വയറ് മാത്രം കൂടുന്നുവോ? ഒരുപക്ഷേ കാരണമിതാകാം...

By Web Team  |  First Published Feb 7, 2021, 10:17 PM IST

മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുന്നു. 'സ്‌ട്രെസി'നെ അഭിമുഖീകരിക്കാന്‍ നമുക്ക് ഊര്‍ജ്ജം പകരുന്നത് 'കോര്‍ട്ടിസോള്‍' ആണ്. എന്നാല്‍ ഇത് വയറ്റില്‍ കൊഴുപ്പടിയാന്‍ കാരണമാകുന്നു


അമിതവണ്ണത്തെ കുറിച്ച് പരാതിപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരെക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് വയറ് മാത്രം കൂടിവരുന്നുവെന്ന് പരാതിപ്പെടുന്നവര്‍. അധികവും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ തന്നെയാണ് ചെറുപ്പക്കാരെ വരെ ഈ അവസ്ഥയിലേക്ക് തള്ളിവിടുന്നത്. 

അത്തരത്തില്‍ വയറ് മാത്രം കൂടിവരുന്നതിന് മാനസിക സമ്മര്‍ദ്ദം വലിയൊരളവ് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പുതിയ കാലത്തെ തിരക്ക് പിടിച്ച ജീവിതരീതികളില്‍ മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ 'സ്‌ട്രെസ്' എന്നത് മാറ്റിവയ്ക്കാനാകാത്ത ഘടകമായിക്കഴിഞ്ഞിട്ടുണ്ട്. 

Latest Videos

undefined

എന്നാല്‍ തുടര്‍ച്ചയായി 'സ്‌ട്രെസ്' അനുഭവിക്കുന്നവരില്‍ വയറ് മാത്രം കൂടിവരാന്‍ അത് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'സ്‌ട്രെസ് ബെല്ലി' എന്ന വിശേഷണം പോലുമുണ്ട് ഇത്തരത്തില്‍ വയറ് മാത്രം വര്‍ധിക്കുന്ന അവസ്ഥയ്ക്ക്. 

മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുന്നു. 'സ്‌ട്രെസി'നെ അഭിമുഖീകരിക്കാന്‍ നമുക്ക് ഊര്‍ജ്ജം പകരുന്നത് 'കോര്‍ട്ടിസോള്‍' ആണ്. എന്നാല്‍ ഇത് വയറ്റില്‍ കൊഴുപ്പടിയാന്‍ കാരണമാകുന്നു. ഇത് വയറ് മാത്രമായി കൂടാനും അരവണ്ണം ശരീരത്തിന് അസന്തുലിതമായി വര്‍ധിക്കാനും ഇടയാക്കുന്നു. 

എപ്പോഴും സമ്മര്‍ദ്ദമനുഭവിക്കുന്നവരുടെ ശരീരഭാരവും വര്‍ധിക്കാനുള്ള സാധ്യതകളേറെയാണ്. ഇതിന് പുറമെ ബിപി, ഷുഗര്‍ തുടങ്ങിയ അവസ്ഥകള്‍, ഹൃദ്രോഗസാധ്യത എന്നിവയിലേക്കെല്ലാം 'സ്‌ട്രെസ്' നമ്മെ നയിച്ചേക്കാം. 

'സ്‌ട്രെസ് ബെല്ലി' കുറയ്ക്കാന്‍ 'ബാലന്‍സ്ഡ്' ആയ ഡയറ്റ് സഹായിക്കും. ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ ധാരാളമായി കഴിക്കുക. ബി- വൈറ്റമിനടങ്ങിയ ഭക്ഷണവും പതിവാക്കുക. ഇത് 'സ്‌ട്രെസ്' അകറ്റാന്‍ സഹായിക്കും. ഒരുപാട് കലോറിയടങ്ങിയിട്ടുള്ള ഭക്ഷണപാനീയങ്ങള്‍ നിയന്ത്രിക്കാം. അതുപോലെ മദ്യപാനവും പുകവലിയും ഒഴിവാക്കുക. ആവശ്യത്തിന് വ്യായാമം ചെയ്യുക. സുഖകരമായ ഉറക്കവും മാനസികോല്ലാസവും ഉറപ്പുവരുത്തുക.

Also Read:- വണ്ണം കൂടുമെന്ന പേടി വേണ്ട; ഈ ഭക്ഷണങ്ങള്‍ ധൈര്യമായി കഴിക്കാം....

click me!