പിഞ്ചുകുഞ്ഞിന് വേണ്ടി ആയിരം കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന മുലപ്പാല്‍...

By Web Team  |  First Published Jul 21, 2020, 11:16 PM IST

ഭാര്യ പാമോ ലേയിലാണുള്ളത്. കൊവിഡ് കാലമായതിനാല്‍ യാത്ര ചെയ്ത് ദില്ലിയിലെത്തുക സാധ്യമല്ല. ലോയില്‍ ദില്ലിയിലേക്ക് റോഡ് മാര്‍ഗമാണെങ്കില്‍ 1000 കിലോമീറ്ററും ആകാശമാര്‍ഗമാണെങ്കില്‍ ഒരു മണിക്കൂര്‍ പതിനഞ്ച് മിനുറ്റ് സമയവും വേണം. ഒടുവില്‍ അതിനൊരു പോംവഴിയും കണ്ടെത്തി
 


കുഞ്ഞുങ്ങളെ സംബന്ധിച്ച് അമ്മയുടെ മുലപ്പാല്‍ എന്നത് ജീവനോളം തന്നെ പ്രധാനമായ ഒന്നാണ്. അമ്മമാര്‍ക്കും കുഞ്ഞുങ്ങളെ തന്റെ പാലൂട്ടുന്നതിനോളം സംതൃപ്തി മറ്റൊന്നില്‍ കണ്ടെത്താനില്ല. എന്നാല്‍ ഇതിന് വേണ്ട സാഹചര്യങ്ങള്‍ ഇല്ലെങ്കിലോ?  ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് കുഞ്ഞിന് മുലപ്പാല് നല്‍കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയുണ്ടായാലോ? 

ഒരുദാഹരണം പറഞ്ഞാല്‍ അമ്മയും കുഞ്ഞും പരസ്പരം കാണാനാകാതെ കിലോമീറ്ററുകളോളം ദീര്‍ഘമായ ദുരങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവും ആയിപ്പോയാലോ! 

Latest Videos

undefined

ഫ്‌ളൈറ്റ് പിടിച്ചും സംഭവം എത്തിക്കുമെന്ന് മറുപടി പറയും ലേ സ്വദേശിയായ ജിക്മത്ത് വാംഗ്ഡസ്. സത്യമാണ്, അത്രയും വിചിത്രമായ ഒരു മാര്‍ഗം തേടേണ്ട അവസ്ഥയിലൂടെയാണ് വാംഗ്ഡസ് ഇപ്പോള്‍ കടന്നുപോകുന്നത്. 

ഇക്കഴിഞ്ഞ ജൂണ്‍ പതിനാറിനാണ് വാംഗ്ഡസിനും ഭാര്യ ദോര്‍ജേ പാമോയ്ക്കും കൂടി ഒരു മകന്‍ പിറന്നത്. സിസേറിയനിലൂടെയായിരുന്നു അവന്റെ ജനനം. എന്നാല്‍ കുഞ്ഞ് ജനിച്ച സന്തോഷം മതിതീരും വരെ നുകരാന്‍ ദമ്പതികള്‍ക്കായില്ല. 

കുഞ്ഞിന് പാല്‍ കുടിക്കാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയതോടെ ഡോക്ടറെ സമീപിച്ച ദമ്പതികളറിഞ്ഞത്, അവന് കാര്യമായ എന്തോ അസുഖമുണ്ടെന്നാണ്. ഉടനെ ദില്ലിയിലോ ഛണ്ഡീഗഡിലോ ഉള്ള ഏതെങ്കിലും വലിയ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കൊവിഡ് 19 തീര്‍ത്ത കനത്ത പ്രതിസന്ധികള്‍ക്കിടെ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് പാമോയുടെ സഹോദരന്‍ ലേയില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചു. മൈസൂരില്‍ ജോലി ചെയ്യുന്ന വാംഗ്ഡസ് അപ്പോഴേക്ക് ദില്ലിയിലെത്തി. ഇരുവരും ചേര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ അവനെ എന്‍ഐസിയുവിലേക്ക് മാറ്റി. 

അന്നനാളവും ശ്വാസനാളവും ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു കുഞ്ഞ്. വൈകാതെ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിഞ്ചുകുഞ്ഞാണ്, അതിന്റെ വെല്ലുവിളികളുണ്ട്. എങ്കിലും മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. 

ഇതിന് ശേഷം കുഞ്ഞ് നിരീക്ഷണത്തില്‍ തുടരവേയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന് മുലപ്പാല്‍ എത്രമാത്രം പ്രധാനമാണെന്നും അത് നഷ്ടപ്പെടുന്നത് കുഞ്ഞിനെ അത്രത്തോളം ബാധിക്കും എന്നുമെല്ലാം വാംഗ്ഡസിനോട് പറയുന്നത്. അതോടെ എങ്ങനെയും കുഞ്ഞിന് പാലെത്തിക്കണമെന്ന ആലോചനയിലായി അദ്ദേഹം. 

ഭാര്യ പാമോ ലേയിലാണുള്ളത്. കൊവിഡ് കാലമായതിനാല്‍ യാത്ര ചെയ്ത് ദില്ലിയിലെത്തുക സാധ്യമല്ല. ലോയില്‍ ദില്ലിയിലേക്ക് റോഡ് മാര്‍ഗമാണെങ്കില്‍ 1000 കിലോമീറ്ററും ആകാശമാര്‍ഗമാണെങ്കില്‍ ഒരു മണിക്കൂര്‍ പതിനഞ്ച് മിനുറ്റ് സമയവും വേണം. 

ഒടുവില്‍ അതിനൊരു പോംവഴിയും കണ്ടെത്തി. വിശ്രമത്തില്‍ കഴിയുന്ന ഭാര്യയുമായി ആലോചിച്ച് സംഗതി നടപ്പിലാക്കിത്തുടങ്ങി. പാമോ വീട്ടിലിരുന്ന് 60 എം എല്‍ അളവുള്ള ചെറിയ കുപ്പികളില്‍ പാല്‍ നിറയ്ക്കും. തുടര്‍ന്ന് അത് സുരക്ഷിതമായി ഒരു ബോക്‌സില്‍ പാക്ക് ചെയ്യും. 

സുഹൃത്തുക്കളുടെ സഹായത്തോടെ ഈ ബോക്‌സ് ഒരു പ്രവൈറ്റ് വിമാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ദില്ലിയിലേക്കയയ്ക്കും. വാംഗ്ഡസോ, ഭാര്യാസഹോദരനോ എയര്‍പോര്‍ട്ടില്‍ ചെന്ന് സശ്രദ്ധം ബോക്‌സ് കൈപ്പറ്റും. ആശുപത്രിയിലെത്തിക്കുന്ന പാല്‍ കുഞ്ഞിന് ആവശ്യം പോലെ നല്‍കും. കാലിയായ കുപ്പികള്‍ അതുപോലെ വിമാനത്തില്‍ തിരിച്ചയയ്ക്കും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് മുടക്കമില്ലാതെ തുടരുന്നു. സുഹൃത്തുക്കളുള്‍പ്പെടെ ഒട്ടേറെ പേരോട് വാംഗ്ഡസിന് നന്ദി പറയാനുണ്ട്. കുഞ്ഞ് ആരോഗ്യവാനായി വരുന്നു, അധികം വൈകാതെ എങ്ങനെയും വീടെത്താമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. അതുവരേയും ഈ മാര്‍ഗം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

Also Read:- മുലയൂട്ടാൻ മടിയോ? അമ്മമാരെ കാത്തിരിക്കുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ; ഡോക്ടർ പറയുന്നു...

click me!