Long Covid : കൊവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ പതിവോ? അറിയേണ്ടത്...

By Web Team  |  First Published Mar 9, 2022, 4:21 PM IST

കൊവിഡിന് ശേഷം ദീര്‍ഘനാളത്തേക്ക് ഇതുമായി ബന്ധപ്പെട്ട് പല വിഷമതകളും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ കൊവിഡിന് ശേഷം ഏറെ നാളത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപരമായ വിഷമതകളെ 'ലോംഗ് കൊവിഡ്' എന്നാണ് വിളിക്കുന്നത്


കൊവിഡ് 19 അടിസ്ഥാനപരമായി ( Covid 19 Disease ) ഒരു ശ്വാസകോശരോഗമാണെന്ന് ( Lung Disease ) നമുക്കറിയാം. എന്നാല്‍ കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി നാം കണ്ടു. അതുകൊണ്ട് തന്നെ കൊവിഡ് അനുബന്ധമായുണ്ടാകുന്ന ( Post Covid ) ആരോഗ്യപ്രശ്‌നങ്ങളെ ഇപ്പോഴും കൃത്യമായി പട്ടികപ്പെടുത്തുവാനോ, നിഗമനങ്ങളിലെത്തുവാനോ ഗവേഷകര്‍ക്ക് പോലും സാധിച്ചിട്ടില്ല. 

എങ്കിലും കൊവിഡിന് ശേഷം ദീര്‍ഘനാളത്തേക്ക് ഇതുമായി ബന്ധപ്പെട്ട് പല വിഷമതകളും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ കൊവിഡിന് ശേഷം ഏറെ നാളത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപരമായ വിഷമതകളെ 'ലോംഗ് കൊവിഡ്' എന്നാണ് വിളിക്കുന്നത്. 

Latest Videos

undefined

'ലോംഗ് കൊവിഡ്'ല്‍ കൊവിഡ് ലക്ഷണങ്ങളായി വരുന്ന പ്രശ്‌നങ്ങളടക്കം ഒരുപിടി പ്രശ്‌നങ്ങള്‍ നേരിടാം. അത്തരത്തില്‍ ഉണ്ടായേക്കാവുന്ന പ്രധാനപ്പെട്ട അഞ്ച് വിഷമതകള്‍ ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കൊവിഡ് നമ്മുടെ നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി തളര്‍ച്ച, കൈകാല്‍ വേദന എന്നിവയെല്ലാം ഉണ്ടാകാം. 

രണ്ട്...

ചിലര്‍ക്ക് കൊവിഡിന് ശേഷം വിഷാദരോഗവും പിടിപെടാം. കൊവിഡ് പ്രതിസന്ധികള്‍ തന്നെ പലരിലും വിഷാദരോഗം സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ കൊവിഡ് ബാധിക്കപ്പെട്ടവരിലാണെങ്കില്‍ മൂന്ന് മടങ്ങിലധികം സാധ്യതയാണ് വിഷാദരോഗത്തിനുള്ളതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വിഷാദം മാത്രമല്ല ഉത്കണ്ഠയും കൊവിഡിന് ശേഷം പിടിപെടാമെന്നും ചിലരില്‍ ഇത് രണ്ടും കാണാമെന്നും 'യൂറോപ്യന് ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനി'ല്‍ വന്ന പഠനത്തില്‍ പറയുന്നു. 

മൂന്ന്...

കൊവിഡ് വന്നുപോയതിന് ശേഷം നിത്യജീവിതത്തിലെ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ നിരവധിയാണ്. 'ബ്രെയിന്‍ ഫോഗ്' എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നത്. കാര്യങ്ങളില്‍ അവ്യക്തത, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, പെരുമാറ്റ പ്രശ്‌നം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം ഇത്തരത്തില്‍ ഉണ്ടാകാം. 

നാല്...

ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുമ്പോള്‍ കൈകാലുകളില്‍ മരവിപ്പോ, കുത്തുന്ന വേദനയോ ഒക്കെ നമുക്ക് അനുഭവപ്പെടാറില്ലേ? ഇതുതന്നെ കൊവിഡിന് ശേഷം 'ലോംഗ് കൊവിഡ്'ന്റെ ഭാഗമായും ഉണ്ടാകാം. ഇത് നിത്യജീവിതത്തില്‍ പല കാര്യങ്ങളെയും മോശമായി ബാധിക്കാം. 

അഞ്ച്...

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കൊവിഡ് അനുബന്ധമായി വരാം. ഇത് അല്‍പം കൂടി ഗുരുതരമായ പാര്‍ശ്വഫലമായാണ് കണക്കാക്കപ്പെടുന്നത്. കൊവിഡിന് ശേഷം ഹൃദയാരോഗ്യം പല രീതിയിലും ബാധിക്കപ്പെടാമെന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ 'വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍' വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡിന് ശേഷം ഹൃദയാഘാത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. രക്തം കട്ടം പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. ഇതും ഹൃദയാഘാതത്തിലേക്ക് തന്നെയാണ് ക്രമേണ രോഗിയെ നയിക്കുക.

Also Read:- ഒമിക്രോണിന് പുതിയ ഉപവകഭേദം; ആശങ്കയ്ക്ക് വകുപ്പുണ്ടോ?

click me!