കൊവിഡ് ഭേദമായവരില്‍ വീണ്ടും വൈറസ് കടന്നുകൂടുമോ? ഇവര്‍ രോഗം പരത്തുമോ?

By Web Team  |  First Published Jan 14, 2021, 8:22 PM IST

ഒരിക്കല്‍ കൊവിഡ് വന്നവരില്‍ തന്നെ വീണ്ടും അണുബാധ കണ്ടെത്തിയ കേസുകള്‍ വളരെ കുറവാണെന്നും അതേസമയം ഇവര്‍ വൈറസ് വാഹകരായി രോഗവ്യാപനത്തില്‍ പങ്കെടുത്തേക്കാമെന്നും പഠനം വ്യക്തമായിപ്പറയുന്നു. പഠനത്തിനായി പരിഗണിച്ച ആറായിരത്തിലധികം കേസുകളില്‍ 44 എണ്ണം മാത്രമായിരുന്നുവത്രേ രണ്ടാമതും രോഗം ബാധിച്ചവര്‍


കൊവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ സംബന്ധിച്ച് പുതിയ വെല്ലുവിളിയായിരുന്നു. മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്ത രോഗമായിരുന്നതിനാല്‍ തന്നെ, വ്യാപകമായി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മാത്രമാണ് ഇതെക്കുറിച്ച് ഗവേഷകലോകം പഠിച്ചുതുടങ്ങുന്നത്. 

ഒരിക്കല്‍ രോഗം പിടിപെട്ടവരില്‍ സ്വാഭാവികമായി രോഗത്തിനെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടും എന്ന് നമുക്കറിയാം. ഇത് രണ്ടാമതോ പിന്നീടൊരിക്കലോ രോഗകാരിയെത്തുമ്പോഴും ഇവര്‍ക്ക് ഉപകാരപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ ഈ പ്രതിരോധത്തിന് സമയപരിധി ഉണ്ടാകാം എന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 

Latest Videos

undefined

'പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടി'ല്‍ (പിഎച്ച്ഇ) നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. കൊവിഡ് 19 അതിജീവിച്ചവരില്‍ രോഗത്തിനെതിരായ ആന്റിബോഡി ഉണ്ടാകുമെങ്കിലും വീണ്ടും ഇവരില്‍ വൈറസ് കടന്നുകൂടാമെന്നും ഈ വൈറസ് ഒരുപക്ഷേ ഇവരില്‍ തന്നെ രോഗത്തെ സൃഷ്ടിക്കാമെന്നും അതല്ലെങ്കില്‍ മറ്റൊരാളിലേക്ക് രോഗകാരിയെ കൈമാറാമെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 

ഒരിക്കല്‍ കൊവിഡ് വന്നവരില്‍ തന്നെ വീണ്ടും അണുബാധ കണ്ടെത്തിയ കേസുകള്‍ വളരെ കുറവാണെന്നും അതേസമയം ഇവര്‍ വൈറസ് വാഹകരായി രോഗവ്യാപനത്തില്‍ പങ്കെടുത്തേക്കാമെന്നും പഠനം വ്യക്തമായിപ്പറയുന്നു. പഠനത്തിനായി പരിഗണിച്ച ആറായിരത്തിലധികം കേസുകളില്‍ 44 എണ്ണം മാത്രമായിരുന്നുവത്രേ രണ്ടാമതും രോഗം ബാധിച്ചവര്‍. 

'ഒരിക്കല്‍ കൊവിഡ് വന്നവരില്‍ അതിനെതിരായ ആന്റിബോഡികളുള്ളതിനാല്‍ രണ്ടാമതൊരു അണുബാധയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കും എന്ന് നമുക്കറിയാം. എന്നാല്‍ എത്ര കാലത്തേക്ക് ഈ പ്രതിരോധം സാധ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ നിങ്ങള്‍ ഒരിക്കല്‍ രോഗം ബാധിച്ചവരാണെന്ന് കരുതി പിന്നീടുള്ള സമയത്തെ നിസാരമായി കണക്കാക്കരുത്. നിങ്ങളില്‍ തന്നെ രോഗം തിരിച്ചുവരാം. അതല്ലെങ്കില്‍ നിങ്ങളിലൂടെ നിങ്ങള്‍ പോലുമറിയാതെ വൈറസ് പ്രിയപ്പെട്ടവരിലേക്കെത്താം...'- പഠനത്തിന് നേതൃത്വം നല്‍കിയ സൂസന്‍ ഹോപ്കിന്‍സ് പറയുന്നു. 

കൊവിഡ് വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയ സാഹചര്യത്തില്‍ ഈ പഠനത്തിന്റെ തലങ്ങള്‍ വ്യത്യാസപ്പെടുമെങ്കിലും നിലവില്‍ പ്രതിരോധത്തിന്റെ സമയം ഇനിയും ബാക്കി കിടക്കുന്നുണ്ടെന്നും അതിനാല്‍ ജാഗ്രത ആവശ്യമാണെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- കൊവിഡ് കണക്കുകൾ പറയുന്നതി‌നിടെ വിങ്ങിപ്പൊട്ടി മാധ്യമപ്രവർത്തക; വെെറലായി വീഡിയോ...

click me!