ഒരിക്കല്‍ രോഗം ബാധിച്ചാല്‍ അതിനെ ചെറുക്കാനുള്ള ആന്റിബോഡികള്‍ ശരീരം സ്വയം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുമൂലം ചെറിയൊരു കാലയളവിലേക് അടുത്ത അണുബാധയെ ചെറുക്കാന്‍ സാധിക്കും. എന്നാല്‍ ഒമിക്രോണില്‍ ഈ പ്രതിരോധശേഷി താരതമ്യേന കുറവാണെന്നും അതുപോലെ വാക്‌സിനെ എതിരിടാനുള്ള ഒമിക്രോണിന്റെ ശേഷി വലുതാണെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
കൊവിഡ് 19 രോഗവുമായുള്ള ( Covid 19 Disease ) നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. രോഗകാരിയായ വൈറസിന് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങളാണ് ( Virus Variant ) നിലവില്‍ നാം നേരിടുന്ന ഒരു വലിയ പ്രശ്‌നം. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി രോഗതീവ്രതയും രോഗവ്യാപനവും വര്‍ധിച്ച അവസ്ഥയായിരുന്നു കൊവിഡ് രണ്ടാം തരംഗത്തില്‍ ( Second Wave ) രാജ്യം കണ്ടത്.
'ഡെല്‍റ്റ' എന്ന വകഭേദമായിരുന്നു ഇന്ത്യയില്‍ അതിശക്തമായ രണ്ടാം തരംഗത്തിന് കാരണമായത്. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു 'ഡെല്‍റ്റ'യുടെ പ്രത്യേകത. ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ശേഷിയുള്ള 'ഒമിക്രോണ്‍' എന്ന വകഭേദമാണ് നിലവില്‍ മൂന്നാം തരംഗത്തിന് കാരണമായിരിക്കുന്നത്.
undefined
രോഗവ്യാപനം വേഗത്തിലാക്കുമെങ്കിലും രോഗതീവ്രതയുടെ കാര്യത്തില്‍ 'ഡെല്‍റ്റ'യില്‍ നിന്ന് വ്യത്യസ്തമാണ് 'ഒമിക്രോണ്‍' എന്നാണ് വിലയിരുത്തല്‍. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞുവെന്നത് ഇതിനുദാഹരണമാണ്.
ഇതിനിടെ ഒരിക്കല്‍ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ തന്നെ പിന്നീട് പല തവണ കൊവിഡ് ബാധിക്കപ്പെടുന്ന സംഭവങ്ങളും ധാരാളമായി റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലെ 'ഇംപീരിയല്‍ കോളേജി'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം ഒമിക്രോണില്‍ വീണ്ടും രോഗം പിടിപൊനുള്ള സാധ്യത അഞ്ച് മടങ്ങോളം കൂടുതലാണ്.
വീണ്ടും രോഗബാധയുണ്ടാകുന്നവരുടെ കാര്യമെടുത്താല്‍ മുമ്പെയുണ്ടായിരുന്ന വകഭേദങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം ഒമിക്രോണിലാണ് ഇത് കാണുന്നതെന്ന് 'നേച്ചര്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്ന പഠനവും ചൂണ്ടിക്കാട്ടുന്നു.
'ഒമിക്രോണ്‍' ആദ്യമായി സ്ഥിരീകരിക്കും മുമ്പ്, നവംബറിന്റെ ആദ്യപാദം വരെ ഒരിക്കല്‍ കൊവിഡ് ബാധിച്ചവരില്‍ വീണ്ടും കൊവിഡ് ബാധിക്കുന്ന തോത് ഒരു ശതമാനം മാത്രമായിരുന്നുവെങ്കില്‍ ഇപ്പോഴിത് പത്ത് ശതമാനമായി ഉയര്‍ന്നിരിക്കുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയും ഇതേ നിരീക്ഷണം തന്നെയാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് ഒരു നിഗമനത്തിലേക്കെത്തുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഒരിക്കല്‍ രോഗം ബാധിച്ചാല്‍ അതിനെ ചെറുക്കാനുള്ള ആന്റിബോഡികള്‍ ശരീരം സ്വയം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുമൂലം ചെറിയൊരു കാലയളവിലേക് അടുത്ത അണുബാധയെ ചെറുക്കാന്‍ സാധിക്കും. എന്നാല്‍ ഒമിക്രോണില്‍ ഈ പ്രതിരോധശേഷി താരതമ്യേന കുറവാണെന്നും അതുപോലെ വാക്‌സിനെ എതിരിടാനുള്ള ഒമിക്രോണിന്റെ ശേഷി വലുതാണെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു തവണ രോഗം ബാധിക്കപ്പെട്ട് മുക്തി നേടിയ ശേഷം വീണ്ടും രോഗം ബാധിക്കാന്‍ എത്ര സമയത്തെ ഇടവേളയെടുക്കുമെന്ന കാര്യത്തിലും കൃത്യമായി മറുപടി നല്‍കാന്‍ ഗവേഷക ലോകത്തിന് സാധിച്ചിട്ടില്ല. എങ്കിലും മൂന്ന് മാസമാണ് നിലവില്‍ ഇതിന് കണക്കാക്കുന്ന സമയം. വ്യാപകമായ രീതിയിൽ അണുബാധ ബാധിക്കപ്പെട്ടിരിക്കുന്ന സാഹചര്യവും വീണ്ടും രോഗബാധയുണ്ടാകാനുള്ള അവസരമൊരുക്കുന്നുണ്ട്.
Also Read:- കൊവിഡിന് പ്രത്യേകമായുള്ള മരുന്ന്; പ്രതീക്ഷ നല്‍കുന്ന ഫലമെന്ന് നിര്‍മ്മാതാക്കള്‍