Health Tips : ബിപിയുണ്ടോ? എങ്കില്‍ പതിവായി രാവിലെ ചെയ്യാവുന്ന ചില കാര്യങ്ങള്‍...

By Web TeamFirst Published Dec 5, 2023, 8:58 AM IST
Highlights

ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ ചിട്ട പാലിക്കുന്നതോടെ തന്നെ ബിപി നമുക്ക് നിയന്ത്രിക്കാനാകും. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെ നിത്യജീവിതത്തിലെ മിക്ക കാര്യങ്ങളും ബിപിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു

ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഇന്ന് ഏറെയുമുള്ളത്. മറ്റൊന്നുമല്ല- ബിപി ക്രമേണ പല അവസ്ഥകളിലേക്കും അസുഖത്തിലേക്കുമെല്ലാം നമ്മെ നയിക്കുമെന്നതിനാലാണിത്. പ്രത്യേകിച്ച് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാമാണ് ബിപി ക്രമേണ നയിക്കുക. 

ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ ചിട്ട പാലിക്കുന്നതോടെ തന്നെ ബിപി നമുക്ക് നിയന്ത്രിക്കാനാകും. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെ നിത്യജീവിതത്തിലെ മിക്ക കാര്യങ്ങളും ബിപിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ഇനി ബിപി കുറയ്ക്കാൻ സഹായിക്കുന്ന, രാവിലെകളില്‍ ചെയ്യാവുന്ന ചില ഹെല്‍ത്ത് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. 

Latest Videos

ഒന്ന്...

കഴിയുന്നതും പതിവായി രാവിലെകളില്‍ ഒരേസമയത്ത് ഉണരാൻ ശ്രമിക്കുക. പതിവായി ഉറങ്ങാൻ കിടക്കുന്നതും ഉണരുന്നതും ഒരേസമയത്താകുന്നത് ബിപി അടക്കം പല പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ സഹായകമാണ്.

രണ്ട്...

രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നത് ആരോഗ്യകാര്യങ്ങളില്‍ ഏറെ പോസിറ്റീവായ മാറ്റമുണ്ടാക്കും. ഇത് ബിപി നിയന്ത്രിക്കുന്നതിനും അതുപോലെ നല്ലതാണ്. വെള്ളം കുടിക്കുന്നതിനൊപ്പം അല്‍പം ചെറുനാരങ്ങാനീര് കൂടി ഇതില്‍ ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലത്.

മൂന്ന്...

രാവിലെകളില്‍ വ്യായാമം പതിവാക്കുന്നതും ബിപി നിയന്ത്രിക്കുന്നതിന് ഒരുപാട് സഹായിക്കും. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍ പോലുള്ള വ്യായാമങ്ങളിലെല്ലാം ഇത്തരത്തില്‍ ഏര്‍പ്പെടാവുന്നതാണ്. 

നാല്...

ബിപി കുറയ്ക്കാൻ രാവിലെ മെഡിറ്റേഷൻ, ഡീപ് ബ്രീത്തിംഗ് തുടങ്ങിയവ ചെയ്യുന്നതും വളരെ നല്ലതാണ്.

അഞ്ച്...

ബാലൻസ്ഡ് ആയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനും ബിപിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീൻ പ്രോട്ടീൻ എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം അല്‍പാല്‍പമായി ഡയറ്റില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കാവുന്നതാണ്. 

ആറ്...

ബിപിയുള്ളവര്‍ കഫീൻ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഇതിന്‍റെ ഭാഗമായി രാവിലെ കാപ്പിയോ, ചായയോ കുടിക്കുന്നതൊഴിവാക്കാം. അതുപോലെ തന്നെ എനര്‍ജി ഡ്രിങ്കുകളും ബിപിയുള്ളവര്‍ കഴിക്കരുത്. കഫീൻ പെട്ടെന്ന് ബിപി ഉയരുന്നതിലേക്ക് നയിക്കുന്നൊരു ഘടകമാണ്. 

Also Read :- പ്രമേഹമുള്ളവര്‍ക്ക് ഭക്ഷണശേഷം ഷുഗര്‍ കൂടാതിരിക്കാൻ ചെയ്യാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!