കൊവിഡ് 19; ഒക്ടോബറില്‍ വാക്‌സിന്‍ വിപണിയിലെത്തുമെന്ന് ഗവേഷകര്‍...

By Web Team  |  First Published Jun 25, 2020, 10:30 PM IST

കോടിക്കണക്കിന് ഡോസ് മരുന്ന് ഉത്പാദിപ്പിച്ചെടുക്കുക. അത് സമയത്തിന് ആവശ്യക്കാരിലെത്തിക്കുക, മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റോര്‍ ചെയ്യുക എന്നതെല്ലാം ചരിത്രം കണ്ട വെല്ലുവിളിയായിത്തീരുമെന്നായിരുന്നു വാക്‌സിന്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കുന്ന ഗവേഷകര്‍ അഭിമുഖത്തിലൂടെ അഭിപ്രായപ്പെട്ടത്. മുമ്പ് ലോകാരോഗ്യ സംഘടനയും ഇതേ ആശങ്ക പങ്കുവച്ചിരുന്നു


ലോകരാജ്യങ്ങളാകെയും കൊറോണ വൈറസ് എന്ന മാഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നിലവില്‍ മിക്ക രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. 'വാക്‌സിന്‍' കണ്ടെത്തും വരെ ഈ രീതിയല്‍ മാത്രമേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുമുള്ളൂ. 

അതേസമയം വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി പല രാജ്യങ്ങളിലുമുള്ള ഗവേഷകര്‍ അവകാശപ്പെടുകയും ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ച് രംഗത്തുവരികയും ചെയ്യുന്നുണ്ട്. 

Latest Videos

undefined

'ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി ശ്രദ്ധ നേടുന്നത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ 'ക്ലിനിക്കല്‍ ട്രയല്‍' (പരീക്ഷണം) വിജയിച്ചുവെന്നും ഒക്ടോബറില്‍ ഈ വാക്‌സിന്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നുമാണ് ഇവര്‍ അറിയിക്കുന്നത്.

 

 

'ചിമ്പാന്‍സികളിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിന് ശേഷം അനുമതിയോടുകൂടി മനുഷ്യരിലേക്കും പരീക്ഷണം വ്യാപിപ്പിച്ചിരുന്നു. അതിലും വിജയം കാണാനായി. ഓഗസ്റ്റോടുകൂടി കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് നമുക്കെത്താനാകും. അങ്ങനെയെങ്കില്‍ ഒക്ടോബറില്‍ തന്നെ വാക്‌സിന്‍ വിപണിയിലിറക്കാമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്...'- വാക്‌സിന്‍ വികസിപ്പിച്ച ഗവേഷക സംഘത്തെ നയിച്ച പ്രൊഫസര്‍ അഡ്രിയാന്‍ ഹില്‍സ് പറയുന്നു. 

'AstraZeneca' എന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുമായി സഹകരിച്ചാണ് 'ChAdOx1 nCoV-19' എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍, ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബ്രസീലില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചതായാണ് ഗവേഷകര്‍ അറിയിക്കുന്നത്. ക്ലിനിക്കല്‍ ട്രയലുകളുടെ അവസാനഘട്ടത്തിലേക്ക് എത്തിയ ആദ്യത്തെ കൊവിഡ് -19 വാക്‌സിനും ഇതുതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ഇന്ത്യയിലും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. കുരങ്ങുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുള്ള പുറപ്പാടിലാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകസംഘം. ഇതിനായി സര്‍ക്കാരില്‍ നിന്ന് ഇവര്‍ അനുമതി വാങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

 

 

സംഗതി ഇങ്ങനെയെല്ലാമാണെങ്കില്‍ക്കൂടി വാക്‌സിന്‍ വിജയകരമായി കണ്ടെത്തിക്കഴിഞ്ഞാലും അതിന്റെ വിതരണം സംബന്ധിച്ച് ഏറെ ആശങ്കകളാണ് നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ലോകം വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നതെന്ന് നേരത്തേ ഗവേഷകര്‍ 'റോയിട്ടേഴ്‌സി'ന് നല്‍കിയ അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. 

കോടിക്കണക്കിന് ഡോസ് മരുന്ന് ഉത്പാദിപ്പിച്ചെടുക്കുക. അത് സമയത്തിന് ആവശ്യക്കാരിലെത്തിക്കുക, മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റോര്‍ ചെയ്യുക എന്നതെല്ലാം ചരിത്രം കണ്ട വെല്ലുവിളിയായിത്തീരുമെന്നായിരുന്നു വാക്‌സിന്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കുന്ന ഗവേഷകര്‍ അഭിമുഖത്തിലൂടെ അഭിപ്രായപ്പെട്ടത്. മുമ്പ് ലോകാരോഗ്യ സംഘടനയും ഇതേ ആശങ്ക പങ്കുവച്ചിരുന്നു.

രാജ്യങ്ങള്‍ക്ക് തുല്യമായി വാക്‌സിന്‍ എത്തിക്കുകയെന്ന ദൗത്യം ശ്രമകരമായിരിക്കുമെന്നായിരുന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നത്. ഏതായാലും വാക്‌സിന്‍ വരുന്നു എന്ന സൂചന തന്നെ നിലവിലെ സാഹചര്യത്തില്‍ ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. ഇനി ഇത് ലഭ്യമാകുന്നതിന് വേണ്ടി നയപരമായ നടപടികള്‍ ആവശ്യമായ കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Also Read:- പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കുരങ്ങുകളിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്താൻ അനുമതി...

click me!