'കേരളത്തിന്‍റെ കരളുറപ്പ് കടലുകൾക്ക് അക്കരെയും പങ്കുവയ്ക്കുന്ന മാലാഖമാർക്ക് ബിഗ് സല്യൂട്ട്'; മഞ്ജു വാര്യര്‍

By Web Team  |  First Published May 22, 2020, 11:40 AM IST

കൊറോണ കാലത്തെ ഏറ്റവും വലിയ 'ഹീറോകള്‍' ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്. പ്രത്യേകിച്ച് നഴ്സുമാര്‍. അവര്‍ കരുതലിന്‍റെ കാവല്‍ മാലാഖമാരാണ്. 


നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ രണ്ടാം ചരമവാർഷികമായിരുന്നു ഇന്നലെ. ഇന്ന് നമ്മള്‍ കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ്. പ്രിയപ്പെട്ടവർ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഈ സമയത്ത് സാമൂഹ്യ പ്രതിബന്ധതയോടെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ആതുരസേവനത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് കാലത്ത് നിരവധി പേര്‍ക്ക് സാന്ത്വനസ്പര്‍ശമാകുകയാണ്. കൊറോണ കാലത്തെ ഏറ്റവും വലിയ 'ഹീറോകള്‍' ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്. പ്രത്യേകിച്ച് നഴ്സുമാര്‍. അവര്‍ കരുതലിന്‍റെ കാവല്‍ മാലാഖമാരാണ്. 

ലിനിയുടെ പിൻനിരക്കായ ഇന്ത്യയിലെ നഴ്സുമാര്‍ വിദേശരാജ്യങ്ങളിൽ വരെ കൊവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ അവസരത്തിൽ യുഎഇയിലേക്ക് പോയ ആരോഗ്യപ്രവർത്തകർക്ക് സല്യൂട്ട് നൽകി നടി മഞ്ജു വാര്യരും രംഗത്തെത്തി. 'അതിരുകളും കടലുകളും ഭേദിച്ചെത്തുന്ന അവരുടെ സാന്ത്വന സ്പര്‍ശനത്തിനും ത്യാഗങ്ങൾക്കും ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്'- മഞ്ജു തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

Latest Videos

undefined

'കൊവിഡ് കാലത്ത് സിസ്റ്റർ ലിനിയുടെ ജീവിതം എല്ലാവർക്കും പ്രാചോദനമാണ്. സിസ്റ്റർ ലിനിയെപ്പോലുള്ള ആയിരക്കണക്കിന് മലയാളികളായ ആരോഗ്യപ്രവർത്തകരാണ് കേരളത്തിനകത്തും പുറത്തും മഹാമാരിക്കെതിരെ പോരാടുന്നത്. സ്വന്തം സുഖങ്ങളും വ്യക്തി ജീവിതവും ഉപേക്ഷിച്ച് അവർ നമുക്ക് കരുതലാകാൻ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്നു. കേരളത്തിന്റെ കരളുറപ്പ് അവർ കടലുകൾക്ക് അക്കരെയും പങ്കുവയ്ക്കുന്നു. അതിരുകളും കടലുകളും ഭേദിച്ചെത്തുന്ന അവരുടെ സാന്ത്വന സ്പര്‍ശനത്തിനും ത്യാഗങ്ങൾക്കും ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്'- മഞ്ജു കുറിച്ചു. 

കേരളത്തില്‍ നിന്നുള്ള 105 പേരടങ്ങിയ മെഡിക്കല്‍ സംഘമാണ് കഴിഞ്ഞ ദിവസം യുഎഇയിലെത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി യുഎഇ ആസ്ഥാനമായ വി.പി.എസ് ഹെല്‍ത്ത് കെയറാണ് ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ സംഘത്തെ എത്തിച്ചത്. ഇത്തിഹാദ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ ഇവര്‍ അബുദാബി വിമാനത്താവളത്തിലെത്തി.

യുഎഇയിലെ വിവിധ ആശുപത്രികളിലായിരിക്കും ഇവര്‍ സേവനമനുഷ്ഠിക്കുക. സംഘത്തിലുള്ള എല്ലാവരും മലയാളികളാണ്.  ഇക്കഴിഞ്ഞ തിങ്കളാഴ്ച എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച 88 പേരടങ്ങിയ മെഡിക്കല്‍ സംഘം ദുബായിലെത്തിയിരുന്നു.

Also Read: പിഞ്ചുകുഞ്ഞുങ്ങളെ പിരിഞ്ഞ വേദന ഉള്ളിലൊതുക്കി കൊവിഡിനെ ചെറുക്കാന്‍ യുഎഇയിലേക്ക്; അഭിമാനമായി  മലയാളി നഴ്‌സുമാര്‍...
 

click me!