടെ രാജ്യമാണെങ്കില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ ഓരോ ദിനവും കുതിപ്പ് തുടരുകയാണ്. ലോകത്ത് തന്നെ ഇത്രയധികം പ്രമേഹരോഗികളുള്ള മറ്റൊരു രാജ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി അല്‍പം കൂടി കഴിഞ്ഞാല്‍ ഈ അവസ്ഥ വീണ്ടും പരിതാപകരമാകും എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

Latest Videos

പാരമ്പര്യമായി പ്രമേഹം പിടിപെടാം. ഇതൊരു വശത്ത് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ നമ്മുടെ മോശം ജീവിതരീതികളും പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകാറുണ്ട്. അതിനാല്‍ പ്രമേഹം ചെറുക്കണമെങ്കില്‍ എങ്ങനെയാണ് നാമതിലേക്ക് വീണുപോകുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം കൂടി അറിഞ്ഞിരിക്കണം.

ഇത്തരത്തില്‍ പ്രമേഹത്തിലേക്ക് നമ്മെ എത്തിക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കായികാധ്വാനങ്ങളേതും ഇല്ലാതെ, വ്യായാമമില്ലാതെ, ശരീരം വേണ്ടവിധം അനങ്ങാതെ തുടരുന്ന ജീവിതരീതിയാണ് പ്രമേഹത്തിന് വലിയൊരു കാരണമായി പിന്നീട് തീരുന്നത്. ഇന്ന് ചെറുപ്പക്കാര്‍ അടക്കം വലിയൊരു വിഭാഗം പേരും ഇതുപോലുള്ള അനാരോഗ്യകരമായ ജീവിതരീതി തന്നെയാണ് തുടരുന്നത്. 

വ്യായാമില്ലാതെ ശരീരം അനങ്ങാതിരിക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ പേശികളിലേക്ക് എനര്‍ജിക്കായി വിനിയോഗിക്കാൻ എത്തുന്നില്ല. ഷുഗര്‍ അങ്ങനെ തന്നെ കിടക്കും. ഇതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. 

രണ്ട്...

അനാരോഗ്യകരമായ ഭക്ഷണരീതി തന്നെ മറ്റൊരു കാരണം. ഇത് ഏവര്‍ക്കും അറിയാം. പഞ്ചസാര മാത്രമല്ല വിവിധ രൂപത്തില്‍ നമുക്ക് മുമ്പിലെത്തുന്ന മധുരം, കാര്‍ബ് എന്നിവയെല്ലാം പ്രമേഹത്തിന് വഴി വെട്ടുന്നു. പ്രധാനമായും പ്രോസസ്ഡ് ഫുഡ്സിന്‍റെ അതിപ്രസരം ആണ് ആളുകളെ വെട്ടിലാക്കുന്നത്. 

പുറത്തുനിന്ന് കഴിക്കുന്ന പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ് എന്നിവയെല്ലാം പരമാവധി ഒഴിവാക്കി, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സാധാരണനിലയിലുള്ള ഭക്ഷണം കഴിച്ചാല്‍ തന്നെ പ്രമേഹം അടക്കം പല രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമുക്ക് കഴിഞ്ഞേക്കും. എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന തരത്തില്‍ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ബാലൻസ്ഡ് ആയി വേണം ഡയറ്റ് ക്രമീകരിക്കാൻ. ചോറ്, മാംസാഹാരം, പച്ചക്കറി, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, നട്ട്സ് എന്നിങ്ങനെ പല പോഷകങ്ങളും ദിവസത്തില്‍ ലഭ്യമാക്കാൻ ശ്രമിക്കണം. 

മധുരവും - അത്തരത്തിലുള്ള വിഭവങ്ങളും പ്രോസസ്ഡ് ഫുഡ്സും അള്‍ട്രാ പ്രോസസ്ഡ് ഫുഡ്സും (ജങ്ക് ഫുഡ്സ്)  തന്നെ പ്രമേഹത്തിലേക്ക് ഏറെയും വഴിയൊരുക്കുന്നത്. 

മൂന്ന്...

രാത്രിയില്‍ കൃത്യമായി ഉറക്കം ലഭിക്കാത്ത അവസ്ഥ, ഇതിനൊപ്പം സ്ട്രെസ്- എന്നിവയാണ് അടുത്തതായി പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന കാരണങ്ങള്‍. ഇന്ന് ധാരാളം പേര്‍ ഇത്തരത്തില്‍ ഉറക്കമില്ലായ്മയും സ്ട്രെസും മൂലം പ്രയാസം നേരിടുന്നുണ്ട്. 

ഈ രണ്ട് പ്രശ്നങ്ങളും അവയുടെ പശ്ചാത്തലം കണ്ടെത്തി പരിഹരിക്കുകയെന്നതേ മാര്‍ഗമുള്ളൂ. ഉറക്കം ശരിയാകാത്തതും സ്ട്രെസും പ്രമേഹം മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുണ്ട്. 

Also Read:- മലബന്ധം പരിഹരിക്കാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കാം; അറിയാം ഇതിനുള്ള കാരണവും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!