കാലില്‍ നീര് വരുന്നതില്‍ പേടിക്കാനുണ്ട് ചിലത്; ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

By Web TeamFirst Published Dec 14, 2023, 3:05 PM IST
Highlights

കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലോ, മറ്റ് ശരീരഭാഗങ്ങളില്‍ ഇതുപോലെ ഇടയ്ക്കിടെ നീര് കാണുന്നുവെങ്കിലോ തീര്‍ച്ചയായും വൈകാതെ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്. 

കാലില്‍ അടക്കം ശരീരഭാഗങ്ങളില്‍ നീര് വരുന്നതിന് പിന്നില്‍ കൃത്യമായ കാരണങ്ങള്‍ കാണും. ഇതില്‍ നിസാരമായതും അല്ലാത്തതുമായ കാരണങ്ങളുണ്ടാകാം. സാദാരണനിലയില്‍ കാലില്‍ കാല്‍പാദങ്ങളിലോ മറ്റോ ചെറിയ രീതിയില്‍ നീര് കാണുകയും അതുടനെ പോവുകയും ചെയ്യുന്നതൊന്നും വിഷയമല്ല. എന്നാല്‍ കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലോ, മറ്റ് ശരീരഭാഗങ്ങളില്‍ ഇതുപോലെ ഇടയ്ക്കിടെ നീര് കാണുന്നുവെങ്കിലോ തീര്‍ച്ചയായും വൈകാതെ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്. 

ഇത്തരത്തില്‍ കാല്‍പാദങ്ങളില്‍ നീര് വരുന്നതിനെ കുറിച്ചും എപ്പോഴാണ് അത് ഡോക്ടറെ കാണിക്കേണ്ടത് എന്നതിനെ കുറിച്ചുമാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

നീരിന്‍റെ സമയം...

ആദ്യമേ സൂചിപ്പിച്ചത് പോലെ താല്‍ക്കാലികമായി നീര് വരുന്നത് സാധാരണമാണ്. അതിന് പിന്നില്‍ നിസാരമായ കാരണങ്ങളേ കാണൂ. ദീര്‍ഘസമയം നില്‍ക്കുക, ഇരിക്കുക (യാത്രകളിലും മറ്റും), പരിചയമില്ലാത്ത വിധം കായികാധ്വാനം ചെയ്യുക തുടങ്ങിയ കാരണങ്ങളൊക്കെ ഇങ്ങനെ വരാം. 

എന്നാല്‍ ദിവസങ്ങളോളം നീര് നീണ്ടുനില്‍ക്കുന്നുവെങ്കില്‍, അതുപോലെ നീര് കൂടിക്കൂടി വരുന്നുവെങ്കില്‍ വച്ച് വൈകിക്കാതെ തന്നെ ആശുപത്രിയിലെത്തുകയാണ് വേണ്ടത്. 

ആരോഗ്യപ്രശ്നങ്ങള്‍...

പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയു ഭാഗമായും ഇതുപോലെ കാലില്‍ നീര് വരാം. ഞരമ്പുകളിലെ ചില പ്രശ്നങ്ങള്‍, വൃക്ക രോഗം, കരള്‍ രോഗം, ഹൃദ്രോഗം എന്നിവ ഉദാഹരണങ്ങളാണ്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗം നേരത്തെ തിരിച്ചറിഞ്ഞിട്ടുള്ളവരാണെങ്കില്‍ ശരീരത്തിലെവിടെയെങ്കിലും നീര് കാണുന്നപക്ഷം പ്രത്യേകം ശ്രദ്ധിക്കണം. 

വേദന...

കാലില്‍ നീര് കാണുന്നയിടത്തോ സമീപത്തോ ആയി വേദന, ചുവന്ന നിറം എന്നീ പ്രശ്നങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്തെങ്കിലും വിധത്തിലുള്ള അണുബാധയെ തുടര്‍ന്നുണ്ടാകുന്നതാണെന്ന് മനസിലാക്കാം. ഇതിന് ചികിത്സ തേടിയേ മതിയാകൂ. 

ശരീരഭാരം...

ചിലര്‍ക്ക് പെട്ടെന്ന് ശരീരഭാരം കൂടുമ്പോഴും ഇങ്ങനെ പാദങ്ങളില്‍ നീര് വരാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിന് കാരണമാകാറുണ്ട്. ഗര്‍ഭിണികളിലെ കാലിലെ നീര് ഇതിനുദാഹരണമാണ്. ഇങ്ങനെ പെട്ടെന്ന് കാല്‍പാദങ്ങളില്‍ നീര് വച്ചുവരുന്ന അവസ്ഥ കാണുന്നപക്ഷവും വൈകാതെ ഡോക്ടറെ കാണുന്നതാണ് നല്ലത്. 

പരുക്ക്...

കാലില്‍ എന്തെങ്കിലും വിധത്തിലുള്ള പരുക്കേറ്റാലും അതിന്‍റെ ഭാഗമായും നീര് വരാം. പനി അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസുഖങ്ങള്‍ക്കൊപ്പം തന്നെ കാലില്‍ നീര് കാണുകയാണെങ്കില്‍ പക്ഷേ കുറെക്കൂടി ശ്രദ്ധ വേണം. അതും പെട്ടെന്ന് ആശുപത്രിയില്‍ കാണിക്കേണ്ടതാണ്. ചെറിയ മുറിവോ ചതവോ പറ്റിയതിന് പിന്നാലെയാണ് നീരെങ്കില്‍- അത്ര പേടിക്കാനില്ല. അതേസമയം കാല്‍ അനക്കാൻ പറ്റാത്ത വിധം വേദനയും മറ്റുമുണ്ടെങ്കിലും ജാഗ്രത വേണം.

Also Read:- നാവിലെ നിറം മാറ്റത്തിലൂടെ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും മനസിലാക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!