'മൂഡ്' പോകുമ്പോള്‍ ഇതാ ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ; എളുപ്പം 'ഹാപ്പി'യാകാം...

By Web TeamFirst Published Dec 11, 2023, 10:12 PM IST
Highlights

നമുക്ക് സന്തോഷവും സമാധാനവുമെല്ലാം അനുഭവപ്പെടാൻ കാരണമാകുന്നൊരു ഹോര്‍മോണാണിത്. ഇതില്‍ കുറവ് വരുന്നതാണ് വലിയൊരു വിഭാഗം പേരിലും മൂഡ് പ്രശ്നത്തിന് കാരണമാകുന്നത്. 

മാനസികാവസ്ഥ പെട്ടെന്ന് മാറിമാറി വരുന്ന അവസ്ഥ അഥവാ മൂഡ് ഡിസോര്‍ഡര്‍ പ്രശ്നത്തിലാക്കിയിട്ടുള്ള നിരവധി പേരുണ്ട്. പല കാരണങ്ങള്‍ കൊണ്ടാകാം ഇങ്ങനെ മൂഡ് ഡിസോര്‍ഡര്‍ വരുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മാനസികാരോഗ്യപ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെ പല കാരണങ്ങളും ഇതിലേക്ക് നയിക്കാം. 

ഇതില്‍ 'ഡോപമിൻ' എന്ന ഹോര്‍മോണിന്‍റെ പങ്ക് എടുത്തുപറയേണ്ടതാണ്. നമുക്ക് സന്തോഷവും സമാധാനവുമെല്ലാം അനുഭവപ്പെടാൻ കാരണമാകുന്നൊരു ഹോര്‍മോണാണിത്. ഇതില്‍ കുറവ് വരുന്നതാണ് വലിയൊരു വിഭാഗം പേരിലും മൂഡ് പ്രശ്നത്തിന് കാരണമാകുന്നത്. 

Latest Videos

മൂഡ് പ്രശ്നത്തിന് മാത്രമല്ല നമ്മുടെ ഓര്‍മ്മശക്തി, പഠനമികവ്, പെരുമാറ്റം എന്നിങ്ങനെ പല കാര്യത്തിനും 'ഡോപമിൻ' ഹോര്‍മോണ്‍ സഹായകമാകുന്നുണ്ട്. പാര്‍ക്കിൻസണ്‍സ്, വിഷാദം പോലുള്ള രോഗങ്ങളും ഈ ഹോര്‍മോണുമായി ബന്ധപ്പെട്ട് വരാറുണ്ട്. എന്തായാലും 'ഡോപമിൻ' ഹോര്‍മോണും നമ്മുടെ മൂഡും തമ്മില്‍ ഇത്രമാത്രം ബന്ധമുണ്ടെന്ന് മനസിലായ സ്ഥിതിക്ക് മൂഡ് പ്രശ്നം മാറാൻ ഏതുതരം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നത് മനസിലായല്ലോ? അതായത് 'ഡോപമിൻ' ഹോര്‍മോണ്‍ കൂടുതലായി കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍. അവയിലേക്ക്...

ഒന്ന്...

ചോക്ലേറ്റ്:- 'ഡോപമിൻ' ലെവല്‍ കൂട്ടുന്നതിന് സഹായിക്കുന്നൊരു ഭക്ഷണമാണ് ചോക്ലേറ്റ്.  മൂഡ് പ്രശ്നമുള്ളപ്പോഴോ സ്ട്രെസ് ഉള്ളപ്പോഴോ എല്ലാം ചോക്ലേറ്റ് കഴിക്കാം, അത് ആശ്വാസം നല്‍കുമെന്ന് പറയുന്നത് ഇതിനാലാണ്.

രണ്ട്...

ഡ്രൈ നട്ട്സും സീഡ്സും :- പ്രോട്ടീനിനാല്‍ സമ്പന്നമായ ഡ്രൈ നട്ട്സും അതുപോലെ തന്നെ സീഡ്സും ഇതുപോലെ 'ഡോപമിൻ' ഉയര്‍ത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.  ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന 'ടിരോസിൻ' എന്ന അമിനോ ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. ബദാം, വാള്‍നട്ട്സ്, പംകിൻ സീഡ്സ്, പീനട്ട്സ്, സീസം സീഡ്സ്, ഫ്ളാക്സ് സീഡ്സ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

മൂന്ന്...

മത്സ്യം:- നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിൻ ബി ഇല്ലാതാകുമ്പോഴും 'ഡോപമിൻ' ലെവല്‍ കുറയുന്നു. ഇത് പരിഹരിക്കുന്നതിനാണ് മത്സ്യം കഴിക്കുന്നത്. മീനിലുള്ള വൈറ്റമിൻ ബി6, അയേണ്‍ എന്നീ ഘടകങ്ങളെല്ലാം 'ഡോപമിൻ' കൂട്ടാൻ സഹായിക്കുന്നു. 

നാല്...

പഴങ്ങളും പച്ചക്കറികളും:- വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമായ പച്ചക്കറികളും പഴങ്ങളും 'ഡോപമിൻ' ഉത്പാദനം കൂട്ടുന്നു. അതിനാല്‍ മാനസികാരോഗ്യപ്രശ്നങ്ങളോ സ്ട്രെസോ പതിവായി നേരിടുന്നവര്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തണം. 

അഞ്ച്...

കോഫി:- മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ കോഫിയും 'ഡോപമിൻ' ഉത്പാദനത്തിന് ഏറെ സഹായിക്കും. എന്നാല്‍ കോഫി അമിതമാകുന്നത് വിപരീതഫലത്തിനും കാരണമാകും. 

Also Read:- ഇന്ത്യയില്‍ ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ കൂടിയോ? കൊവിഡ് 19 കാരണമായി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!