രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ച് മന്ത്രി

By Web Team  |  First Published Jul 3, 2024, 8:00 PM IST

ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്


തിരുവനന്തപുരം: ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ഈഡിസ് കൊതുകിന്റെ സഞ്ചാര ദൂരം ചെറുതാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുന്നത് ഡെങ്കിപ്പനി തടയാന്‍ സഹായിക്കും. വെള്ളം കെട്ടിനില്‍ക്കുന്ന ഏത് വസ്തുവിലും കൊതുക് മുട്ടയിടുമെന്നതിനാല്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയരുത്. പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളും റെസിഡന്‍സ് അസോസിയേഷനുകളും ശ്രദ്ധിക്കണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൃത്യമായി ഡ്രൈ ഡേ ആചരിക്കണം.

Latest Videos

undefined

അപായ സൂചനകള്‍ മറക്കരുത്

ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കുക. ക്ഷീണം മാറാനും നിര്‍ജലീകരണം ഒഴിവാക്കാനും പാനീയങ്ങള്‍ ഏറെ സഹായിക്കും. തിളപ്പിച്ചാറ്റിയ കഞ്ഞി വെള്ളം നല്ലത്. വിശ്രമം വളരെ പ്രധാനമാണ്. മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം. ശക്തമായ വയറുവേദന, നീണ്ടു നില്‍ക്കുന്ന ഛര്‍ദി, കഠിനമായ ക്ഷീണം, തൊലിപ്പുറത്തും മോണകളിലുമുള്ള ചുവന്ന പാടുകളോ രക്തസ്രാവമോ തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

പ്രതിരോധം പ്രധാനം

രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും സ്ഥാപനങ്ങളും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. വീടിന് ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങി വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. ആക്രി സാധനങ്ങള്‍ മൂടി വയ്ക്കുക. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം. തുറസായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കുക. കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. കൊതുകു തിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും. കൊതുകുകള്‍ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വിടിന് ഉള്‍ഭാഗം പുകച്ചതിനുശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറയ്ക്കാന്‍ ഉപകരിക്കും.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!