'ഒരുപാട് അനുഭവിച്ചു'; വാക്‌സിനെടുത്ത ശേഷം മഹാമാരിക്കാലത്തെ ജീവിതം പറഞ്ഞ് മോര്‍ച്ചറി ജീവനക്കാരന്‍

By Web Team  |  First Published Jan 16, 2021, 8:00 PM IST

''ആര്‍ക്കെങ്കിലും എന്നില്‍ നിന്ന് രോഗം പകരുമോ എന്നായിരുന്നു എന്റെ ഭയം മുഴുവന്‍. അങ്ങനെ ആറ് മാസത്തോളം വീട്ടില്‍ പോയതേയില്ല. പിന്നെയാണ് ഇടയ്ക്ക് പോകാന്‍ തുടങ്ങിയത്. പിപിഇ കിറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ എല്ലാ കാഴ്ചയും മങ്ങിയിരിക്കുന്നതായി തോന്നും...''


കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം തികച്ചും അപ്രതീക്ഷിതമായി ഏതാണ്ട് ഒരു വര്‍ഷക്കാലത്തോളമാണ് നീണ്ടുനിന്നത്. ഇപ്പോള്‍ വാക്‌സിന്‍ എന്ന ആശ്വാസം കയ്യെത്തും ദൂരെയെത്തി നില്‍ക്കുമ്പോഴും പ്രതിരോധമെന്ന ആയുധം നമ്മള്‍ താഴെ വച്ചിട്ടില്ല. 

ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞുപോയ മാസങ്ങളത്രയും ഭീതിദമായ ഓര്‍മ്മകളുടേത് കൂടിയാണ്. സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് എന്ന അതിശക്തമായ വെല്ലുവിളിയുടെ വിവിധ വശങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ് അവര്‍. 

Latest Videos

undefined

അതുകൊണ്ട് തന്നെ വാക്‌സിനേഷന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രഥമപരിഗണന നല്‍കുന്നതില്‍ ഏവരും സന്തോഷിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണിപ്പോള്‍. വാക്‌സിനെടുത്ത ശേഷം കഴിഞ്ഞ പത്ത് മാസത്തെ തന്റെ ജീവിതത്തെ കുറിച്ച് ഓര്‍മ്മിക്കുകയാണ് ദില്ലിയില്‍ മോര്‍ച്ചറി ജീവനക്കാരനായ അമന്‍ ഖാത്രി എന്ന ഇരുപതുകാരന്‍. 

മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് ഒരുത്തരം കിട്ടിയിരിക്കുന്നു എന്നത് പോലെ ആഹ്ലാദത്തിലാണ് അമന്‍. വീട്ടിലേക്ക് പോകാന്‍ പോലും കഴിയാതിരുന്ന, പലപ്പോഴും പ്രിയപ്പെട്ടവരെ കാണാതെ ഏറെ വേദനിച്ച ഇരുണ്ട രാപ്പലുകള്‍ക്ക് ഇതോടെ അറുതിയാകുമെന്ന് തന്നെ അമന്‍ വിശ്വസിക്കുന്നു. 

ദില്ലിയിലെ രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് അമന്‍ ജോലി ചെയ്യുന്നത്. കൊവിഡ് മരണങ്ങളേറെ കണ്ടു. പ്രായോഗികമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് വെല്ലുവിളി നിറഞ്ഞ ജോലി തന്നെയാണെന്ന് അമന്‍ ഉറപ്പിച്ചുപറയുന്നു. പക്ഷേ അതിലും പ്രയാസമാണ് അത്തരം സാഹചര്യങ്ങളിലെ വൈകാരികപ്രശ്‌നങ്ങളെന്നും അമന്‍ പറയുന്നു. 

'എന്റെ വീട്ടിലുള്ളവരെല്ലാം എന്നോട് ഈ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു. പക്ഷേ എന്തുകൊണ്ടോ എനിക്കിവിടെ തുടരാനാണ് തോന്നിയത്. ഭയങ്കര പ്രയാസമായിരുന്നു കഴിഞ്ഞ പത്ത് മാസവും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുകയെന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. അതിലും വിഷമകരമായിരുന്നു മരിച്ചവരുടെ ബന്ധുക്കളെസമാശ്വസിപ്പിക്കാന്‍. അവരെ കാര്യങ്ങള്‍ വിശദീകരിച്ച് മനസിലാക്കിക്കാന്‍ ശ്രമിക്കും. അതെന്നെ ഏറെ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്..'- അമന്‍ പറയുന്നു.

മഹാമാരിയുടെ ആദ്യത്തെ ആറ് മാസങ്ങളില്‍ അമന് വീട്ടില്‍ പോകാനേ കഴിഞ്ഞിരുന്നില്ല. രോഗത്തെ കുറിച്ച് അവ്യക്തമായ ധാരണകളോട് കൂടി ജനങ്ങള്‍ കഴിഞ്ഞിരുന്ന സമയമായിരുന്നു അതെന്നും അമന്‍ ഓര്‍ത്തുപറയുന്നു. 

'ആര്‍ക്കെങ്കിലും എന്നില്‍ നിന്ന് രോഗം പകരുമോ എന്നായിരുന്നു എന്റെ ഭയം മുഴുവന്‍. അങ്ങനെ ആറ് മാസത്തോളം വീട്ടില്‍ പോയതേയില്ല. പിന്നെയാണ് ഇടയ്ക്ക് പോകാന്‍ തുടങ്ങിയത്. പിപിഇ കിറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ എല്ലാ കാഴ്ചയും മങ്ങിയിരിക്കുന്നതായി തോന്നും. വീട്ടിലേക്ക് പോകുമ്പോള്‍, എന്നെ വഴിയില്‍ കാണുന്നയുടന്‍ തന്നെ തെരുവില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയെല്ലാം വീട്ടുകാര്‍ അകത്തേക്ക് വിളിച്ചുകൊണ്ട് പോകും. അവന്‍ കൊറോണയും കൊണ്ടാണ് വരുന്നതെന്ന് പറയും. ഒരുപാട് അനുഭവിച്ചിട്ടുണ്ട്...'- അമന്‍ പറയുന്നു. 

വാക്‌സിന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും എല്ലാവരിലേക്കും വാക്‌സിന്‍ എത്തണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമന്‍ പറയുന്നു. വൈകാതെ കളിയും ചിരിയുമായി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെങ്കിലെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ് അമന്‍. 

ചിത്രത്തിന് കടപ്പാട്: എന്‍ഡിടിവി

Also Read:- ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ? അറിയേണ്ട ചിലത്...

click me!