ബന്ധപ്പെടുമ്പോൾ വല്ലാത്തവേദന, രക്തസ്രാവം; ഗർഭനിരോധനഗുളികകളുടെ പാർശ്വഫലമെന്ന് ഡോക്ടർ, ഒടുവിൽ ജീവനെടുത്ത് കാൻസർ

By Web Team  |  First Published Aug 18, 2020, 3:34 PM IST

സുഹൃത്തായിരുന്ന ഒരു നഴ്സിനോട് അതേപ്പറ്റി പറഞ്ഞപ്പോൾ അവർ അത് അലെക്‌സാൻഡ്ര എടുക്കുന്ന ഗർഭ നിരോധന കുത്തിവെപ്പുകളുടെ പാർശ്വഫലമാകാം, കുറച്ചു ദിവസം കഴിയുമ്പോൾ താനേ നിന്നുകൊള്ളും എന്നും പറഞ്ഞു. 


2018 ജനുവരിയിൽ സെർവിക്കൽ കാൻസർ സ്ഥിരീകരിക്കപ്പെടുമ്പോൾ അലെക്‌സാൻഡ്ര ഹോഡ്സണ് ഇരുപത്താറു വയസ്സ് തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു കൊച്ചു പെൺകുട്ടിയുടെ അമ്മയായിരുന്നു അവൾ. ആദ്യത്തെ കുഞ്ഞ് ജനിച്ച ശേഷം ഉടൻ അടുത്തൊരു കുഞ്ഞ് വേണ്ട എന്നുകരുതി, ഗൈനക്കോളജിസ്റ്റിന്റെ ഉപദേശപ്രകാരം ഗർഭനിരോധനത്തിനുള്ള കുത്തിവെപ്പുകൾ എടുക്കുന്നുണ്ടായിരുന്നു അവൾ.

ഈ ഇൻജക്ഷനുകൾ എടുത്തു തുടങ്ങിയ ശേഷം  അലെക്‌സാൻഡ്രക്ക് പലതരത്തിലുള്ള വിഷമതകളും അനുഭവപ്പെടുന്നുണ്ടായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നേരത്ത് വല്ലാത്ത വേദന തോന്നുക. സെക്‌സിന് ശേഷവും ആർത്തവ ദിനങ്ങൾക്ക് ശേഷവും ദിവസങ്ങളോളം രക്തസ്രാവം തുടരുക. 

Latest Videos

undefined

എന്നാൽ, സുഹൃത്തായിരുന്ന ഒരു നഴ്സിനോട് അതേപ്പറ്റി പറഞ്ഞപ്പോൾ അവർ അത് അലെക്‌സാൻഡ്ര എടുക്കുന്ന ഗർഭ നിരോധന കുത്തിവെപ്പുകളുടെ പാർശ്വഫലമാകാം, കുറച്ചു ദിവസം കഴിയുമ്പോൾ താനേ നിന്നുകൊള്ളും എന്നും പറഞ്ഞു. അതുകേട്ട അവൾ ആദ്യത്തെ ഒന്നുരണ്ടാഴ്ച ആ വേദനകളും പ്രയാസങ്ങളും സഹിച്ചു, അവഗണിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞും ഈ കടുത്ത വേദനയും രക്തസ്രാവവും ഒക്കെ തുടർന്നപ്പോൾ അവൾ ഒരു ഫിസിഷ്യനെ ചെന്ന് കണ്ടു.

അവളുടെ സ്മിയർ ടെസ്റ്റ് സാമ്പിൾ ശേഖരിക്കപ്പെട്ടു. ടെസ്റ്റിന്റെ ഫലം അവളെ ഞെട്ടിക്കുന്നതായിരുന്നു. അവളുടെ സെർവിക്‌സിൽ ഒരു ട്യൂമർ വളർന്നു വരുന്നുണ്ടായിരുന്നു. കീമോ തെറാപ്പിയും, റേഡിയോ തെറാപ്പിയും ചെയ്‌തെങ്കിലും അവളുടെ അസുഖം അനുദിനം വർദ്ധിച്ചുവന്നു. 2019 ഓഗസ്റ്റിൽ അലെക്‌സാൻഡ്രയുടെ സഹോദരി നിക്കോള അവളുടെ ചികിത്സക്കായി GoFundMe വഴി ഒരു ക്രൗഡ് ഫണ്ടിങ് കാമ്പെയ്ൻ തുടങ്ങി. അങ്ങനെ ശേഖരിച്ച തുക കൊണ്ട് അവർ ഇമ്യൂണോ തെറാപ്പിക്ക് ശ്രമിച്ചു. അതും ഫലം കണ്ടില്ല. അവളുടെ കാൻസർ അതിന്റെ അവസാനത്തെ ഘട്ടത്തിൽ എത്തിയിട്ടുണ്ടായിരുന്നു എന്ന സത്യം അവൾ ഡോക്ടർമാരിൽ നിന്ന് അറിഞ്ഞു.

 

 

പത്തുദിവസം മുമ്പ്, ഓഗസ്റ്റ് 8 -ണ് നിക്കോള 'GoFundMe' സൈറ്റിൽ, അലെക്‌സാൻഡ്രയുടെ ചികിത്സക്ക് പണം സംഭാവന ചെയ്തവർക്കായി ഒരു സന്ദേശം കുറിച്ചു. അതിങ്ങനെയായിരുന്നു, " ഇങ്ങനെ ഒരു മെസേജ് ടൈപ്പ് ചെയ്യേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇങ്ങനെ ചെയ്യേണ്ടി വന്നിരുന്നില്ലെങ്കിൽ എന്ന ഞാൻ ഇപ്പോഴും ആശിക്കുന്നു. പക്ഷേ യാഥാർഥ്യം അതല്ല.

ശനിയാഴ്ച ദിവസം എനിക്ക് എന്റെ പ്രിയപ്പെട്ട സഹോദരിയെ നഷ്ടമായി. ഓഗസ്റ്റ് 8 -ന് അലെക്‌സാൻഡ്ര ഹോഡ്‌സൺ മരണപ്പെട്ടു എന്ന വിവരം ഇതാ നിങ്ങളെ ഔപചാരികമായിത്തന്നെ അറിയിക്കുന്നു. അസാമാന്യ ധൈര്യശാലിയായിരുന്നു എന്റെ അലക്സ്... അവസാന ദിവസം വരെ ഈ മഹാവ്യാധിയോട് പൊരുതിതന്നെയാണ് അവൾ പോയത് എന്നുകൂടി നിങ്ങളോട് പറയട്ടെ..." അലെക്‌സാൻഡ്രക്കായി ശേഖരിച്ച പണത്തിൽ ബാക്കിയുള്ള തുകയുടെ പകുതി അവളുടെ മകളുടെ വിദ്യാഭ്യാസത്തിനായി  നീക്കിവെച്ച ശേഷം ബാക്കി തുക മറ്റേതെങ്കിലും കാൻസർ രോഗിയുടെ ചികിത്സാ  ചെലവുകൾക്കായി കൈമാറും എന്ന് നിക്കോള പറഞ്ഞു.  

വളരെ നിർണായകമായ സെർവിക്കൽ കാൻസർ ലക്ഷണങ്ങളെ തുടക്കത്തിലെ ഏതാനും ആഴ്ചകൾ ഗർഭനിരോധന കുത്തിവെപ്പുകളുടെ പാർശ്വഫലങ്ങൾ എന്നുകരുതി അവഗണിച്ചതാണ് രോഗം ചികിത്സ പാലിക്കാത്ത അവസാനഘട്ടം വരെ കണ്ടുപിടിക്കപ്പെടാതെ, ചികിത്സിക്കപ്പെടാതെ പോയതാണ് അലെക്‌സാൻഡ്രയുടെ അകാലമരണത്തിന് കാരണം എന്ന് ബന്ധുക്കൾ പറയുന്നു. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ദയവായി ആരും അവഗണിക്കരുതെന്നും, കാൻസർ പോലുള്ള രോഗങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട് എന്നും അവർ പറഞ്ഞു. 

click me!